സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് ആരംഭിച്ച ഇന്ത്യ@75 കാമ്പെയിനിന്റെ ഭാഗമായി തയ്യാറാക്കുന്ന 'സ്വാതന്ത്ര്യസ്പര്‍ശം' പരിപാടിയില്‍ ഇന്ന് റാഷ് ബിഹാറിബോസ്.
ഇന്ത്യൻ നാഷണൽ ആർമിയുടെ എല്ലാമെല്ലാമായിരുന്ന നേതാജി സുഭാഷ് ചന്ദ്ര ബോസിനെ എല്ലാവർക്കുമറിയാം. എന്നാൽ, ഈ സേനയുടെ കടിഞ്ഞാൺ ബോസിന്റെ പക്കൽ ഏൽപ്പിച്ചത് മറ്റൊരു ബംഗാളി ബോസ് ആണ്. അതാണ് റാഷ് ബിഹാറിബോസ്.
1886 -ൽ കൽക്കത്തയിൽ ജനനം. ബ്രിട്ടീഷ് അധികാരികളുടെ ദുർഭരണം മൂലം ബംഗാളിനെ തകർത്തുകളഞ്ഞ പകർച്ചവ്യാധിയും ഭക്ഷ്യക്ഷാമവും കണ്ട ബാല്യം. അതിനാൽ കുട്ടിയായിരിക്കുമ്പോൾ മുതൽ അവന് ബ്രിട്ടനോട് അടങ്ങാത്ത വിരോധവും അവർക്കെതിരെ ആയുധമെടുത്ത ദേശീയ വിപ്ലവകാരികളോട് ആരാധനയുമായിരുന്നു. അതിസമർത്ഥനായ വിദ്യാർത്ഥി. ഫ്രാൻസിൽ നിന്ന് വൈദ്യശാസ്ത്രത്തിലും ജർമ്മനിയിൽ നിന്ന് എഞ്ചിനീയറിങ്ങിലും ബിരുദമെടുത്ത അസാധാരണ പണ്ഡിതൻ.
പക്ഷേ, വിദേശങ്ങളിലെ സുഖജീവിതമല്ല ഇന്ത്യയിലെ വിപ്ലവപ്രവർത്തനമാണ് തന്റെ വഴി എന്നായിരുന്നു ബോസിന്റെ തീരുമാനം. 1912 ഡിസംബർ 23 -ന് ദില്ലിയിലെ ചെങ്കോട്ടയ്ക്കടുത്ത് ഒരു ഘോഷയാത്രയിൽ പങ്കെടുത്ത ഗവർണർ ജനറൽ ഹാർഡിന്ജ് പ്രഭുവിന് നേരെ വിപ്ലവകാരികൾ ബോംബെറിഞ്ഞു. ബോംബ് ലക്ഷ്യം കണ്ടില്ല. പിന്നിൽ പ്രവർത്തിച്ചവരിൽ ബോസും ഉൾപ്പെട്ടിരുന്നു. 1915 -ൽ ബ്രിട്ടീഷ് സേനയിലെ ഇന്ത്യൻ സൈനികരെ സംഘടിപ്പിച്ചുള്ള ഗദ്ദർ കലാപത്തിന്റെ മുൻനിരയിലും ബോസുണ്ടായിരുന്നു. അലസിപ്പോയ കലാപത്തിൽ പങ്കെടുത്തവരെ കൂട്ടത്തോടെ പിടിച്ച് വിചാരണ ചെയ്ത് തൂക്കിക്കൊന്നു. പിടിയിലാകുന്നതിനു മുമ്പ് ലാലാ ലജ്പത് റായിയുടെ നിർദ്ദേശപ്രകാരം ബോസ് ജപ്പാനിലേക്ക് കടന്നു.
തുടർന്ന് ജപ്പാനിൽ ഇന്ത്യൻ സ്വാതന്ത്ര്യപ്രസ്ഥാനത്തിനു പിന്തുണ നേടാൻ നേതൃത്വം നൽകി. ജപ്പാന്റെ സഹായത്തോടെ ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗും ജപ്പാൻ പ്രദേശങ്ങളിൽ തോറ്റുപോയ ബ്രിട്ടീഷ് സേനയിലെ ഇന്ത്യൻ സൈനികരെ ഉൾപ്പെടുത്തി ആസാദ് ഹിന്ദ് ഫൗജ് എന്ന ഇന്ത്യൻ നാഷണൽ ആർമിയും രൂപീകരിച്ചു. തെക്കു കിഴക്കൻ ഏഷ്യയിലാകെ ഇന്ത്യൻ സ്വാതന്ത്ര്യപ്രവർത്തനം വ്യാപിപ്പിച്ചു. യൂറോപ്പിന്റെ അഹങ്കാരത്തിനെതിരെ ഏഷ്യൻ ജനതയെ അണിനിരത്തുകയായിരുന്നു ലക്ഷ്യം.
പിന്നീട്, ഹിന്ദു മഹാസഭ ജപ്പാൻ ശാഖയുടെ സ്ഥാപകൻ ആയി. ജപ്പാൻകാരിയെ വിവാഹം ചെയ്ത് ജപ്പാൻ പൗരനായി ബോസ്. 1943 -ൽ ബോസിന്റെ ക്ഷണപ്രകാരം ജപ്പാനിലെത്തിയ സുഭാഷ് ബോസിനെ ഇന്ത്യൻ നാഷണൽ ആർമിയുടെ നേതൃത്വം ഏല്പിച്ചുകൊടുത്തു. ജപ്പാന്റെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് റൈസിംഗ് സൺ ലഭിച്ച ബോസ് 1945 -ൽ ടോക്യോയിൽ അന്തരിച്ചു.
