തന്റെ അയൽവാസി അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ പച്ചമാംസം ഉണക്കാൻ തൂക്കിയിടുന്നതിനെ തുടർന്നുണ്ടാകുന്ന ദുർഗന്ധത്തെയും മറ്റ് ബുദ്ധിമുട്ടുകളെയും കുറിച്ച് റെഡ്ഡിറ്റിലാണ് പരാതി ഉയർന്നത്. 

യൽവാസികൾ തമ്മില്‍ പല തര്‍ക്കങ്ങളും പതിവാണ്. എന്നാല്‍ ഇതുപോലൊരു തര്‍ക്കം അടുത്തെങ്ങും കണ്ടിട്ടില്ലെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കളും പറയുന്നത്. അയൽക്കാരന്‍റെ വിചിത്രമായി ശീലത്തെ കുറിച്ചുള്ള പരാതി ഉയർന്നത് റെഡ്ഡിറ്റിലാണ്. തന്‍റെ അയൽക്കാരന്‍ ബാല്‍ക്കെണിയില്‍ പച്ചമാംസം തൂക്കിയിടുന്നത് മൂലം വല്ലാത്ത ദുരിതമാണ് അനുഭവിക്കുന്നതെന്ന് കുറിപ്പില്‍ പരാതിപ്പെടുന്നു.

ബാല്‍ക്കണിയിലെ പച്ചമാംസം

താന്‍ താമസിക്കുന്ന അപ്പാർട്ട്മെന്‍റ് സമുച്ചയത്തില്‍ തന്‍റെ അയൽക്കാരന്‍ ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാനിടുന്ന സ്റ്റാൻഡിൽ പച്ചമാംസം വെയിലത്ത് ഉണക്കാനായി തൂക്കിയിട്ടു. ആദ്യം അദ്ദേഹം ആദ്യമായി ചെയ്യുന്നതാണെന്നോ അതല്ലെങ്കില്‍ എന്തെങ്കിലും ആചാരത്തിന് ഉപയോഗിക്കാനോ മറ്റോ ആണെന്നാണ് കരുതിയത്. എന്നാല്‍, ഇതൊരു പതിവായി മാറിയെന്നും ഒപ്പം പ്രദേശമാകെ പച്ച മാംസത്തിന്‍റെയും രക്തത്തിന്‍റെ മണം പതിവായെന്നു. ഇത് വല്ലാത്തൊരു അവസ്ഥയാണെന്നും അദ്ദേഹം എഴുതുന്നു.

അപ്പാര്‍ട്ട്മെന്‍റിന്‍റെ തൊട്ട് താഴെയുള്ളവര്‍ അസ്വാഭാവികമായ മണത്തെ കുറിച്ചും ദുർഗന്ധം വമിക്കുന്ന വെള്ളം ഒഴുകുന്നതിനെ കുറിച്ചും പരാതിപ്പെട്ടു. പക്ഷേ. എന്താണ് സംഭവിക്കുന്നതെന്ന് അവര്‍ക്ക് മനസിലായില്ലെന്നും അദ്ദേഹം എഴുതി. ഒടുവില്‍ സംഭവം അറിഞ്ഞതോടെ എല്ലാവരും കെട്ടിട മാനേജ്‌മെന്‍റിനെ സമീപിച്ച് ഔപചാരികമായി പരാതി നൽകി. താഴത്തെ നിലയിലെ അയൽക്കാരൻ 'വൃത്തികെട്ട വെള്ളം' എന്ന് കരുതിയത് യഥാർത്ഥത്തിൽ തൂങ്ങിക്കിടക്കുന്ന പച്ച മാംസത്തിൽ നിന്ന് ഇറ്റിറ്റു വീഴുന്ന ദ്രാവകമാണെന്ന് സ്ഥിരീകരിച്ചതോടെ സ്ഥിതി കൂടുതൽ ആകെ പ്രശ്നമായെന്നും അദ്ദേഹം എഴുതി.

പ്രതികരണം

കുറിപ്പിനോടൊപ്പം പച്ച മാംസം ഉണക്കാനിട്ടിരുന്ന ചിത്രവും അദ്ദേഹം പങ്കുവച്ചു. ഇതോടെ സമൂഹ മാധ്യമ ഉപയോക്താക്കളും രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തി. ആ മാംസത്തിൽ ഈച്ചകൾ മുട്ടയിടാതിരിക്കാൻ ഒരു വഴിയുമില്ലെന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്. ഇത് വൃത്തിഹീനം മാത്രമല്ല. ആരോഗ്യത്തിനും അപകടമാണെന്ന് മറ്റൊരു കാഴ്ചക്കാരനെഴുതി. അദ്ദേഹം മാംസം ഉണക്കി സൂക്ഷിക്കാന്‍ ശ്രമിച്ചതാകാമെന്നും എന്നാല്‍ അതൊരു റെസിഡന്‍ഷ്യന്‍ ഏരിയയിലെ അപ്പാര്‍ട്ട്മെന്‍റില്‍ ചെയ്തത് മോശമായെന്നും നിരവധി പേരാണ് കുറിച്ചത്. ഇത് പല രോഗങ്ങൾക്കും ബാക്ടരീയ പടർത്താനും ഇടയാക്കുമെന്ന് മറ്റ് ചിലര്‍ മുന്നറിയിപ്പ് നല്‍കി. നിരവധി പരാതികൾ ഉയർന്നതോടെ അയൽവാസി മാംസം ഉണക്കൽ പരിപാടി അവസാനിപ്പിച്ചെന്നും കുറിപ്പെഴുതിയ ആൾ കൂട്ടിച്ചേര്‍ത്തു.