തിരുവനന്തപുരം: സ്ത്രീവിരുദ്ധത സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ഒന്നാണ്. അത് ഏതൊക്കെ രീതിയില്‍ പ്രകടിപ്പിക്കപ്പെടും എന്നറിയില്ല. ഒരു കുട്ടിയോട് നന്നേ ചെറുപ്പത്തില്‍ തന്നെ സ്വാഭാവികമായി പറഞ്ഞു പഠിപ്പിക്കുന്ന പല സ്ത്രീ വിരുദ്ധതകളുമുണ്ട്. അവിടം മുതലിങ്ങോട്ട് സ്ത്രീകള്‍ ചെയ്യേണ്ടത് വീട്ടിലെ പണികളും കുഞ്ഞിനെ പരിചരിക്കലുമൊക്കെയാണെന്നും അധികാര സ്ഥാനത്തിരിക്കാനും മറ്റ് കാര്യങ്ങള്‍ നോക്കാനുമെല്ലാം ആണുങ്ങളുണ്ടാവുമെന്നുമൊക്കെയുള്ള ബോധം പലപ്പോഴും കുഞ്ഞില്‍ അടിച്ചേല്‍പ്പിക്കപ്പെടുകയാണ്. 

എന്നാല്‍, ഉത്തരവാദിത്തപ്പെട്ടവരാണ് ഇത്തരം കാര്യങ്ങള്‍ കാണിക്കുന്നതെങ്കിലോ? ഐ സി ഡി എസ് അങ്കണവാടി അധ്യാപകർക്കായി പുറത്തിറക്കിയ 'അങ്കണ തൈമാവ്' എന്ന കൈ പുസ്തകത്തിലെ 'കുട്ടിയും കുടുംബവും' എന്ന അധ്യായത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഒരു കവിതയിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാണിക്കുകയാണ് അധ്യാപിക കൂടിയായ റസീന റാസ്.

കഥ പറയാനെന്നമ്മൂമ്മ
ഉമ്മതരാനെന്‍ പൊന്നമ്മ
കവിതകള്‍ ചൊല്ലിത്തന്നീടാന്‍
കരിവളയിട്ടൊരു ചേട്ടത്തി
കാര്യം നോക്കാനെന്നച്ഛന്‍
മേല്‍നോട്ടത്തിന് മുത്തച്ഛന്‍
കറുത്ത കണ്ണടയിട്ടു നടക്കും
ഗമയില്‍ എന്നുടെ വല്ല്യേട്ടന്‍
കടയില്‍ പോകാന്‍ കൊച്ചേട്ടന്‍
മുറ്റമടിക്കാന്‍ കൊച്ചേച്ചി
ഞാനെന്‍ വീട്ടില്‍ അഞ്ചാമന്‍
എന്‍റെ കുടുംബമിതാണല്ലോ
കുടുംബമൊന്നായി ചേരുമ്പോള്‍
സന്തോഷത്തിന്‍ പൊടിപൂരം.

- ഇതാണ് കവിത. 

'ഈരടികളും, ചിത്രങ്ങളും കഥകളും, കവിതകളും, പഴഞ്ചൊല്ലും, ഒക്കെക്കൂടി ഉണ്ടാക്കി എടുത്ത ആൺ ബോധങ്ങൾ, കുടുംബങ്ങളിലും സാമൂഹത്തിലാകയും സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരമായി ശരിയായ ലിംഗബോധം പാഠപുസ്തകങ്ങളിലൂടെ ഉറപ്പുവരുത്തേണ്ടയിടത്താണ് ഈ ആഭാസം അച്ചടിച്ചിരിക്കുന്നത്' എന്നും റസീന റാസ് എഴുതുന്നു.

ഫേസ്ബുക്ക് കുറിപ്പ്:
ഐ സി ഡി എസ് അങ്കണവാടി അധ്യാപകർക്കായി പുറത്തിറക്കിയ 'അങ്കണ തൈമാവ്' എന്ന കൈ പുസ്തകത്തിലെ "കുട്ടിയും കുടുംബവും"എന്ന അധ്യായത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഒരു കവിതയാണ് ചിത്രത്തിൽ.

കുഞ്ഞുങ്ങൾക്ക് വേണ്ടി തയ്യാറാക്കിയ ഒരു പുസ്തകത്തിൽ ഇങ്ങനെയൊരു കവിത കടന്നു കൂടുന്നത് കേവലം അബദ്ധമായി കാണാനാവില്ല. മുറ്റമടിക്കാൻ കൊച്ചേച്ചിയും കടയിൽ പോവാൻ കുഞ്ഞേട്ടനും എന്ന സ്ത്രീ വിരുദ്ധത താളത്തിൽ പഠിപ്പിക്കുന്നത് ഇവിടെയുള്ള സ്ത്രീകളുടെകൂടി വരുമാന വിഹിതം ഉൾപ്പെടുന്ന പൊതു ഖജനാവിലെ പണം ഉപയോഗിച്ച് കൊണ്ടാണ്. കവിതയും, കരിവളയും, മുറ്റമടിയും, ഓമനിക്കലും കുടുംബത്തിലെ സ്ത്രീകൾക്കും; മേൽനോട്ടവും, കാരണവർ സ്ഥാനവും ആണുങ്ങൾക്കും ഓഹരിവെച്ചുകൊണ്ട് അങ്ങേയറ്റം സ്ത്രീവിരുദ്ധമായി വീടിനകത്തെ ലിംഗപദവികൾ ആവർത്തിച്ചുറപ്പിക്കുന്ന ഇത്തരം അശ്ലീലങ്ങൾ ചെറിയ പ്രായത്തിലേ കുട്ടികൾക്ക് പകർന്നു കൊടുക്കുകയാണോ ഐ സി ഡി എസ്സിന്‍റെ പ്രവർത്തന ലക്ഷ്യം?

ഈരടികളും, ചിത്രങ്ങളും കഥകളും, കവിതകളും, പഴഞ്ചൊല്ലും, ഒക്കെക്കൂടി ഉണ്ടാക്കി എടുത്ത ആൺ ബോധങ്ങൾ, കുടുംബങ്ങളിലും സാമൂഹത്തിലാകയും സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരമായി ശരിയായ ലിംഗബോധം പാഠപുസ്തകങ്ങളിലൂടെ ഉറപ്പുവരുത്തെണ്ടയിടത്താണ് ഈ ആഭാസം അച്ചടിച്ചിരിക്കുന്നത്. കുടുംബ വ്യവസ്ഥിയിൽ നിലനിൽക്കുന്ന ലിംഗ പദവികളെ പരിഷ്ക്കരിക്കുവാൻ ഇത്തരം സർക്കാർ പദ്ധതികൾക്ക് ബാധ്യതയുണ്ട്. അത്തരമൊരു ബാധ്യത നിർവഹിക്കുവാൻ ബോധവും വെളിവും ഉള്ളവരാരെങ്കിലും ഇന്ന് ഭരണ രംഗത്തുണ്ട് എങ്കിൽ ഈ പുസ്തകത്തിൽ നിന്നും കവിത പിൻവലിക്കപ്പെടും, തീർച്ച !!