അതുകൊണ്ട് തന്നെ ഇവിടെ വരുന്നവരിൽ കൂടുതലും നിധി തേടി എത്തുന്നവരാണ്. എന്നാൽ, പര്യവേക്ഷകർ ദ്വീപിൽ 500 -ലധികം പര്യവേഷണങ്ങൾ നടത്തിയെങ്കിലും ഇത് വരെ നിധി കണ്ടെത്താൻ സാധിച്ചിട്ടില്ല.
ജുറാസിക് പാർക്ക് സിനിമ മിക്കവരും കണ്ടു കാണും. തീർത്തും ഭീതിജനകമാണ് ഒരു ദ്വീപാണ് സിനിമയിൽ കാണിക്കുന്നത്. എന്നാൽ, അത് വെറും സങ്കല്പമാണ് എന്നാണ് പലരുടെയും വിശ്വാസം. എന്നാൽ യഥാർത്ഥ ജീവിതത്തിൽ അത്തരത്തിൽ ഭയം ജനിപ്പിക്കുന്ന ഒരു ദ്വീപുണ്ട്. ജുറാസിക് പാർക്ക് എന്ന മൈക്കൽ ക്രിക്റ്റന്റെ നോവലിന് പ്രചോദനം നൽകിയ ആ ദ്വീപിന്റെ പേര് കൊക്കോസ് ദ്വീപ്. എന്നാൽ അപകടകരമായ ജീവികളുടെ ആവാസ കേന്ദ്രമെന്ന നിലയിലും, നിധി ഒളിപ്പിച്ച ഒരിടമെന്ന നിലയിലും അങ്ങോട്ട് അത്ര എളുപ്പം വിനോദസഞ്ചാരികൾക്ക് പ്രവേശിക്കാൻ സാധിക്കില്ല.
പുസ്തകത്തിലും, സിനിമയിലും ഒക്കെ കാണുന്ന പോലെ ഈ ദ്വീപിൽ ദിനോസറുകളൊന്നും തന്നെയില്ല, മറിച്ച് ഇവിടം വാഴുന്നത് അപകടകാരികളായ കൊലയാളി സ്രാവുകളാണ്. അവയെ കൂടാതെ, നാന്നൂറോളം ഇനം പ്രാണികളും ദ്വീപിന് ചുറ്റുമുള്ള ഉഷ്ണമേഖലാ മഴക്കാടുകളിൽ വസിക്കുന്നു. അതുകൊണ്ട് തന്നെ ധൈര്യശാലികളായ സഞ്ചാരികൾ പോലും അവിടെ ചെല്ലാൻ ഒന്ന് മടിക്കുന്നു. കോസ്റ്റാറിക്കയുടെ തീരത്ത് നിന്ന് 340 മൈൽ അകലെയായിട്ടാണ് ദ്വീപ് സ്ഥിതി ചെയ്യുന്നത്.
കർശനമായ സുരക്ഷാ വ്യവസ്ഥകൾ കൊക്കോസ് ദ്വീപിലുണ്ട്. അതുകൊണ്ട് തന്നെ വളരെ കുറച്ച് ആളുകൾക്ക് മാത്രമേ അവിടം സന്ദർശിക്കാൻ അനുമതിയുള്ളൂ. മാത്രമല്ല 200 വർഷങ്ങൾക്ക് മുൻപ് ദ്വീപിൽ എവിടെയോ ഒരു ബില്യൺ ഡോളറിന്റെ നിധിശേഖരം കുഴിച്ചിട്ടതായും റിപ്പോർട്ടുകൾ പറയുന്നു. ലിമയുടെ നിധിയെന്നാണ് അത് അറിയപ്പെടുന്നത്. 1820 -ലാണ് നിധിയുടെ ചരിത്രം ആരംഭിക്കുന്നത്. അമേരിക്കയെ കോളനിവൽക്കരിക്കുന്ന സ്പാനിഷ് സാമ്രാജ്യത്തിനെതിരെ പെറു യുദ്ധം ആരംഭിച്ചതോടെയാണ് അത്. ലിമയെ ആക്രമിക്കാൻ അർജന്റീനിയൻ ജനറൽ ജോസ് ഡി സാൻ മാർട്ടിൻ പദ്ധതിയിട്ടിരുന്നു. സ്‌പാനിഷ് വൈസ്രോയ് യുദ്ധമേഖലയിൽ നിന്ന് എല്ലാ സമ്പത്തും ഉടനെ നീക്കം ചെയ്യാൻ തീരുമാനിച്ചു. അങ്ങനെ സമ്പത്ത് സംരക്ഷിക്കാൻ സ്പെയിൻകാർ ബ്രിട്ടീഷ് ക്യാപ്റ്റൻ വില്യം തോംസണെ നിയോഗിച്ചു.
അയാളുടെ മേൽനോട്ടത്തിൽ നിധി സുരക്ഷിതമായി മാറ്റാനുള്ള പദ്ധതി ആരംഭിച്ചു. സ്വർണ്ണ നാണയങ്ങൾ, വെള്ളി, വജ്രങ്ങൾ, സ്വർണ്ണത്തിന്റെ വലിപ്പമുള്ള കന്യാമറിയത്തിന്റെ പ്രതിമ എന്നിവ ഉൾക്കൊണ്ടതാണ് ശേഖരം. ക്യാപ്റ്റൻ തോംസണും അയാളുടെ കൂട്ടാളികളും അത്യാഗ്രഹികളായി. കപ്പലിലുണ്ടായിരുന്ന എല്ലാ സ്പാനിഷ് പട്ടാളക്കാരെയും പുരോഹിതന്മാരെയും കൊന്ന് അയാളും സംഘവും കൊക്കോസ് ദ്വീപിലേക്ക് പോയി. അവിടെ ഒരു രഹസ്യ സ്ഥാനത്ത് കുഴിച്ചിട്ടു.
എന്നാൽ ക്യാപ്റ്റൻ തോംസണും സംഘവും ഒടുവിൽ പിടിക്കപ്പെട്ടു. കുറ്റകൃത്യങ്ങൾക്കായി അവരെ വിചാരണ ചെയ്തു. നിധി കുഴിച്ചിട്ട സ്ഥലം കാണിച്ച് കൊടുക്കാൻ അവരെ കോകോസിലേക്ക് കൊണ്ട് പോയി. എന്നാൽ അവർ ദ്വീപിൽ നിന്ന് രക്ഷപ്പെട്ടു. നിധി കണ്ടെത്താനുമായില്ല. എന്നാൽ വേറെയും വിലപിടിപ്പുള്ള ശേഖരങ്ങൾ ദ്വീപിലുണ്ടെന്ന് അഭ്യൂഹമുണ്ട്. 19-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജർമ്മൻ, ഇംഗ്ലീഷ് കടൽക്കൊള്ളക്കാർ ദശലക്ഷക്കണക്കിന് ഡോളർ വിലമതിക്കുന്ന സ്വർണ്ണം, വെള്ളി, രത്നങ്ങൾ എന്നിവയും അവിടെ ഒളിപ്പിച്ചതായി പറയപ്പെടുന്നു.
അതുകൊണ്ട് തന്നെ ഇവിടെ വരുന്നവരിൽ കൂടുതലും നിധി തേടി എത്തുന്നവരാണ്. എന്നാൽ, പര്യവേക്ഷകർ ദ്വീപിൽ 500 -ലധികം പര്യവേഷണങ്ങൾ നടത്തിയെങ്കിലും ഇത് വരെ നിധി കണ്ടെത്താൻ സാധിച്ചിട്ടില്ല. കോസ്റ്റാറിക്കൻ ഗവൺമെന്റ് ഒടുവിൽ ദ്വീപിലേക്കുള്ള പ്രവേശനം നിരോധിച്ചു. ഇപ്പോൾ ഇത് യുനെസ്കോയുടെ ലോക പൈതൃക സൈറ്റായി കണക്കാക്കപ്പെടുന്നു. വന്യജീവികളെ നിരീക്ഷിക്കുന്നതിനും പഠിക്കുന്നതിനുമായി അവിടെ ജോലി ചെയ്യുന്ന റേഞ്ചർമാർ മാത്രമാണ് ഇപ്പോൾ കൊക്കോസിൽ പ്രവേശിക്കുന്നത്. അവരുടെ സന്ദർശനങ്ങൾ പോലും കർശനമായി നിയന്ത്രിക്കപ്പെടുന്നു. അവരെ കൂടാതെ മുങ്ങൽ വിദഗ്ധരാണ് പിന്നെ അവിടം സന്ദർശിക്കുന്നത്.
