ഇപ്പോൾ ആളുകൾ ശരിക്കും കുഞ്ഞുങ്ങളെ പോലെ തന്നെ ഈ പാവയെ മാളിലും മറ്റ് പൊതുസ്ഥലങ്ങളിലും കൊണ്ടുപോവുകയും മറ്റും ചെയ്യുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ ട്രെൻഡായി മാറിക്കൊണ്ടിരിക്കുകയാണത്രെ.

ശരിക്കും മനുഷ്യക്കുഞ്ഞുങ്ങളെ പോലെ തോന്നിക്കുന്ന പാവകളുമായി പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ആളുകൾ വർധിക്കുന്നു. വിഷയത്തിൽ ബ്രസീലിൽ വലിയ ചർച്ച. ശരിക്കും കുഞ്ഞുങ്ങളെ പോലെ തന്നെ തോന്നിക്കുന്ന ഇത്തരം പാവകൾ ഇപ്പോൾ ഇവിടെ പലയിടങ്ങളിലും കാണാം എന്നാണ് പറയുന്നത്. 

കൈകൾ കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഈ പാവകൾ നേരത്തെ മക്കളില്ലാതെയോ, മക്കൾ മരിച്ചോ ഒക്കെ ദുഃഖം അനുഭവിക്കുന്ന ആളുകൾ തങ്ങളുടെ വേദനകളെ മറികടക്കുന്നതിനായി ഉപയോ​ഗിച്ചിരുന്നു. അതുപോലെ തന്നെ ആദ്യമായി അമ്മയും അച്ഛനുമാകാൻ പോകുന്നവർ കുഞ്ഞുങ്ങളെ എടുക്കാനും കൈകാര്യം ചെയ്യാനും പരിശീലിക്കുന്നതിന് വേണ്ടിയും ഈ പാവകളെ ഉപയോ​ഗിച്ചിരുന്നു. 

എന്നാൽ, ഇപ്പോൾ ആളുകൾ ശരിക്കും കുഞ്ഞുങ്ങളെ പോലെ തന്നെ ഈ പാവയെ മാളിലും മറ്റ് പൊതുസ്ഥലങ്ങളിലും കൊണ്ടുപോവുകയും മറ്റും ചെയ്യുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ ട്രെൻഡായി മാറിക്കൊണ്ടിരിക്കുകയാണത്രെ. ഇത് ഇവിടെ ആശങ്കയ്ക്ക് കാരണമാകുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 

നിയമനിർമ്മാണ സഭയിൽ വരെ ഈ പാവകൾ ചർച്ചയായി. റിയോ ഡി ജനീറോയിൽ, ഇത്തരം പാവകളെ സൃഷ്ടിക്കുന്ന കലാകാരന്മാരെ ആദരിക്കുന്നതിനായി സിറ്റി കൗൺസിൽ ഒരു ബിൽ പാസാക്കിയിട്ടുണ്ട്. മേയർ എഡ്വേർഡോ പേസിന്റെ അംഗീകാരമാണ് ഇതിന് ഇനി വേണ്ടത്. 

അതേസമയം, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ, പാവകൾക്ക് ചികിത്സ തേടുന്ന ആളുകളിൽ നിന്നും പിഴ ചുമത്താനാണ് ‌പലരും ആവശ്യപ്പെടുന്നത്. പാവകൾക്ക് ചികിത്സയോ എന്ന് ചിന്തിക്കാൻ വരട്ടെ, ഇവിടെ ഒരു സ്ത്രീ ഇത്തരത്തിലുള്ളൊരു പാവയുമായി ആശുപത്രിയിലേക്ക് എത്തുന്നതിന്റെ വീഡിയോ വൈറലായി മാറിയിരുന്നു. 

രാഷ്ട്രീയക്കാർ പാവകളുമായി നിയമസഭകളിൽ പോലും എത്തിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ആമസോണാസിൽ, നിയമസഭാംഗമായ ജോവോ ലൂയിസ് ഈ ആഴ്ച സ്റ്റേറ്റ് ഹൗസിൽ ഇത്തരത്തിലുള്ളൊരു പാവയുമായിട്ടാണ് പ്രത്യക്ഷപ്പെട്ടത്. പാവകൾക്ക് ചികിത്സ തേടുന്നത് നിരോധിക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു ഇത്. എന്നാൽ അതേസമയം, അത്തരം സംഭവങ്ങളൊന്നും ആരോഗ്യരം​ഗത്തുള്ളവർ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം