നോർത്ത് മിയാമി ബീച്ച് പൊലീസ് ഡിപ്പാർട്ട്‌മെൻ്റ് പറയുന്നതനുസരിച്ച് ബെർത്തയും ഭർത്താവും വിവാഹിതരായിട്ട് 52 വർഷം കഴിഞ്ഞിരുന്നു. അതിന് മുമ്പ് 1960 -കളിൽ ഇയാൾ മറ്റൊരു സ്ത്രീയെ പ്രണയിച്ചിരുന്നു. ആ സ്ത്രീയാണ് ഇയാൾക്ക് പോസ്റ്റ്‍കാർഡ് അയച്ചത്.
60 വർഷം മുമ്പത്തെ കാമുകി പോസ്റ്റ് കാർഡയച്ചതിന് ഭർത്താവിനെ കൊല്ലാൻ ശ്രമിച്ച് 71 -കാരിയായ ഭാര്യ. സംഭവം അങ്ങ് യുഎസ്സിലാണ്. ഫ്‌ളോറിഡയിൽ നിന്നുള്ള ബെർത്ത യാൽറ്റർ എന്ന സ്ത്രീ ഭർത്താവിനെ കൊല്ലാൻ ശ്രമിച്ചതിന് പിന്നാലെ അറസ്റ്റിലുമായി.
മൃതപ്രായനായിക്കിടന്ന ഭർത്താവ് തന്നെയാണ് പൊലീസിനെ വിളിച്ചത്. ഭാര്യ തന്നെ കൊല്ലുന്നേ എന്നും പറഞ്ഞാണ് ഇയാൾ പൊലീസിനെ വിളിച്ചത്. പൊലീസെത്തുമ്പോൾ കണ്ട കാഴ്ച അതീവ ദയനീയമായിരുന്നു. രക്തം ഒഴുക്കിക്കൊണ്ട് കിടക്കുകയായിരുന്നു ബെർത്തയുടെ ഭർത്താവ്. അയാളെ ബെർത്ത പലവട്ടം കടിച്ചിരുന്നു. അതിൽ നിന്നുപോലും രക്തം ഒഴുകുകയായിരുന്നു. ഗുരുതരമായിരുന്നു അയാളുടെ അവസ്ഥ എന്ന് പൊലീസ് പറയുന്നു.
നോർത്ത് മിയാമി ബീച്ച് പൊലീസ് ഡിപ്പാർട്ട്‌മെൻ്റ് പറയുന്നതനുസരിച്ച് ബെർത്തയും ഭർത്താവും വിവാഹിതരായിട്ട് 52 വർഷം കഴിഞ്ഞിരുന്നു. അതിന് മുമ്പ് 1960 -കളിൽ ഇയാൾ മറ്റൊരു സ്ത്രീയെ പ്രണയിച്ചിരുന്നു. ആ സ്ത്രീയാണ് ഇയാൾക്ക് പോസ്റ്റ്‍കാർഡ് അയച്ചത്. ഭർത്താവിന് പഴയ കാമുകി പോസ്റ്റ്കാർഡ് അയച്ചത് ബെർത്തയെ അരിശം കൊള്ളിച്ചു. ബെർത്ത ഭർത്താവിനെ തലയണ വച്ച് ശ്വാസം മുട്ടിക്കാൻ ശ്രമിച്ചു. പിന്നാലെയാണ് മറ്റ് അക്രമങ്ങളും അരങ്ങേറിയത്.
ബെർത്തയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. കൊലപാതകശ്രമം അടക്കം കുറ്റങ്ങൾ ഇവർക്ക് നേരെ ചാർത്തിയിട്ടുണ്ട്. എന്നാൽ, ബെർത്തയുടെ അഭിഭാഷകൻ ഇതിനെയെല്ലാം എതിർത്തു. അവർ 52 വർഷമായി ഭാര്യാ ഭർത്താക്കന്മാരായി ഒരുമിച്ച് ജീവിക്കുകയാണെന്നും, ഇത് പെട്ടെന്നുണ്ടായ പ്രകോപനത്തിൽ അറിയാതെ ചെയ്തുപോയതാണ് എന്നുമായിരുന്നു പ്രതിഭാഗം വക്കീലിന്റെ വാദം.
എന്നാൽ, ബെർത്തയുടെ ഭർത്താവിനേറ്റ പരിക്കുകൾ ഗുരുതരമായതിനാൽ അവർക്ക് അതിന് തക്കതായ ശിക്ഷ കിട്ടുമെന്നാണ് കരുതുന്നത്. എന്തായാലും ഭർത്താവിനെ ഇനി കാണുന്നതിൽ നിന്നും ബെർത്തയെ വിലക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
