ഒരാഴ്ച മുമ്പ് താൻ വർക്കൗട്ട് ചെയ്തുകൊണ്ടിരുന്നപ്പോൾ ശരീരം പെട്ടെന്ന് തളർന്നു പോവുകയും നിശ്ചലമായി പോവുകയും ചെയ്തു എന്നാണ് അദ്ദേഹം പറയുന്നത്. കൂടാതെ തനിക്ക് നിർജ്ജലീകരണം അനുഭവപ്പെട്ടതായും അദ്ദേഹം പറയുന്നു.

ചാറ്റ്‌ജിപിടി അപൂർവ വൃക്കരോഗം കണ്ടെത്തി ജീവൻ രക്ഷിച്ചതായി യുവാവിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. വർക്ക് ഔട്ടിനു ശേഷം തനിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോൾ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ചാറ്റ്‌ബോട്ട് ചാറ്റ്‌ ജിപിടി അതിന്റെ കാരണം കണ്ടെത്തിയെന്നും ഡോക്ടർമാർ രോഗം തിരിച്ചറിയുന്നതിന് മുമ്പ് തന്നെ ചാറ്റ്ബോട്ടിന് തൻ്റെ അസുഖം കണ്ടെത്താനായെന്നുമാണ് സോഷ്യൽ മീഡിയ പോസ്റ്റ്. റെഡിറ്റിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ തൻ്റെ വൃക്കകളെ ഗുരുതരമായ ആഘാതത്തിൽ നിന്ന് ചാറ്റ് ജിപിടി രക്ഷിച്ചെന്നും ഇയാൾ അവകാശപ്പെട്ടു.

ഒരാഴ്ച മുമ്പ് താൻ വർക്കൗട്ട് ചെയ്തുകൊണ്ടിരുന്നപ്പോൾ ശരീരം പെട്ടെന്ന് തളർന്നു പോവുകയും നിശ്ചലമായി പോവുകയും ചെയ്തു എന്നാണ് അദ്ദേഹം പറയുന്നത്. കൂടാതെ തനിക്ക് നിർജ്ജലീകരണം അനുഭവപ്പെട്ടതായും അദ്ദേഹം പറയുന്നു. തുടർന്ന് രണ്ടുദിവസം കൂടി തനിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. അതോടെ തന്റെ രോഗത്തെക്കുറിച്ച് കൂടുതൽ അറിയാൻ ചാറ്റ് ജിപിടിയുടെ സഹായം തേടുകയായിരുന്നു എന്നുമാണ് ഇദ്ദേഹം പറയുന്നത്.

രോഗലക്ഷണങ്ങൾ മനസ്സിലാക്കി ചാറ്റ് ജിപിടി തന്റെ രോഗം കണ്ടെത്തിയെന്നും റാബ്ഡോമിയോലിസിസ് എന്ന രോഗാവസ്ഥയാണ് തനിക്കെന്ന് മനസ്സിലാക്കിത്തന്നു എന്നുമാണ് അദ്ദേഹം പറയുന്നത്. കൂടാതെ ഉടൻതന്നെ വൈദ്യസഹായം തേടാൻ നിർദ്ദേശം നൽകിയതായും അതുപ്രകാരം ആശുപത്രിയിലെത്തി പരിശോധനകൾ നടത്തിയപ്പോൾ രോഗം അതുതന്നെയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു എന്നുമാണ് പോസ്റ്റിൽ വ്യക്തമാക്കുന്നത്.

പരിക്ക് അല്ലെങ്കിൽ അമിതമായ വ്യായാമം എന്നിവയുടെ ഫലമായി പേശികൾ തകരുന്ന അപൂർവ രോഗാവസ്ഥയാണ് റാബ്ഡോമിയോളിസിസ്. ആശുപത്രിയിൽ ചികിത്സ തേടി ഒരാഴ്ച കാലത്തോളം അവിടെ കഴിഞ്ഞു എന്നുമാണ് ഇദ്ദേഹം പറയുന്നത്. 

പോസ്റ്റ് വളരെ വേഗത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായി. എന്നാൽ, ഓർക്കുക യാതൊരു കാരണവശാലും ഇൻ്റർനെറ്റിനെ ആശ്രയിച്ച് സ്വയം രോഗനിർണയം നടത്തി ചികിത്സ നടത്തരുത്. ഇത്തരം പ്രവൃത്തികൾ ജീവൻ നഷ്ടമാകുന്നതിന് വരെ കാരണമായേക്കാം എന്നാണ് വിദ​ഗ്ദ്ധർ മുന്നറിയിപ്പു നൽകുന്നത്. അതിനാൽ, ഇങ്ങനെ എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ആശുപത്രിയിൽ പോവുക.