ടീമിലെ മറ്റുള്ളവരെക്കാൾ സാലറി ഹൈക്ക് കുറവ്. സഹപ്രവര്‍ത്തകന്‍ ജോലി ചെയ്യുന്നത് കുറച്ചുവെന്നും തങ്ങള്‍ക്ക് ജോലിയില്‍ അമിതഭാരമെന്നും യുവാവിന്‍റെ കുറിപ്പ്. പ്രതികരിച്ച് നെറ്റിസണ്‍സ്.
മറ്റുള്ളവരേക്കാൾ കുറവ് സാലറി ഹൈക്കാണ് കിട്ടുന്നതെങ്കിൽ തീർച്ചയായും നമുക്ക് നിരാശയും അമർഷവുമുണ്ടാകും. അത് അന്യായമാണെങ്കിൽ നമ്മുടെ ജോലിയിലും പിന്നീടത് പ്രതിഫലിക്കാനുള്ള എല്ലാ സാധ്യതയും ഉണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ റെഡ്ഡിറ്റിൽ ശ്രദ്ധിക്കപ്പെടുന്നത്. തനിക്ക് ലഭിച്ച ശമ്പളവർദ്ധനവ് ടീമിലെ മറ്റുള്ളവരെ അപേക്ഷിച്ച് കുറഞ്ഞുപോയതിനെത്തുടർന്ന് ഒരു സഹപ്രവർത്തകൻ ജോലി ചെയ്യുന്നത് പകുതിയിലധികം കുറച്ചതായും, ഇത് മറ്റുള്ളവരുടെ ജോലിഭാരം കൂട്ടിയതായും കാണിച്ചാണ് ഒരു യുവാവിന്റെ പോസ്റ്റ്.
ടീമിലെ ഭൂരിഭാഗം പേർക്കും 13 ശതമാനത്തോളം ഹൈക്ക് ലഭിച്ചു. എന്നാൽ, ഈ സഹപ്രവർത്തകന് 7 ശതമാനം മാത്രമാണ് ലഭിച്ചത്. ഇതിനുപിന്നാലെ ഇയാളുടെ പ്രൊഡക്ടിവിറ്റി കുറയുകയും ഇത് മറ്റുള്ളവർക്ക് കൂടുതൽ ജോലിഭാരമുണ്ടാകാൻ കാരണമാവുകയും ചെയ്തുവെന്നാണ് പോസ്റ്റിൽ പറയുന്നത്. ശമ്പള പരിഷ്കരണത്തിന് മുൻപ് തന്നെ ഈ ജീവനക്കാരന്റെ പെർഫോമൻസിൽ പ്രശ്നങ്ങളുണ്ടായിരുന്നു. പെർഫോമൻസിലെ ഈ പോരായ്മകൾ കാരണമാകാം സാലറി ഹൈക്ക് കുറഞ്ഞതെന്നും പോസ്റ്റിൽ പറയുന്നു. എന്നാൽ, മറ്റുള്ളവർക്ക് കൂടുതൽ ഹൈക്ക് ലഭിച്ചുവെന്ന് അറിഞ്ഞതോടെ ഇയാൾ ജോലിയിൽ നിന്നും പൂർണമായും വിട്ടുനിൽക്കാൻ തുടങ്ങി.
'മുൻപ് ദിവസം 6 ജോലികൾ ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോൾ 2 എണ്ണം മാത്രമാണ് ഇയാൾ ചെയ്യുന്നത്. 9 മണിക്കൂർ ജോലിയിൽ 6 മണിക്കൂറും മൈക്രോസോഫ്റ്റ് ടീംസിൽ 'എവേ' സ്റ്റാറ്റസിലാണ് ഇയാൾ കാണിക്കുന്നത്' എന്നും പോസ്റ്റിൽ കാണാം. ക്ലയന്റുകളോടും മറ്റും ടീം മറുപടി പറയേണ്ടതുണ്ടെന്നും, കഴിഞ്ഞ ആഴ്ച മുതൽ തനിക്ക് ഈ സഹപ്രവർത്തകന്റെ ജോലി കൂടി ചെയ്യേണ്ടി വരുന്നുണ്ടെന്നും ഇയാൾ കൂട്ടിച്ചേർത്തു.
ഇത്രയൊക്കെ നിരാശയുണ്ടെങ്കിലും തന്റെ സഹപ്രവർത്തകന് ജോലി നഷ്ടപ്പെടാൻ താൻ ആഗ്രഹിക്കുന്നില്ലെന്നാണ് യുവാവ് പറയുന്നത്. 'ഈ സാഹചര്യത്തിൽ ഞാൻ എന്താണ് ചെയ്യേണ്ടത്' എന്നും ഇയാൾ ചോദിക്കുന്നു. നിരവധിപ്പേർ പോസ്റ്റിന് കമന്റുകളുമായി എത്തി. ഒരു കാരണവശാലും സഹപ്രവർത്തകന്റെ ജോലി നിങ്ങൾ ചെയ്യേണ്ടതില്ല എന്നാണ് മിക്കവരും പറഞ്ഞിരിക്കുന്നത്.
