തന്റേതിന് സമാനമായ അവസ്ഥകളിലൂടെ കടന്നുപോകുന്ന മറ്റ് സ്ത്രീകളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ കൂടിയാണ് താൻ തുറന്ന് സംസാരിക്കുന്നത് എന്ന് റീഗൻ പറയുന്നു. സ്ത്രീസുരക്ഷയെ കുറിച്ചുള്ള ചർച്ചകളുടെ ഭാഗമാകാനാണ് താനാ അനുഭവം പറയുന്നതെന്നും യുവതി പറഞ്ഞു.
ലോകത്തെല്ലായിടത്തും സ്ത്രീകൾ ആക്രമിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. അത് നമ്മുടെയീ കേരളത്തിലാണ് എങ്കിലും പാശ്ചാത്യരാജ്യങ്ങളിലാണ് എങ്കിലും. സ്ത്രീകളുടെ അവസ്ഥയ്ക്ക് മാത്രം എവിടെയും കാര്യമായ മാറ്റമൊന്നും ഇല്ല. അത് തെളിയിക്കുന്ന ഒരു അനുഭവമാണ് ഈ 21 -കാരിയുടേത്.
'നിരന്തരം സംസാരിക്കുന്നില്ലാ എന്നതുകൊണ്ട് പൊതുജനങ്ങളുടെ ശ്രദ്ധയിൽ നിന്നും ഇല്ലാതെയായി കൊണ്ടിരിക്കുന്ന വിഷയമാണ് സ്ത്രീകളുടെ മേൽ നടക്കുന്ന അതിക്രമങ്ങൾ. എന്നാൽ, സംസാരിച്ചു കൊണ്ടേ ഇരിക്കുന്നില്ലാ എന്നതുകൊണ്ട് സ്ത്രീകൾക്ക് നേരെ അതിക്രമങ്ങൾ നടക്കുന്നില്ല എന്ന് അർത്ഥമില്ല' പറയുന്നത് റീഗൻ കേ (Reegan Kay) എന്ന യുവതിയാണ്. നവംബറിൽ സുഹൃത്തുക്കളുമൊത്ത് ഒരു നൈറ്റ് ഔട്ട് കഴിഞ്ഞ് ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റി(Bristol university)യിലെ താമസസ്ഥലത്തേക്ക് മടങ്ങുമ്പോൾ ഒരു പുരുഷൻ തന്നെ ആക്രമിച്ചതായി അവൾ പറയുന്നു. അതിൽ അവളുടെ മുൻവശത്തെ പല്ല് ഊർന്ന് വീണു. തുടർന്ന്, അവൾ അബോധാവസ്ഥയിലായി.
'ഇത് ഞങ്ങളുടെ ദിവസേനയുള്ള അതിജീവനത്തിന്റെ ഭാഗമാണ്' എന്ന് ആ 21-കാരി റേഡിയോ 1 ന്യൂസ്ബീറ്റിനോട് പറയുന്നു. എന്നാൽ, എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ച് മിണ്ടാതിരിക്കാൻ വിദ്യാർത്ഥിനിയായ റീഗൻ തയ്യാറായില്ല, പകരം അവളുടെ പരിക്കുകളുടെ ഫോട്ടോകൾ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. 'നോ' എന്ന് പറഞ്ഞതിന് ഒരു പുരുഷൻ തന്നെ ആക്രമിച്ചത് എങ്ങനെയെന്ന് അവൾ വിവരിച്ചു, തന്റെ മേൽ തുപ്പുകയും വസ്ത്രം വലിച്ചു കീറുകയും മുഖത്ത് ഇടിക്കുകയും ചെയ്തുവെന്ന് അവൾ പറയുന്നു.

'ആളുകൾ മനസ്സിലാക്കുന്നതിനേക്കാളും തിരിച്ചറിയുന്നതിനേക്കാളും വളരെ കൂടുതലാണ് സംഭവിച്ചത്. ഞാൻ എന്തെങ്കിലും പബ്ലിക് ആയി പറഞ്ഞാൽ, സമാനമായ എന്തെങ്കിലും സംഭവിക്കുമ്പോൾ മറ്റുള്ളവർക്ക് കൂടി അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കാൻ അത് പ്രോത്സാഹനമാകുമെന്ന് എനിക്ക് തോന്നി' അവൾ പറയുന്നു.
ഈ വർഷമാദ്യം, സ്ത്രീ സുരക്ഷ പ്രധാനവാർത്തകളിൽ ഇടംനേടിയിരുന്നു. ഒരു മെറ്റ് പൊലീസ് ഓഫീസർ സാറാ എവറാർഡ് എന്ന യുവതിയെ കൊലപ്പെടുത്തിയത് അതിന് കാരണമായിത്തീർന്നു. ഇതേ തുടർന്ന് നിരവധിപ്പേർ സ്ത്രീസംരക്ഷണമെന്ന വിഷയത്തിൽ സംസാരിച്ചു. അത് തനിക്ക് സംഭവിച്ചത് തുറന്ന് പറയാൻ പ്രേരണയായി എന്ന് റീഗൻ പറയുന്നു.
തന്റേതിന് സമാനമായ അവസ്ഥകളിലൂടെ കടന്നുപോകുന്ന മറ്റ് സ്ത്രീകളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ കൂടിയാണ് താൻ തുറന്ന് സംസാരിക്കുന്നത് എന്ന് റീഗൻ പറയുന്നു. സ്ത്രീസുരക്ഷയെ കുറിച്ചുള്ള ചർച്ചകളുടെ ഭാഗമാകാനാണ് താനാ അനുഭവം പറയുന്നതെന്നും യുവതി പറഞ്ഞു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളില്ലാതെയാവണമെങ്കിൽ തനിക്ക് നേരിടേണ്ടി വന്നതുപോലെയുള്ള അനുഭവങ്ങളെ കുറിച്ച് ആളുകൾ നിരന്തരം സംസാരിക്കേണ്ടതുണ്ട് എന്നും അവൾ പറയുന്നു.
ട്വിറ്ററിൽ റീഗൻ പോസ്റ്റ് ചെയ്‍ത അനുഭവത്തിന് താഴെ അവളെ പിന്തുണച്ചു കൊണ്ട് നിരവധിപ്പേരെത്തി. അപ്പോഴും ചിലയാളുകൾ നെഗറ്റീവ് കമന്റ് പറഞ്ഞു. തീർന്നില്ല, ചില പുരുഷന്മാർ സംഭവിച്ചതിന് അവളെ കുറ്റപ്പെടുത്തുകയും അവളുടെ സ്വകാര്യചിത്രങ്ങൾ അയച്ചു കൊടുക്കാൻ ആവശ്യപ്പെടുകയും മോശം മെസേജുകളയക്കുകയും ചെയ്‍തു.
'സൗജന്യമായി ദന്തചികിത്സ ലഭിക്കാൻ വേണ്ടി ഞാൻ നുണ പറയുകയാണെന്ന് ചിലർ പറഞ്ഞു. ഞാൻ അതിന് അർഹയാണെന്ന് പറഞ്ഞവരുണ്ട്. കാരണം എന്റെ വസ്ത്രധാരണം കാരണമാണ് എനിക്കിത് സംഭവിച്ചതെന്നാണ് അവരുടെ വാദം' റീഗൻ പറയുന്നു. എന്നാൽ, അങ്ങനെ പറഞ്ഞവർ വളരെ കുറവാണ് എന്നും ഭൂരിഭാഗം പേരും തന്നെ പിന്തുണച്ചു എന്നും കൂടി അവൾ പറയുന്നുണ്ട്. സംഭവിച്ചതിനെ കുറിച്ച് അവൾ പൊലീസിലും റിപ്പോർട്ട് ചെയ്‍തിട്ടുണ്ട്.
'സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അക്രമം, ദുരുപയോഗം, ഭീഷണിപ്പെടുത്തൽ എന്നിവ ഏത് രൂപത്തിലും സ്വീകാര്യമല്ല, അത് വെച്ചുപൊറുപ്പിക്കില്ല' എന്ന് അവോണിന്റെയും സോമർസെറ്റ് പൊലീസിന്റെയും വക്താവ് ന്യൂസ്ബീറ്റിനോട് പറഞ്ഞു. സംഭവം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു കൊണ്ടിരിക്കുകയാണ് എന്ന് അധികൃതർ പറയുന്നു.
സംഭവം നടന്ന ശേഷം ജീവിതം വല്ലാത്ത അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത് എന്ന് റീഗൻ സമ്മതിക്കുന്നു. 'ശരിയായ ഉറക്കം കിട്ടുന്നില്ല. ശരിക്കും ഭക്ഷണം കഴിക്കാനാവുന്നില്ല. പേടിയാണ് ആകെ' എന്നും അവൾ പറയുന്നു. എന്നാൽ, തന്റെ ചുറ്റും ചില യഥാർത്ഥ സുഹൃത്തുക്കളുണ്ട്. അവരിലൂടെയാണ് താൻ അതിജീവിക്കുന്നത് എന്നും അവൾ സമ്മതിക്കുന്നു. 'സ്ത്രീകളുടെ ശരീരം അവരുടെ അവകാശമാണ്. സുരക്ഷിതരായിരിക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്' എന്നും അവൾ പറയുന്നു.
