റീജന്റ് ഹണി ഈറ്ററിന്റെ എണ്ണത്തിന്റെ 12 ശതമാനവും അവയുടെ സ്വാഭാവിക ഗാനം മറന്നുവെന്ന് ഗവേഷണം വെളിപ്പെടുത്തി.
മനുഷ്യർ മുതിർന്നവരിൽ നിന്ന് ജീവിത പാഠങ്ങളും, ഭാഷകളും, സംസ്കാരവും പഠിക്കുന്നതുപോലെ, മറ്റ് ജീവികളും മുതിർന്നവരിൽ നിന്ന് അതിജീവനത്തിന്റെ നിർണായകമായ പെരുമാറ്റ ശീലങ്ങൾ പഠിക്കുന്നുണ്ട്. പാട്ടുപാടുന്ന പക്ഷികൾക്കും അവരുടെ ഈ പാട്ടിന്റെ സംസ്കാരം ഒരു തലമുറയിൽ നിന്ന് മറ്റൊന്നിലേക്ക് പകർന്ന് കിട്ടുന്നതാണ്. എന്നാൽ, ഇന്ന് പല ജീവികളും വംശനാശഭീഷണിയുടെ വക്കിലാണ്. ഇത് പ്രധാനപ്പെട്ട പെരുമാറ്റങ്ങൾ പഠിക്കാനുള്ള അവയുടെ കഴിവിനെ ഗുരുതരമായി ബാധിക്കുന്നു. അക്കൂട്ടത്തിൽ വളരെ സവിശേഷത നിറഞ്ഞ പാടുന്ന പക്ഷിയായ റീജന്റ് ഹണി ഈറ്റർ -ന്റെ പാട്ട് നഷ്‌ടമാവുന്നു എന്ന് ശാസ്ത്രജ്ഞർ പറയുന്നു.
ഒരുകാലത്ത് തെക്ക്-കിഴക്കൻ ഓസ്‌ട്രേലിയയിൽ ധാരാളമായി കണ്ടുവന്നിരുന്ന റീജന്റ് ഹണി ഈറ്റർ ഇപ്പോൾ ഗുരുതരമായി വംശനാശഭീഷണി നേരിടുകയാണ്. ഇപ്പോൾ മുന്നൂറെണ്ണം മാത്രമാണ് ലോകത്ത് അവശേഷിക്കുന്നത്. ഇത് മറ്റ് ഹണി ഈറ്റർമാരുമായി ചങ്ങാത്തം കൂടാനും അവ എങ്ങനെയിരിക്കുമെന്ന് മനസിലാക്കാനുമുള്ള അവസരം ഇല്ലാതാക്കുന്നു. അവയുടെ എണ്ണത്തിലുള്ള തകർച്ച അവയുടെ സംഗീത സംസ്കാരത്തെ തന്നെ ഇല്ലാതാക്കുകയാണ്. ചുരുക്കം പറഞ്ഞാൽ മനുഷ്യന്റെ ഇടപെടലുകൾ മൂലം അവ സ്വയം പാടാൻ പോലും മറന്നുപോകുന്നു. അവയുടെ ആവാസവ്യവസ്ഥയെ കവർന്നെടുക്കുന്നതിനൊപ്പം നമ്മൾ അവയുടെ മധുരമായ സംഗീതത്തെയും കവർന്നെടുത്തിരിക്കുന്നു.

ശാസ്ത്രജ്ഞനായ ഡോ. റോസ് ക്രെട്സിന്റെ കണ്ടെത്തലുകൾ യുകെ റോയൽ സൊസൈറ്റി ജേണൽ പ്രൊസീഡിംഗ്സ് ബിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാൻബെറയിലെ ഓസ്‌ട്രേലിയൻ നാഷണൽ യൂണിവേഴ്‌സിറ്റിയിലെ ഡിഫൾട്ട് ബേർഡ് റിസർച്ച് ഗ്രൂപ്പിലെ അംഗമാണ് അദ്ദേഹം. പിടികൂടിയ ഹണി ഈറ്റർമാരെ അവയുടെ പാട്ടുകൾ പഠിപ്പിച്ച് പക്ഷികളുടെ ഈ ഗാനസംസ്കാരത്തെ സംരക്ഷിക്കാൻ ശ്രമിക്കുകയാണ് അദ്ദേഹം ഇന്ന്. റീജന്റ് ഹണി ഈറ്ററിനെ പാട്ട് പഠിപ്പിക്കാൻ ഗവേഷകർ ആദ്യം ശ്രമിച്ചിരുന്നില്ല. പകരം പക്ഷികളെ കണ്ടെത്താനായിരുന്നു ഉദ്ദേശം. അവ വളരെ അപൂർവമായിരുന്നു. കഠിനമായ ഈ തിരയലിനിടെ, ചില വിചിത്രമായ ഗാനങ്ങൾ ആലപിക്കുന്ന പക്ഷികളെ അദ്ദേഹം ശ്രദ്ധിക്കാൻ തുടങ്ങി. "അത് ഒരു റീജന്റ് ഹണി ഈറ്റിന്റേതു പോലെയായിരുന്നില്ല. അവ വ്യത്യസ്തമായ ഒരു ഇനത്തിന്റേതുപോലെ തോന്നിച്ചു" അദ്ദേഹം അനുസ്മരിച്ചു.
മനുഷ്യൻ സംസാരിക്കാൻ പഠിക്കുന്നതുപോലെയാണ് സോങ്ങ്‌ബേർഡുകളും അവരുടെ പാട്ടുകൾ പഠിക്കുന്നത്. "പക്ഷിക്കുഞ്ഞുങ്ങൾ കൂടു വിട്ട് വിശാലമായ ലോകത്തേക്ക് പോകുമ്പോൾ, മുതിർന്ന പക്ഷികളുമായി ഇടപഴകുന്നു. അപ്പോൾ അവർ പാടുന്നത് കേൾക്കാനും കാലക്രമേണ ആ ഗാനം ആവർത്തിക്കാനും അവയ്ക്ക് കഴിയുന്നു” ഡോ. ക്രെട്സ് പറഞ്ഞു. എന്നാൽ, 90 ശതമാനം ആവാസവ്യവസ്ഥയും നഷ്ടപ്പെട്ട റീജന്റ് ഹണി ഈറ്റർ ഇപ്പോൾ എണ്ണത്തിൽ വളരെ കുറവാണ്. ഇത് പക്ഷികൾക്ക് അവരുടെ മുതിർന്നവരുടെ പാട്ടുകൾ കേൾക്കാനുള്ള അവസരം ഇല്ലാതാക്കുന്നു. “അതിനാൽ അവർ അവ പാട്ടുകൾ പഠിക്കുന്നത് അവസാനിപ്പിക്കുന്നു” അദ്ദേഹം പറഞ്ഞു. റീജന്റ് ഹണി ഈറ്ററിന്റെ എണ്ണത്തിന്റെ 12 ശതമാനവും അവയുടെ സ്വാഭാവിക ഗാനം മറന്നുവെന്ന് ഗവേഷണം വെളിപ്പെടുത്തി. അവയെ സംരക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ശാസ്ത്രജ്ഞർ റെക്കോർഡിംഗുകൾ ഉപയോഗിച്ച് ബന്ദികളാക്കിയ ഹണി ഈറ്റർമാരെ അവരുടെ പാട്ടുകൾ പഠിപ്പിക്കുന്നു.
പക്ഷികളുടെ എണ്ണം വർദ്ധിപ്പിച്ചതിന് ശേഷം അവയെ കാട്ടിലേക്ക് വിടുന്നതിനുള്ള ഒരു പദ്ധതി ഇതിനകം നിലവിലുണ്ട്. “എന്നാൽ ആ ആൺ പക്ഷികൾ വിചിത്രമായ തങ്ങളുടെ ഗാനം ആലപിക്കുന്നുണ്ടെങ്കിൽ, പെൺപക്ഷികൾ ഇണചേരാൻ അവരുടെ അടുത്തേയ്ക്ക് വരില്ലെന്നിരിക്കും. അതിനാൽ പാടേണ്ടതെന്ന് ആവശ്യമാണ്" അദ്ദേഹം കൂട്ടിച്ചേർത്തു. ജീവജാലങ്ങളെ സംരക്ഷിക്കാൻ ശ്രമിക്കുമ്പോൾ, പക്ഷികളുടെ മറ്റ് "സാംസ്കാരിക സ്വഭാവങ്ങളെ" കുറിച്ചും മൃഗങ്ങൾക്ക് അതിജീവിക്കാൻ ആവശ്യമായ പ്രകൃതിദത്ത സ്വഭാവങ്ങളെക്കുറിച്ചും ചിന്തിക്കേണ്ടതുണ്ടെന്നും ശാസ്ത്രജ്ഞൻ കൂട്ടിച്ചേർത്തു.
