ഇപ്പോളവളുടെ വിവാഹം ഉറപ്പിച്ചു. അതല്ല സന്തോഷം. അവളുടെ പ്രതിശ്രുത വരനും കുടുംബവും അടുത്തയാഴ്ച അവളെ എം ടെക്കിനു ചേർക്കുകയാണ്. വിവാഹം കൊണ്ട് പഠിത്തം ഉപേക്ഷിക്കുകയില്ല തുടരുകയാണ് വേണ്ടതെന്നവർ തീരുമാനിച്ചിരിക്കുന്നു.

തിരുവനന്തപുരം: പെണ്‍കുട്ടികള്‍ കൂടുതല്‍ പഠിക്കേണ്ടതില്ലെന്നും പ്രായമൊരല്‍പം കൂടിയാല്‍ കല്ല്യാണം നടക്കാന്‍ ബുദ്ധിമുട്ടാകുമെന്നും വിവാഹത്തിനാണ് കൂടുതല്‍ പ്രാധാന്യമെന്നും കരുതുന്ന സമൂഹമാണ് നമ്മുടേത്. മാത്രവുമല്ല, കല്ല്യാണം കഴിക്കാന്‍ താമസിച്ചാല്‍, ആരെയെങ്കിലും കണ്ടുവെച്ചിട്ടുണ്ടാകും എന്നതുപോലെ നിരവധി കമന്‍റുകളും പറയും. എന്തായാലും ഇങ്ങനെയൊക്കെയുള്ള ചുറ്റുപാടുകളാണെങ്കിലും സധൈര്യം അതിനെ നേരിടുകയും പഠിച്ച് നല്ല മാര്‍ക്ക് വാങ്ങി ജയിക്കുകയും ജോലി നേടുകയും ചെയ്യുന്ന ഒരുപാട് പെണ്‍കുട്ടികള്‍ നമ്മുടെ നാട്ടിലുണ്ട്. അതിനെ കുറിച്ച് പറയുകയാണ് ഫേസ്ബുക്കില്‍ റെജീന നൂർജഹാൻ. 

തനിക്ക് പരിചയമുള്ള ഒരു പെണ്‍കുട്ടിയുടെ വിവാഹവാര്‍ത്ത കേട്ട് ഏറെ സന്തോഷം തോന്നി എന്നാണ് റെജീന എഴുതുന്നത്. പഠിത്തത്തിന്റെ ഓരോ ഘട്ടത്തിലും എന്തിനാണിത്ര പഠിപ്പിക്കുന്നതെന്നും പെൺകുട്ടിയെ പഠിപ്പിച്ചിട്ടെന്ത് കിട്ടാനാണെന്നും സകലരും അഭിപ്രായം പറയുന്ന നാട്ടിൽ നിന്നുള്ള കുട്ടിയാണ് അവള്‍. സന്തോഷം തരുന്ന കാര്യം വിവാഹശേഷം അവളെ എം ടെക്കിന് വിടാന്‍ ചെറുക്കന്‍റെ വീട്ടുകാര്‍ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ, വിവാഹം വല്യ പെരുന്നാള്‍ കഴിഞ്ഞിട്ടു മതി എന്ന് പറഞ്ഞപ്പോള്‍ സ്വർണ്ണമാണ് നിങ്ങളെ വലയ്ക്കുന്നതെങ്കിൽ അതിനെയല്ല വിവാഹം ചെയ്യാനുദ്ദേശിക്കുന്നത് എന്ന വരന്‍റേയും കുടുംബത്തിന്‍റേയും നിലപാടുമാണ് ആ സന്തോഷത്തിന് കാരണമെന്നും റെജീന എഴുതുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ്: 
ഒരു കല്യാണവർത്തമാനം കേട്ടിട്ട് ഇന്ന് ഏറെ സന്തോഷം തോന്നി. എനിക്കറിയാവുന്നൊരു പെൺകുട്ടിയാണ്. ഒരു നാട്ടിൻപുറത്തെ അതിസാധാരണമായ ചുറ്റുപാടിൽ നിന്ന് വളരെ ബുദ്ധിമുട്ടി ബി ടെക്ക് കഴിഞ്ഞ കുട്ടിയാണ്. ഒരു back paper പോലുമില്ലാതെ. പഠിത്തത്തിന്റെ ഓരോ ഘട്ടത്തിലും എന്തിനാണിത്ര പഠിപ്പിക്കുന്നതെന്നും പെൺകുട്ടിയെ പഠിപ്പിച്ചിട്ടെന്ത് കിട്ടാനാണെന്നും ബന്ധു ജനങ്ങൾ എന്ന ദുഷ്ട ജനങ്ങളും സകല വഴിപോക്കരും അഭിപ്രായം പറയുന്ന നാട്ടിൽ നിന്നുള്ള കുട്ടിയാണ്. ബി ടെക് തീരുമ്പോഴേക്കും കല്യാണപ്രായം മൂത്തു പോയെന്നും ഇങ്ങനെ നടക്കുന്നതല്ലേ, അതൊക്കെ ആളെ സെറ്റാക്കി വെച്ചിട്ടുണ്ടാകുമെന്നും ഉറപ്പിച്ച നാടാണ്. 
നാട്ടിൻപുറം നന്മകളാൽ അതി സമ്പന്നമാണല്ലോ... 

ഇപ്പോളവളുടെ വിവാഹം ഉറപ്പിച്ചു. അതല്ല സന്തോഷം. അവളുടെ പ്രതിശ്രുത വരനും കുടുംബവും അടുത്തയാഴ്ച അവളെ എം ടെക്കിനു ചേർക്കുകയാണ്. വിവാഹം കൊണ്ട് പഠിത്തം ഉപേക്ഷിക്കുകയില്ല തുടരുകയാണ് വേണ്ടതെന്നവർ തീരുമാനിച്ചിരിക്കുന്നു.

നാട്ടു നടപ്പനുസരിച്ചുള്ള സ്വർണ്ണത്തിനും മറ്റു ചിലവിനുമായി ഉള്ള ഒരുക്കത്തിന് വേണ്ടി വല്യ പെരുന്നാൾ കഴിഞ്ഞു മതിയെന്ന് കരുതിയ അവളുടെ ബാപ്പയോട്, പയ്യന് നാട്ടിലാണ് ജോലി ( വിദേശത്തല്ല ), കുട്ടിയ്ക്ക് എഴുതി തീർക്കാൻ പരീക്ഷകളില്ല. പിന്നെന്തിന് വിവാഹം മാറ്റി വെക്കണം. സ്വർണ്ണമാണ് നിങ്ങളെ വലയ്ക്കുന്നതെങ്കിൽ അതിനെയല്ല വിവാഹം ചെയ്യാനുദ്ദേശിക്കുന്നത് എന്നറിയിച്ചു വരനും കുടുംബവും... ഈയടുത്ത കാലത്തൊന്നും ഒരു പെൺകുട്ടിയുടെ വിവാഹ വാർത്ത കേട്ടിട്ട് ഇത്ര സന്തോഷിച്ചിട്ടില്ല.