ഇന്ത്യൻ പുരുഷന്മാർക്ക് റൊമാൻസ് അറിയില്ല എന്നാണ് യുവതി പറയുന്നത്. മാസത്തിലൊരു ദിവസം തന്റെ പങ്കാളിയേയും കൂട്ടി പുറത്തുപോയി ഭക്ഷണം കഴിച്ചാൽ റൊമാൻസായി എന്നാണ് ഇവർ കരുതുന്നത്.

പ്രണയിക്കാൻ ആളുകളെ തിരഞ്ഞെടുക്കുമ്പോൾ പല കാര്യങ്ങളും നാം പരി​ഗണിക്കാറുണ്ട്. സം​ഗതി പ്രണയം അന്ധമാണ്, ആദ്യകാഴ്ചയിലെ പ്രണയം എന്നെല്ലാം പറയുമെങ്കിലും തിരഞ്ഞെടുക്കുന്ന ആളുകൾ ശരിയായില്ലെങ്കിൽ ജീവിതം ആകെ പ്രശ്നത്തിലാവാൻ അത് മതി. എന്തായാലും, ഒരു റിലേഷൻഷിപ്പ് ആൻഡ് ലൈഫ് കോച്ച് പറയുന്നത് താൻ പ്രണയിക്കാൻ വേണ്ടി ഇന്ത്യക്കാരെ തിരഞ്ഞെടുക്കില്ല എന്നാണ്. 

ചേതന ചക്രവർത്തി എന്ന യുവതിയാണ് തന്റെ പോസ്റ്റിൽ താൻ പ്രണയിക്കാൻ വേണ്ടി ഇന്ത്യക്കാരെ തിരഞ്ഞെടുക്കാനാ​ഗ്രഹിക്കുന്നില്ല എന്ന് വെളിപ്പെടുത്തിയത്. അതിനുള്ള കാരണവും അവർ വെളിപ്പെടുത്തുന്നുണ്ട്. ഇത് കുമ്പസാരത്തിനുള്ള സമയമാണ് എന്നും യുവതി പറയുന്നു. ഒപ്പം, ഒരുപാട് പേർക്ക് താൻ കാരണം പ്രണയം കണ്ടെത്താനായതിനെ കുറിച്ചും അവർ പറയുന്നുണ്ട്. അതുപോലെ താൻ ഇന്ത്യക്കാരായ പുരുഷന്മാരെ ഡേറ്റ് ചെയ്യാനാ​ഗ്രഹിക്കുന്നില്ല എന്ന് പറയാനുള്ള മൂന്ന് കാരണങ്ങളും അവൾ വ്യക്തമാക്കുന്നു. 

ഒന്നാമതായി, അവരുമായി ബുദ്ധിമുട്ടുള്ള കാര്യങ്ങളിൽ സംഭാഷണങ്ങൾ നടത്താൻ പ്രയാസമാണ് എന്നാണ് യുവതി പറയുന്നത്. ഏതെങ്കിലും ഒരു പോയിന്റിനെ കുറിച്ച് വാദിക്കാൻ സാധിക്കാതെ വരുമ്പോൾ അവർ അവിടെ നിന്നും ഒഴിഞ്ഞുമാറുകയും പിന്നാലെ സ്ത്രീകളെ വഴക്കാളികളും തലക്കനമുള്ളവരുമാണെന്ന് മുദ്ര കുത്തും. ഈ പുരുഷന്മാർക്ക് ഈ​ഗോയുണ്ടാകുമെന്നും അവർ പറയുന്നു. 

രണ്ടാമതായി, ഇന്ത്യൻ പുരുഷന്മാർക്ക് റൊമാൻസ് അറിയില്ല എന്നാണ് യുവതി പറയുന്നത്. മാസത്തിലൊരു ദിവസം തന്റെ പങ്കാളിയേയും കൂട്ടി പുറത്തുപോയി ഭക്ഷണം കഴിച്ചാൽ റൊമാൻസായി എന്നാണ് ഇവർ കരുതുന്നത്. വലിയ വലിയ സമ്മാനങ്ങൾ മാത്രമല്ല റൊമാൻസ് ഓരോ ദിവസവും കാണിക്കുന്ന കുഞ്ഞുകുഞ്ഞ് കാര്യങ്ങളും കൂടിയാണ് എന്ന് പുരുഷന്മാർക്കറിയില്ല എന്നും ചേതന പറയുന്നു. 

മൂന്നാമതായി ചേതന പറയുന്നത്, ഇന്ത്യൻ പുരുഷന്മാർക്ക് വീട് നോക്കാനറിയില്ല എന്നാണ്. നിങ്ങളുടെ പങ്കാളിക്കെന്തോ സഹായം ചെയ്യുകയാണ് എന്ന മട്ടിലല്ല, നിങ്ങളും അവിടെ താമസിക്കുന്ന ആളാണ്, ആ രീതിയിൽ വീട്ടിലെ കാര്യങ്ങൾ ചെയ്യാൻ ഇന്ത്യൻ പുരുഷന്മാർക്ക് അറിയില്ല എന്നാണ് അവൾ പറയുന്നത്. 

View post on Instagram

ഈ അഭിപ്രായങ്ങൾക്കൊപ്പം ഇതെല്ലാം തന്റെ മാത്രം വ്യക്തിപരമായ അഭിപ്രായമാണ് എന്നും ചേതന പറയുന്നുണ്ട്. വളരെ പെട്ടെന്നാണ് ചേതനയുടെ വീഡിയോ ശ്രദ്ധിക്കപ്പെട്ടത്. നിരവധിപ്പേർ ചേതനയെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളും നൽകി. ചിലരെല്ലാം ചേതനയെ ശക്തമായി അനുകൂലിക്കുന്നു എന്ന് പറഞ്ഞപ്പോൾ മറ്റ് ചിലർ‌ ഇത് ഇന്ത്യൻ പുരുഷന്മാരുടെ മാത്രം പ്രശ്നമല്ല എന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.