പുരാതന റോമൻ നഗരമായ പോംപിയിൽ നടന്ന ഖനനത്തിൽ രണ്ടുപേരുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അവശിഷ്ടങ്ങൾ കണ്ടെത്തി. അസാധാരണമായ രീതിയിലാണ് ഇവ കിടക്കുന്നത്. AD79 -ൽ വെസൂവിയസ് പർവതത്തിന്റെ വിനാശകരമായ പൊട്ടിത്തെറിയെ ഭയന്ന് ഓടിപ്പോകവെ മരിച്ച ഒരു ധനികനും അടിമയും ആണ് ഇതെന്നാണ് കരുതപ്പെടുന്നത്. ഇവരുടെ മൃതദേഹങ്ങൾ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു വില്ലയിൽ നടത്തിയ ഖനനത്തിനിടെയാണ് കണ്ടെത്തിയത്. പോംപി ആർക്കിയോളജിക്കൽ പാർക്ക് അധികൃതർ ഇന്നലെയാണ് ഇക്കാര്യം അറിയിച്ചത്. 

ഈ കണ്ടെത്തൽ തികച്ചും അസാധാരണമാണ് എന്ന് പാർക്ക് ഡയറക്ടർ മാസിമോ ഒസന്ന പറഞ്ഞു. പഠനത്തിനും ഗവേഷണത്തിനുമുള്ള ഒരു സ്ഥലമെന്ന നിലയിൽ പോംപിയുടെ പ്രാധാന്യത്തിന് ഇത് അടിവരയിടുന്നുവെന്ന് സാംസ്കാരിക മന്ത്രി ഡാരിയോ ഫ്രാൻസെസിനി പറഞ്ഞു. പൊട്ടിത്തെറിയുടെ തുടക്കത്തിൽ രക്ഷപ്പെട്ട രണ്ടുപേരും അടുത്ത ദിവസം നടന്ന സ്ഫോടനത്തിൽ കൊല്ലപ്പെട്ടതാകണം എന്ന് കരുതുന്നു. 

2017 -ൽ മൂന്ന് കുതിരകളുടെ അവശിഷ്ടങ്ങൾ അടങ്ങിയ ഒരു ലായം കണ്ടെത്തിയ അതേ സ്ഥലത്താണ് ഇവരുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിരിക്കുന്നത്. ഇതിൽ 18 -നും 25 -നും ഇടയിൽ പ്രായമുള്ളയാളുടേതെന്ന് കരുതുന്ന അവശിഷ്ടങ്ങൾ അടിമയുടേതോ കൂലിപ്പണിക്കാരന്റേതോ ആവാം എന്നാണ് കരുതുന്നത്. കമ്പിളി കൊണ്ടുള്ള വസ്ത്രമായിരിക്കാം ഇയാൾ ധരിച്ചിരുന്നതെന്നും കരുതുന്നു. 30 -നും 40 -നും ഇടയിൽ പ്രായമുള്ള മറ്റേയാൾക്ക് ശക്തമായ അസ്ഥി ഘടനയുണ്ട്, പ്രത്യേകിച്ച് നെഞ്ചിന്റെ ഭാഗത്ത്. വില്ലയുടെ ഇടനാഴിയെന്ന് കരുതപ്പെടുന്നയിടത്താണ് ഇവരുടെ അവശിഷ്ടങ്ങൾ കിടന്നിരുന്നത്. 

വരും മാസങ്ങളിൽ ഇവിടെ നടക്കുന്ന ഖനനത്തിൽ ഇവരെ കുറിച്ചും വീട്ടിലെ ഇവരുടെ സ്ഥാനങ്ങളെ കുറിച്ചും എങ്ങോട്ടാണ് ഇവർ പോവാനിറങ്ങിയതെന്നതിനെ കുറിച്ചുമെല്ലാം കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പാർക്ക് അധികൃതർ പറഞ്ഞു. കഴിഞ്ഞ കുറേ വർഷങ്ങളായി പോംപിയിൽ നടക്കുന്ന ​ഖനനത്തിലെ പ്രധാനപ്പെട്ട കണ്ടെത്തലുകളിലൊന്നാണിത്. 

2018 ഒക്ടോബറിൽ രണ്ട് സ്ത്രീകളുടെയും മൂന്ന് കുട്ടികളുടെയും പരസ്പരം ചേർന്നിരിക്കുന്ന മൃതദേഹങ്ങൾ Regio V പ്രദേശത്തെ ഒരു വില്ലയുടെ മുറിയിൽ നിന്നും കണ്ടെത്തിയിരുന്നു. ഒരാഴ്ച മുമ്പ് അതേ വില്ലയിലെ ഒരു കരിലിഖിതത്തിൽ നിന്നും നേരത്തെ കരുതിയിരുന്നതുപോലെ AD79 ഓഗസ്റ്റിൽ അല്ല ഒക്ടോബറിലാണ് വെസൂവിയസ് പൊട്ടിത്തെറിയുണ്ടായതെന്ന് വെളിപ്പെടുത്തലുകൾ ലഭിച്ചിരുന്നു.

സ്‌ഫോടനത്തിന്റെ തുടക്കത്തിൽ അതിജീവിച്ചതായി കരുതപ്പെടുന്ന ഒരാളുടെ അവശിഷ്ടങ്ങൾ 2018 മെയ് മാസത്തിൽ കണ്ടെത്തിയിരുന്നു. സ്ഫോടനത്തെ തുടർന്നുണ്ടായ വാതകം ശ്വസിച്ചതാകാം ഇയാളുടെ മരണകാരണം എന്നാണ് കരുതുന്നത്. ഇയാളുടെ കൈവശം 20 വെള്ളി നാണയങ്ങളും രണ്ട് വെങ്കല നാണയങ്ങളും കണ്ടെത്തുകയുണ്ടായി. ഇന്ന് ഏകദേശം 500 ഡോളർ വരും ഇത്. 

കൊറോണ വൈറസ് മഹാമാരി ഉണ്ടായിരുന്നിട്ടും 1 മില്ല്യൺ പ്രൊജക്ടിന്റെ ഭാഗമായ ഏറ്റവും പുതിയ ഖനനം തുടരുകയാണ്. നിലവിൽ വിനോദസഞ്ചാരികൾക്കായി അടച്ചിരിക്കുന്ന ഈ പാർക്കിൽ സാധാരണയായി പ്രതിവർഷം നാല് ദശലക്ഷം ആളുകൾ എത്താറുണ്ട്. പതിനാറാം നൂറ്റാണ്ടിലാണ് പോംപിയിൽ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ആദ്യത്തെ ഖനനം 1748 -ൽ ആരംഭിച്ചു. 2000 പേർ കൊല്ലപ്പെട്ടുവെന്ന് കരുതുന്നതിൽ 1500 പേരുടെ അവശിഷ്ടങ്ങൾ നൂറ്റാണ്ടുകൾ നീണ്ടുനിന്ന ഖനനത്തിൽ കണ്ടെത്തിക്കഴിഞ്ഞു.