Asianet News MalayalamAsianet News Malayalam

മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങു വീഴുന്ന അവസ്ഥ, അടിയന്തരാവസ്ഥ നൽകിയ പാഠങ്ങൾ എന്തൊക്കെയായിരുന്നു ?

അടിയന്തരാവസ്ഥക്കാലത്ത് ബിബിസിയുടെ ഇന്ത്യാ ചീഫിനെ അറസ്റ്റു ചെയ്ത് പാന്റൂരി ബെൽറ്റുകൊണ്ട് അടിക്കാനാണ് സഞ്ജയ് ഗാന്ധി ഗുജ്റാളിനോട് ആവശ്യപ്പെട്ടത് 

Reportage during Emergency, Writing truth against censorship
Author
Delhi, First Published Dec 21, 2019, 11:07 AM IST

ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. 72 വർഷത്തെ ജനാധിപത്യത്തിനിടെ അതങ്ങനെ അല്ലാതിരുന്നത് വെറും രണ്ടേരണ്ട്‍ വർഷമാണ്. 1975 -1977. ഇന്ദിരാഗാന്ധി ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ട് നാല്പത്തിനാലു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. 25 ജൂൺ 1975 മുതൽ 21 മാർച്ച് 1977 വരെയുള്ള കാലത്തെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ 'ഇരുളടഞ്ഞ ദിനങ്ങൾ' എന്നാണ്  ചരിത്രകാരന്മാർ വിശേഷിപ്പിച്ചിട്ടുള്ളത്. ഇന്ത്യ സ്വാതന്ത്ര്യം കിട്ടിയ അന്ന് തൊട്ട് രാജ്യം പരിപാലിച്ചുപോന്ന ജനാധിപത്യ മൂല്യങ്ങളെ നിർദാക്ഷിണ്യം കശാപ്പുചെയ്ത ഒരു കാലമായിരുന്നു അത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ അതിനൊപ്പം കടന്നുവന്ന ഒന്നാണ് പ്രസ് സെൻസർഷിപ്പ് അഥവാ മാധ്യമങ്ങൾക്കുള്ള നിയന്ത്രണം.  അന്ന് പത്രങ്ങൾക്ക് മൂക്കുകയറിടാൻ വേണ്ടി അണിയറയിൽ ശ്രമങ്ങൾ നടത്തിയത് ഇന്ദിരാ ഗാന്ധിയുടെ ഇളയമകൻ സഞ്ജയ് ഗാന്ധിയായിരുന്നു. അന്ന് പത്രങ്ങൾ മാത്രമായിരുന്നു ഇന്ത്യയിൽ സ്വതന്ത്ര മാധ്യമപ്രവർത്തനം നടത്തിയിരുന്നത്. കാരണം, ഇന്നത്തെപ്പോലെ അന്ന് സ്വകാര്യ ചാനലുകൾ കടന്നുവന്നിട്ടില്ല. റേഡിയോയും ടെലിവിഷനും അപ്പോൾ പൂർണ്ണമായും സർക്കാർ തന്നെയാണ് നടത്തിയിരുന്നത്.

അടിയന്തരാവസ്ഥയിലേക്ക് നയിച്ച സാഹചര്യം 

ഇന്ദിരാഗാന്ധി ആദ്യമായി അധികാരത്തിലേറുന്നത് അച്ഛൻ നെഹ്‌റുവിന്റെ കാലം കഴിഞ്ഞു വന്ന പ്രധാനമന്ത്രിയായ ലാൽ ബഹാദൂർ ശാസ്ത്രിയുടെ അപ്രതീക്ഷിത നിര്യാണത്തിനുശേഷമാണ്. ആദ്യത്തെ ഊഴത്തിൽ നിരവധി പ്രശ്നങ്ങൾ ഇന്ദിരയ്ക്ക് നേരിടേണ്ടി വന്നു. മറ്റു സീനിയർ നേതാക്കളെ ഒഴിവാക്കിക്കൊണ്ടുള്ള ഇന്ദിരയുടെ സ്ഥാനാരോഹണം കോൺഗ്രസിനുള്ളിലും, ഇന്ത്യൻ രാഷ്ട്രീയത്തിൽ പൊതുവെയും വമ്പിച്ച പ്രതിഷേധങ്ങൾ ക്ഷണിച്ചുവരുത്തി. അന്ന് പൊതുസദസ്സുകളിൽ സഭാകമ്പമില്ലാത്ത സംസാരിക്കാൻ പോലും കഴിവില്ലാതെ നിന്ന് പരുങ്ങിയിരുന്ന ഇന്ദിരയെ 'ഗൂംഗി ഗുഡിയ' അഥവാ 'മിണ്ടാട്ടമില്ലാത്ത പാവക്കുട്ടി' എന്നാണ് റാം മനോഹർ ലോഹ്യ പോലും വിശേഷിപ്പിച്ചത്. അന്നത്തെ മുതിർന്ന കോൺഗ്രസ് നേതാക്കളായ കാമരാജിനെയും, മൊറാർജി ദേശായിയെയും, വൈ ബി ചവാനെയും ഒക്കെ വെച്ചുനോക്കിയാൽ രാഷ്ട്രീയത്തിലെ പ്രവൃത്തിപരിചയം തുലോം തുച്ഛമായിരുന്നു ഇന്ദിരക്ക്.  പക്ഷെ, അതിനെയൊക്കെ അതിജീവിക്കാനും, എഴുപതുകളുടെ തുടക്കത്തിൽ പാർട്ടിക്കുള്ളിലും രാജ്യത്തും ഒരു അനിഷേധ്യസ്ഥാനം നേടാൻ ഇന്ദിരയ്ക്ക് സാധിച്ചു. അവരെ ഇന്ത്യയുടെ ഉരുക്കുവനിത എന്ന് വിളിക്കാൻ ആളുണ്ടായപ്പോൾ, അവർ പോലും അത് വിശ്വസിച്ചു.

Reportage during Emergency, Writing truth against censorship

രാജ്യത്തിന് ഗുണകരമായി ഭവിച്ച പല നയങ്ങളും ഇന്ദിര നടപ്പിലാക്കിയിട്ടുണ്ട്. എന്നാൽ, സഞ്ജയ് ഗാന്ധി അടക്കമുള്ള പലരുടെയും സ്വാധീനത്തിൽ സംശയാസ്പദമായ പല നയങ്ങളും അവരുടെ ഭാഗത്തുനിന്നുണ്ടായി. അന്ന് സജീവമായി ഇന്ദിരയെ എതിർത്തത് ജയപ്രകാശ് നാരായൺ എന്ന സോഷ്യലിസ്റ്റ് നേതാവായിരുന്നു.  ബിഹാറിലെ വിദ്യാർത്ഥികളോട് രാജ്യത്ത് നടമാടുന്ന അഴിമതിക്കും, ഇന്ദിരാഗാന്ധിയുടെ സ്വേച്ഛാധിപത്യത്തിനുമെതിരെ സന്ധിയില്ലാ സമരത്തിനിറങ്ങാൻ 1974 -ൽ ജെപി ആഹ്വാനം ചെയ്തു. രാജ്യത്തെ ജനങ്ങളോട് നിരന്തരപ്രക്ഷോഭങ്ങൾക്ക് ഇറങ്ങാനും ദേശീയതലത്തിൽ ഒരു നിസ്സഹകരണ പ്രസ്ഥാനം തന്നെ ആരംഭിക്കാനും ആഹ്വാനം ചെയ്തു. അതോടൊപ്പം പൊലീസ്, പട്ടാളം, ബ്യൂറോക്രസി എന്നിവരോട് നീതീകരിക്കാനാവാത്ത ഉത്തരവുകൾ നിരസിക്കാനും ജെപി ആഹ്വനം ചെയ്തു. നാടെങ്ങും വിദ്യാർഥിപ്രക്ഷോഭങ്ങളുടെ അലകൾ ഉയർന്നു. ബിഹാറിലെ യുവാക്കളുടെ നെഞ്ചിലേക്ക്  ജെപി കുടഞ്ഞിട്ട തീപ്പൊരി താമസിയാതെ കേന്ദ്രത്തിനെതിരെയും, കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനസർക്കാരുകൾക്കെതിരെയുമുള്ള ഒരു രാജ്യവ്യാപക സമരമായി വളർന്നു. 1974 -ന്റെ അവസാനത്തോടെ കമ്യൂണിസ്റ്റുകാർ ഒഴികെയുള്ള സകല പ്രതിപക്ഷപാർട്ടികളും എൻ ബ്ലോക്കായി ഈ പ്രക്ഷോഭങ്ങൾക്കൊപ്പം ചേർന്നുകഴിഞ്ഞിരുന്നു. ഇന്ദിരാ ഗാന്ധിക്കും ജയപ്രകാശ് നാരായണനും ഇടയിൽ പ്രകോപനപരമായ പല എഴുത്തുകുത്തുകളും നടന്നു. ഇരുപക്ഷത്തുമുള്ള ഉപജാപകവൃന്ദം അവരെക്കൊണ്ടാകും വിധം ആ തീയ്ക്ക് കാറ്റുപകർന്നുനൽകുകയും ചെയ്തു. 1975 മെയ് 6 -ന്  ഇന്ദിരയ്ക്കെതിരെ ജെപി ദില്ലിയിൽ നടത്തിയ ലക്ഷം പേരുടെ ലോങ്ങ് മാർച്ചിൽ ഉയർന്നു കേട്ട മുദ്രാവാക്യമിതായിരുന്നു "ജനങ്ങളുടെ ഹൃദയങ്ങൾ പറയുന്നത് കേട്ടോ, ഇന്ദിരയുടെ സിംഹാസനം ആടിയുലഞ്ഞുതുടങ്ങിയെന്ന്..."

Reportage during Emergency, Writing truth against censorship

ഇന്ദിരയ്‌ക്കെതിരായ ജനരോഷം രാജ്യത്ത് ഇരമ്പിക്കൊണ്ടിരിക്കെയാണ് അലഹബാദ് ഹൈക്കോടതി ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കിക്കൊണ്ട്, ഇന്ദിരയെ ആറുവർഷത്തേക്ക് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കിക്കൊണ്ടുള്ള വിധി പുറപ്പെടുവിക്കുന്നത്. അതിനുള്ള പ്രതികരണമെന്നോണം, സഞ്ജയിന്റെയും സംഘത്തിന്റെയും ഉപദേശം ചെവിക്കൊണ്ടുകൊണ്ട് ഇന്ദിരാഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നു. ജെപി അടക്കമുള്ള ആയിരക്കണക്കിന് പ്രക്ഷോഭകാരികൾ തുറുങ്കിലടക്കപ്പെടുന്നു. കൊടിയ മർദ്ദനങ്ങൾക്ക് വിധേയരാക്കപ്പെടുന്നു. പലരും ലോക്കപ്പിൽ വെച്ചുതന്നെ കൊല്ലപ്പെടുന്നു. പത്രങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തപ്പെടുന്നു, പൗരസ്വാതന്ത്ര്യങ്ങൾക്ക് കൂച്ചുവിലങ്ങിടപ്പെടുന്നു.

അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടാനുണ്ടായ മറ്റൊരു കാരണം, തന്റെ ഇളയപുത്രനായ സഞ്ജയ് ഗാന്ധിയോടുള്ള ഇന്ദിരയുടെ അമിതമായ വിധേയത്വമായിരുന്നു. ഇന്ത്യയെ പ്രധാനമന്ത്രിയും മന്ത്രിസഭയും എന്ന രീതിയിൽ നിന്ന് അമ്മയെ പ്രസിഡന്റാക്കിക്കൊണ്ടുള്ള കൂടുതൽ അധികാര കേന്ദ്രീകൃതമായ ഒരു ഭരണസംവിധാനത്തിലേക്ക് മാറ്റണം എന്ന് സഞ്ജയ് ഗാന്ധിക്ക് ആഗ്രഹമുണ്ടായിരുന്നു. ഇന്ത്യയെ അടിയന്തരാവസ്ഥയുടെ ഇരുട്ടിലേക്ക് തള്ളിവിട്ടതിന് അമ്മയോളം തന്നെ മകനും ഉത്തരവാദിയാണ്.

ഇന്ദിരയുടെ ന്യായീകരണങ്ങൾ 

ആദ്യപ്രതികരണം അവിശ്വസനീയതയായിരുന്നു. തങ്ങൾ ഇത്രയും കാലം ജീവിച്ച, സ്വതന്ത്രമായി പത്രപ്രവർത്തനം നടത്തിയ ഇന്ത്യയെന്ന സ്വതന്ത്ര രാജ്യത്ത് ഇത്തരത്തിൽ പ്രസ് സെൻസർഷിപ്പ് നടപ്പിൽ വരും എന്നത് പല സീനിയർ ജേർണലിസ്റ്റുകൾക്കും തീർത്തും അവിശ്വസനീയമായി തോന്നി. അവർ അത് വിശ്വസിക്കാൻ തുടക്കത്തിൽ മടി കാണിച്ചു. പത്രങ്ങളും, സുതാര്യവും സ്വതന്ത്രവുമായ നീതിന്യായ വ്യവസ്ഥയും ജനാധിപത്യത്തിന്റെ അവിഭാജ്യസ്‌തംഭങ്ങളായി അന്ന് കണ ക്കാക്കപ്പെട്ടിരുന്നു. തുടക്കത്തിലേ ആ 'വിശ്വസിക്കാൻ മടി കാണിക്കൽ' പൊലീസിൽ നിന്നുള്ള കടുത്ത നടപടികളോടെ മാറി. പതുക്കെ മാധ്യമങ്ങൾ അത് അംഗീകരിച്ചു. അവർ രാജ്യം ഭരിക്കുന്ന സർവ്വശക്തയായ പരമാധികാരിയുടെ ഉത്തരവിന് മുന്നിൽ മുട്ടുമടക്കി. അന്ന് പ്രതിപക്ഷത്തെ പ്രമുഖനായ നേതാവായിരുന്ന ലാൽ കൃഷ്ണ അദ്വാനിയുടെ ഒരു നിരീക്ഷണത്തിൽ നിന്ന് കാര്യങ്ങൾ വ്യക്തമാകും," ഇന്ദിര കുനിയാൻ പറഞ്ഞപ്പോൾ, പത്രങ്ങൾ മുട്ടിൽ ഇഴഞ്ഞു". ഒരു അഭിമുഖത്തിനിടെ ഇന്ദിര നടത്തിയ ആത്മവിമർശനം ഇപ്രകാരമായിരുന്നു, " എന്റെ അച്ഛൻ ഒരു രാഷ്ട്രതന്ത്രജ്ഞൻ ആയിരുന്നു. ഞാനൊരു രാഷ്ട്രീയക്കാരിയാണ്. അച്ഛനൊരു പുണ്യാളനായിരുന്നു. ഞാൻ അങ്ങനെയല്ല."

Reportage during Emergency, Writing truth against censorship

ഇന്ത്യൻ ഭരണഘടനയുടെ പത്തൊമ്പതാം അനുച്ഛേദം ഇന്ത്യൻ പൗരന്മാർക്ക് അഭിപ്രായസ്വാതന്ത്ര്യം അനുവദിച്ചു നൽകുന്നുണ്ട്. അതിൽ മാധ്യമങ്ങളുടെ സ്വാതന്ത്ര്യവും ഉൾപ്പെടും. അതേ അനുച്ഛേദത്തിന്റെ രണ്ടാം ഖണ്ഡം പറയുന്നത് പ്രസ്തുത അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള നിയന്ത്രണങ്ങളെപ്പറ്റിയാണ്. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിര പ്രയോജനപ്പെടുത്തിയതും അതുതന്നെ. 'രാജ്യ സുരക്ഷ', 'വിദ്വേഷ പ്രചാരണം' തുടങ്ങിയ കാരണങ്ങളാണ് അവർ മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടാൻ കാരണമായി പറഞ്ഞത്.

അടിയന്തരാവസ്ഥയോടുള്ള മാധ്യമങ്ങളുടെ പ്രതികരണം

ഇന്ദിരാ ഗാന്ധിയെ ഏറെക്കുറെ പിന്തുണച്ചിരുന്ന വ്യവസായ പ്രമുഖൻ കെകെ ബിർള നയിച്ചിരുന്ന ഹിന്ദുസ്ഥാൻ അടിയന്തരാവസ്ഥക്കാലത്ത്പ്ര സർക്കാരിനെ ഏറ്റുപാടി. ടൈംസ് ഓഫ് ഇന്ത്യയും അതുതന്നെ ചെയ്തു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച അന്നുതൊട്ട് ഇരുപത്രങ്ങളിൽ നിന്നും രാഷ്ട്രീയ കാർട്ടൂണുകൾ അപ്രത്യക്ഷമായി. ഇന്ദിരയുടെ കാരിക്കേച്ചർ വരയ്ക്കാൻ പിന്നീടാരും ധൈര്യപ്പെട്ടില്ല.  ഇല്ലസ്ട്രേറ്റഡ് വീക്കിലിയുടെ തലപ്പത്തിരുന്ന ഖുശ്വന്ത് സിംഗ് അടിയന്തരാവസ്ഥയെ പ്രകീർത്തിച്ചുകൊണ്ട് എഴുതി. " ഇന്ദിരാഗാന്ധിക്കെതിരെ നടന്ന അക്രമങ്ങൾ പരിധിവിട്ടപ്പോഴാണ് അടിയന്തരാവസ്ഥയിലേക്ക് രാജ്യം നീങ്ങേണ്ടി വന്നത്. പ്രക്ഷോഭകാരികൾ അക്രമം അഴിച്ചു വിടുന്നത് ഞാൻ എന്റെ കണ്ണുകൊണ്ട് കണ്ടതാണ്. ഇങ്ങനെയുള്ള അക്രമങ്ങൾ രാജ്യത്ത് അങ്ങോളമിങ്ങോളം അരങ്ങേറിയപ്പോഴും അതിനെ നിയന്ത്രിക്കാതെ പ്രതിപക്ഷ നേതാക്കൾ കയ്യും കെട്ടി നോക്കി നിന്നത് അതിന്റെ സമ്മർദ്ദം കൊണ്ട് ഇന്ദിരാഗാന്ധി രാജിവെച്ചിറങ്ങിപ്പോയാലോ എന്ന പ്രതീക്ഷപ്പുറത്താണ് "

Reportage during Emergency, Writing truth against censorship

പത്രങ്ങളിൽ പലതും എങ്ങനെ പ്രതികരിക്കണം എന്ന തീരുമാനം എടുക്കുന്ന കാര്യത്തിൽ ആശയക്കുഴപ്പത്തിലായിരുന്നു. ഉദാ. രാജ്യത്തെ നിയമം എന്തായാലും അതിനെ മാനിക്കണം എന്നതായിരുന്നു ടൈംസ് ഓഫ് ഇന്ത്യയുടെ നയം. നിർഭാഗ്യവശാൽ അടിയന്തരാവസ്ഥയായിരുന്നു അപ്പോഴത്തെ രാജ്യത്തെ നിയമം. അതുകൊണ്ട് അതിനെതിരെ ശബ്ദിക്കുന്നത് നിയമ ലംഘനമാകും. അവരുടെ എഡിറ്റോറിയൽ കമ്മിറ്റി ഒടുവിൽ 'അടിയന്തരാവസ്ഥയെ എതിർക്കാൻ കഴിഞ്ഞില്ലെങ്കിൽ, പിന്തുണക്കാതെ ഇരിക്കുകയെങ്കിലും ചെയ്യാം' എന്ന തീരുമാനത്തിലെത്തി. അന്ന് മാധ്യമങ്ങളെപ്പറ്റി ഉയർന്ന നിരീക്ഷണം, 'വന്ധ്യംകരിക്കപ്പെട്ട' ഇന്ത്യൻ പ്രസ് എന്നായിരുന്നു. സഞ്ജയ് ഗാന്ധിയുടെ നിർബന്ധിത വന്ധ്യംകരണ പദ്ധതിയുടെ പേരിൽ ആയിരുന്നു ഈ പരിഹാസം.

സർക്കാരിന്റെ അപ്പ്രൂവൽ ഇല്ലാതെ ഒരു രാഷ്ട്രീയ വാർത്തയും പോകരുത് എന്നതായിരുന്നു അന്നത്തെ പത്രനയം. അതുകൊണ്ടുതന്നെ രാഷ്ട്രീയസംബന്ധിയായ വാർത്തകൾ എല്ലാ പത്രങ്ങളിലും ഏകദേശം ഒരേ പോലിരുന്നു. എന്താണ് വാർത്ത എന്ന് സർക്കാർ നിർണയിക്കും എന്ന അവസ്ഥ വന്നു. 1971 -ലെ ഡിഫൻസ് ഓഫ് ഇന്ത്യ നിയമം പ്രകാരം, രാജ്യത്തെ എല്ലാ പത്രാധിപന്മാർക്കും, പ്രസാധകന്മാർക്കും സർക്കാർ വക  സെൻട്രൽ സെൻസർഷിപ്പ് ഓർഡർ കിട്ടി. അതിൽ അടിയന്തരാവസ്ഥക്കാലത്ത് പത്രങ്ങൾ എന്തൊക്കെ അച്ചടിക്കാം എന്തൊക്കെ പാടില്ല എന്നതിന്റെ വിശദമായ വർണ്ണനകളുണ്ടായിരുന്നു. അവ പാലിക്കുക എന്നാൽ, പിആർഡി നൽകിയിരുന്ന പത്രക്കുറിപ്പുകൾ അതേ പടി അച്ചടിക്കലായി പലപ്പോഴും.

സെൻസർഷിപ്പ് എന്ന കെടുതി 

സർക്കാർ കൈക്കൊണ്ട തീരുമാനങ്ങളെപ്പറ്റി എന്തെങ്കിലും അച്ചടിക്കണമെങ്കിൽ അതിന്റെ കോപ്പി ആദ്യം തന്നെ സർക്കാർ നിയമിച്ച സെൻസർ ഓഫിസർക്ക് അയച്ചു നൽകണം. എന്തെങ്കിലും രാഷ്ട്രീയ നിരീക്ഷണങ്ങൾ എഴുതി അപ്പ്രൂവലിന് അയച്ചാൽ, അത് വല്ലാതെ വൈകിച്ച് പത്രങ്ങളെ ബുദ്ധിമുട്ടിച്ചിരുന്നു. പലപ്പോഴും, പത്രം അച്ചടിക്കാൻ നേരത്തേക്ക് രാഷ്ട്രീയ നിരീക്ഷണത്തിന് അപ്രൂവൽ കിട്ടാതെ അതിനു പകരം 'ഉള്ളിക്കറി' ഉണ്ടാക്കേണ്ടതെങ്ങനെ എന്ന തരത്തിലുള്ള പാചകക്കുറിപ്പുകളും മറ്റും പ്രസിദ്ധപ്പെടുത്തേണ്ടി വന്നു പത്രങ്ങൾക്ക്. എന്തിന്, ബ്രിട്ടീഷ് ദുർഭരണത്തിനെതിരെ ഗാന്ധിജിയും ടാഗോറുമെല്ലാം പറഞ്ഞ പല ഉദ്ധരണികളും, മുദ്രാവാക്യങ്ങളും വരെ അക്കാലത്തു കരിമ്പട്ടികയിൽ ഉൾപ്പെട്ടു. അന്നത്തെ സർക്കാരിനും പ്രസ്തുത മുദ്രാവാക്യങ്ങൾ നന്നായി ചേരും എന്നത് തന്നെ കാരണം.

ഇന്ത്യൻ എക്സ്പ്രസ്, സ്റ്റേറ്റ്സ്മാൻ, ഹിമ്മത്, ഹിന്ദു പോലുള്ള പത്രങ്ങൾ അന്ന് അടിയന്തരാവസ്ഥയെ നിശിതമായി വിമർശിച്ചുകൊണ്ട് എഴുതിയിട്ടുണ്ട്. 1975 ജൂൺ 28 -ന് എക്സ്പ്രസ് ഒരു ബ്ലാങ്ക് എഡിറ്റോറിയൽ പ്രസിദ്ധം ചെയ്താണ് തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്. ഫിനാൻഷ്യൽ എക്സ്പ്രസ് ആകട്ടെ, ടാഗോറിന്റെ ഗീതാഞ്ജലിയിൽ സ്വാതന്ത്ര്യത്തെ പ്രകീർത്തിക്കുന്ന കവിതാശകലമാണ് വെണ്ടയ്ക്കാ അക്ഷരങ്ങളിൽ അച്ചടിച്ചത്. " ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക് എന്റെ ദൈവമേ എന്റെ രാജ്യം ഉണരേണമേ.." എന്നായിരുന്നു ആ വരികൾ അവസാനിച്ചത്. അടിയന്തരാവസ്ഥയുടെ തീച്ചൂളയിലേക്കാണ് മധു ട്രെഹാൻ പത്രാധിപരായി ഇന്ത്യ ടുഡേ എന്ന ചെറുമാസിക 1975 ഒക്ടോബർ മാസം അതിന്റെ ആദ്യ ലക്കമിറക്കുന്നത്. കല്പന ശർമ്മ എഡിറ്റ് ചെയ്തിരുന്ന 'ഹിമ്മത്'(ധൈര്യം) എന്ന് പേരായ ഹിന്ദി വാരിക, അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട ശേഷമുള്ള ആദ്യരണ്ടു ലക്കം മുഖപ്രസംഗം ഒഴിച്ചിട്ടു. മൂന്നാം ലക്കം മുതൽ നിശിതമായ വിമർശനങ്ങൾ പ്രസിദ്ധപ്പെടുത്തി. അതും, സെൻസർ ചട്ടങ്ങൾ ലംഘിച്ചതിന് നോട്ടീസ് കയ്യിൽ കിട്ടും വരെ മാത്രമേ സാധിച്ചുള്ളൂ.

Reportage during Emergency, Writing truth against censorship

ഇത്തരത്തിലുള്ള ഒറ്റപ്പെട്ട പ്രതിഷേധസ്വരങ്ങൾ ഉയർന്നിരുന്നു എങ്കിലും, ഏറെക്കുറെ ഇന്ദിരാഗവണ്മെന്റിന്റെ കൈപ്പിടിക്കുള്ളിൽ തന്നെയായിരുന്നു പത്രങ്ങളത്രയും. അന്ന് പത്രങ്ങളുടെ ഒരു പ്രധാനവരുമാനം ഗവൺമെന്റ് പരസ്യങ്ങളായിരുന്നു. തങ്ങളോട് വിധേയത്വം പ്രകടിപ്പിക്കാത്ത പത്രങ്ങൾക്ക് ഗവൺമെന്റ് പരസ്യങ്ങൾ നിഷേധിക്കപ്പെട്ടു.  അതോടെ അന്നുവരെ എതിർക്കാൻ ശ്രമിക്കുന്ന പല പത്രങ്ങൾക്കും ലാഭകരമായി സ്ഥാപനം നടത്താൻ പറ്റാത്ത അവസ്ഥയായി. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ(PTI), യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ(UNI) എന്നീ ദേശീയ ന്യൂസ് ഏജൻസികളെയും സർക്കാർ നിർബന്ധപൂർവം തമ്മിൽ ലയിപ്പിച്ചു.

സഞ്ജയ് ഗാന്ധിയുടെ വഴിവിട്ട ഇടപെടലുകൾ 

സഞ്ജയ് ഗാന്ധിയുടെ ഇടപെടലുകൾ അന്ന് ഏറെ രാഷ്ട്രീയ കാലുഷ്യങ്ങൾക്ക് കാരണമായി. അന്നത്തെ വാർത്താവിതരണ വകുപ്പ് മാത്രിയായ ഐ കെ ഗുജ്റാളുമായി സഞ്ജയ് ഗാന്ധി സെൻസർഷിപ്പിന്റെ പേരും പറഞ്ഞ പലവട്ടം ഉടക്കി. "ദൂരദർശനിൽ പ്രക്ഷേപണം ചെയ്യുന്ന എല്ലാ വാർത്തകളും എന്നെ കേൾപ്പിച്ച ശേഷം മാത്രമേ എയർ ചെയ്യാൻ പാടുള്ളൂ.." ഒരിക്കൽ സഞ്ജയ് ഗാന്ധി ഇന്ദിരാ ഗാന്ധിയുടെ സാന്നിധ്യത്തിൽ ഗുജ്‌റാളിനോട് പറഞ്ഞു. "സാധ്യമല്ല" ഗുജ്‌റാളിന്റെ മറുപടി വളരെ പെട്ടന്നായിരുന്നു. ഇന്ദിര ഉണ്ടായിരുന്നതുകൊണ്ട് അപ്പോൾ സഞ്ജയ് മറുപടിയൊന്നും പറഞ്ഞില്ല. എന്നാൽ അടുത്ത ദിവസം രാവിലെ ഗുജ്റാളിനെ ഒറ്റക്ക് കിട്ടിയപ്പോൾ സഞ്ജയ് കാര്യമായി ശകാരിച്ചു, എന്നിട്ട് പറഞ്ഞു, " നിങ്ങൾക്ക് നിങ്ങളുടെ വകുപ്പ് കൊണ്ടുനടക്കാൻ അറിയില്ല". മറുപടിയായി ഗുജ്റാൾ ഒരൊറ്റ കാര്യമേ പറഞ്ഞുള്ളൂ," നിനക്ക് വല്ലതും പറയാൻ ഉണ്ടെങ്കിൽ അത് മാന്യമായ ഭാഷയിൽ വേണം. ഞാനും പ്രധനമന്ത്രിയും തമ്മിലുള്ള സൗഹൃദം അത് നീ ജനിക്കുന്നതിനും മുമ്പുള്ളതാണ്. എങ്ങനെ ഭരിക്കണം എന്നതൊക്കെ ഞാൻ നോക്കിക്കോളാം. തല്ക്കാലം നിന്റെ ഉപദേശം ഇവിടെ എടുക്കുന്നില്ല "

അടുത്ത ദിവസം സഞ്ജയ് ഗാന്ധിയുടെ വിശ്വസ്തൻ മുഹമ്മദ് യൂനുസിന്റെ ഫോൺ ഗുജ്‌റാളിന് ചെല്ലുന്നു. ഡൽഹിയിലെ ബിബിസി ബ്യൂറോ അടപ്പിക്കണം. ബ്യൂറോ ചീഫ് മാർക്ക് ടെല്ലിയെ അറസ്റ്റു ചെയ്യണം. ജഗ്ജീവൻ റാമിനെയും, സ്വർണസിംഗിനെയും ഇന്ദിരാ സർക്കാർ വീട്ടുതടങ്കലിൽ ആക്കി എന്ന വ്യാജവാർത്ത ബിബിസി അവരുടെ ചാനലിൽ കാണിച്ചു എന്നതാണ്  പറയുന്ന കാരണം. മാർക്ക് ടെല്ലി തന്റെ രാജ് റ്റു രാജീവ് എന്ന പുസ്തകത്തിൽ അതേപ്പറ്റി വിശദമായി എഴുതുന്നുണ്ട്. " യൂനുസ് ഗുജ്റാളിനെ വിളിച്ച് പറഞ്ഞത്, 'മാർക്ക് ടെല്ലിയെ അറസ്റ്റുചെയ്യിച്ച്, അയാളുടെ പാന്റ്സ് ഊരി, ബെൽറ്റുകൊണ്ട് ചന്തിക്ക് നല്ല അടി അടിപ്പിച്ച്, ജയിലിൽ തള്ളിയേക്ക് ' എന്നായിരുന്നു. മാർക്ക് ഒരു വിദേശ പത്രപ്രവർത്തകനാണ് എന്നും, അപ്പറഞ്ഞപോലെ പ്രവർത്തിക്കാൻ വാർത്താവിതരണ മന്ത്രാലയത്തിന്റെ ഉത്തരവാദിത്തമല്ല എന്നും ഗുജ്റാൾ തുറന്നടിച്ചു. ഫോൺ വെച്ചപാടേ അദ്ദേഹം ബിബിസിയുടെ ബ്രോഡ്‌കാസ്റ്റിംഗ്‌ റിപ്പോർട്ട് വരുത്തിച്ചു. അതിൽ നിന്ന് ഒരു കാര്യം വ്യക്തമായി. ബിബിസി അങ്ങനെ ഒരു വാർത്ത കൊടുത്തിട്ടേയില്ല. അദ്ദേഹം ഉടനെ ഇന്ദിരാഗാന്ധിയെ വിളിച്ച് ഈ വിവരങ്ങളെല്ലാം കൈമാറി. എന്നാൽ ഗുജ്റാൾ പറഞ്ഞതിലെ ന്യായം പരിഗണിക്കാതെ അടുത്ത ദിവസം തന്നെ വാർത്താവിതരണ വകുപ്പ് അദ്ദേഹത്തിൽ നിന്ന് കയ്യടക്കുകയാണ് ഇന്ദിര ചെയ്തത്.

Reportage during Emergency, Writing truth against censorship

മാധ്യമങ്ങൾ ജനങ്ങൾക്ക് പറയാനും അറിയാനുമുള്ള കാര്യങ്ങൾ പറയാനും അറിയാനും വേണ്ടിയുള്ളതാണ് എന്ന പത്രപ്രവർത്തനത്തിന്റെ പ്രാഥമിക സങ്കൽപം ഒരിക്കലും ഇന്ദിരാഗാന്ധി അംഗീകരിച്ചിരുന്നില്ല. അടിയന്തരാവസ്ഥക്കാലത്ത് പത്രങ്ങളെ ഗവൺമെന്റിന്റെ ചട്ടുകമാക്കാനാണ് അവർ ശ്രമിച്ചത്. അടിയന്തരാവസ്ഥ പിൻവലിച്ചതിനു പിന്നാലെ പത്രപ്രവർത്തന സ്വാതന്ത്ര്യവും, ജനാധിപത്യപരമായ പൗരാവകാശങ്ങളുമെല്ലാം പുനഃസ്ഥാപിക്കപ്പെട്ടു എങ്കിലും, ആ ചുരുങ്ങിയ കാലയളവിനുള്ളിൽ അനുഭവിക്കേണ്ടി വന്ന അപമാനവും മനുഷ്യത്വ ഹീനമായ പെരുമാറ്റങ്ങളും എല്ലാം അത് അനുഭവിക്കേണ്ടി വന്നവരുടെ ഹൃദയങ്ങളിൽ വടുകെട്ടിക്കിടന്നു. അധികാരത്തിന്റെ കേന്ദ്രീകരണം കാരണം ഉണ്ടായേക്കാവുന്ന അപകടങ്ങൾ ചുരുങ്ങിയ കാലത്തേക്കെങ്കിലും ഇന്ത്യൻ പൗരന്മാർക്ക് നേരിട്ട് അനുഭവിക്കാൻ കിട്ടിയ ഒരു അവസരമായിരുന്നു അടിയന്തരാവസ്ഥ. അടിയന്തരാവസ്ഥക്കാലത്ത് മാധ്യമങ്ങൾക്കെതിരെ ഇന്ദിരാഗാന്ധി സർക്കാർ പ്രവർത്തിച്ച അതിക്രമങ്ങളെപ്പറ്റി അന്വേഷിക്കാൻ തുടർന്ന് വന്ന ജനതാപാർട്ടി ഷാ കമ്മീഷനെ നിയമിച്ചിരുന്നു.

ഷാ കമ്മീഷൻ 

കമ്മീഷന്റെ പ്രധാന കണ്ടെത്തലുകൾ ഇപ്രകാരമായിരുന്നു.

1. 1975 ജൂൺ 26 -ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച അന്നുതന്നെ കേന്ദ്രം രാജ്യത്തെ പത്രങ്ങൾക്കുള്ള വൈദ്യുതി വിച്ഛേദിച്ചു. മൂന്നു ദിവസത്തിനകം സെൻസർഷിപ്പ് സംവിധാനം പ്രവർത്തനസജ്ജമാക്കിയ ശേഷം മാത്രമാണ് വൈദ്യുതി തിരികെ നൽകിയത്.
2. വാർത്ത വിതരണ വകുപ്പ് പത്രങ്ങളെ ഗവൺമെന്റ് വിരുദ്ധം, സൗഹൃദം, നിഷ്പക്ഷം എന്നിങ്ങനെ  മൂന്നായി തരം തിരിച്ചു.   ഗവൺമെന്റ് വിരുദ്ധ, നിഷ്പക്ഷ പത്രങ്ങൾക്കുള്ള പരസ്യങ്ങൾ വെട്ടിക്കുറച്ച്, സൗഹൃദമുള്ള പത്രങ്ങളുടെ പരസ്യങ്ങൾ ഇരട്ടിപ്പിക്കാൻ നിർദ്ദേശമുണ്ടായി.
3. അടിയന്തരാവസ്ഥയുടെ തുടക്കത്തിലേ ആറുമാസക്കാലം പത്രങ്ങളുടെ പ്രതികരണ സ്വഭാവം പഠിച്ച്, ഭരണത്തോടുള്ള എതിർപ്പിന്റെ അളവിനനുസരിച്ച് അവയ്ക്ക് ശിക്ഷാ നടപടികൾ നിർദേശിക്കാൻ സമിതികളെ നിയോഗിച്ചു.
4. പത്രങ്ങൾക്ക് ലഭ്യമായിരുന്ന ന്യൂസ് പ്രിന്റിന്മേലും കേന്ദ്രം മനഃപൂർവം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇതും സമ്മർദ്ദതന്ത്രങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ ശിക്ഷാ നടപടിയായിരുന്നു.

ഭരണകൂടത്തിന്റെ താത്പര്യങ്ങൾക്കൊപ്പം നിന്നുകൊണ്ടല്ലാതെ നടത്തേണ്ടി വരുന്ന ആത്മാർത്ഥമായ മാധ്യമപ്രവർത്തനം എന്നും ക്ഷണിച്ചുവരുത്തിയിട്ടുള്ളത് വേട്ടയാടലുകൾ മാത്രമാണ്. അതൊക്കെ എത്രത്തോളം വഷളാകാം എന്നതിന്റെ നേർക്കണ്ണാടിയായിരുന്നു അടിയന്തരാവസ്ഥ.  അത് പ്രഖ്യാപിതമായ ഒരു അസാധാരണ സാഹചര്യമായിരുന്നു. എന്നാൽ, വിശേഷിച്ച് പ്രഖ്യാപനങ്ങൾ ഒന്നും കൂടാതെ തന്നെ മാധ്യമപ്രവർത്തകർക്ക് അവരുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് ഇന്ന് സംജാതമായിരിക്കുന്നത്. മാറിയകാലത്തിന്റെ വെല്ലുവിളികൾ ആവശ്യപ്പെടുന്നത് കൂടുതൽ ആർജ്ജവത്തോടു കൂടിയ മാധ്യമപ്രവർത്തനമാണ്. " സത്യസന്ധതയ്ക്കുള്ള പ്രതിഫലം നിത്യ നിരീക്ഷണമാണ് " എന്ന് പറഞ്ഞിട്ടുള്ളത് ജെഫേഴ്സണാണ്. അതാണ്, അതുമാത്രമാണ്, ആർജ്ജവത്തിന് കൊടുക്കേണ്ടിവരുന്ന വില. 

Ref :

1.  Indira Gandhi's Call Of Emergency and Press Censorship in India - The Ethical Parameters revisited - Dr. Jhumur Ghosh   
2. Raj to Rajiv  - Mark Telly, BBC.
3. Shah Commission Findings
 

Follow Us:
Download App:
  • android
  • ios