Asianet News MalayalamAsianet News Malayalam

3,000 വര്‍ഷം പഴക്കം; സ്വര്‍ണ്ണം പൂശിയ ലോഹം ഭൂമിക്ക് പുറത്ത് നിന്നും വന്നതെന്ന് ഗവേഷകര്‍!

ഐബീരിയൻ പെനിൻസുലയിലെ വെങ്കലയുഗം മുതലുള്ള സ്വർണ്ണ പുരാവസ്തുക്കളുടെ ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തലുകളിൽ ഒന്നാണിതെന്ന് പുരാവസ്തു ഗവേഷകരും അവകാശപ്പടുന്നു.  

researchers sayes 3000 year old treasure metal is not from Earth bkg
Author
First Published Feb 23, 2024, 3:12 PM IST


ഭൂമിക്ക് പുറത്ത് നിന്നുള്ള ലോഹങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച വെങ്കലയുഗത്തിലെ, അതായത് 3,000 വർഷം പഴക്കമുള്ള ഒരു നിധി സ്പെയിനിലെ അലികാന്‍റെ പ്രവിശ്യയിലെ വില്ലേനയില്‍ കണ്ടെത്തി. ഏതാണ്ട് 59 ഓളം സ്വര്‍ണ്ണം പൂശിയ വസ്തുക്കളാണ് കണ്ടെത്തിയത്. 1963 ലാണ് ഈ അത്യപൂര്‍വ്വ നിധി കണ്ടെത്തിയത്. ഐബീരിയൻ പെനിൻസുലയിലെ വെങ്കലയുഗം മുതലുള്ള സ്വർണ്ണ പുരാവസ്തുക്കളുടെ ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തലുകളിൽ ഒന്നാണിതെന്ന് പുരാവസ്തു ഗവേഷകരും അവകാശപ്പടുന്നു. കണ്ടെത്തിയ നിധിയില്‍ രണ്ട് വസ്തുക്കള്‍ സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നു. അവ സ്വര്‍ണ്ണ പൂശിയ കൈപ്പിടിയോട് കൂടിയ വാളും ഒരു വളക്കാപ്പുമാണ്. ഇവ നിര്‍മ്മിച്ചതാകട്ടെ ഇരുമ്പിലും. എന്നാല്‍, നാഷണൽ ആർക്കിയോളജിക്കൽ മ്യൂസിയം, ദിരിയ ഗേറ്റ് ഡെവലപ്‌മെന്‍റ് അതോറിറ്റി, സ്പാനിഷ് നാഷണൽ റിസർച്ച് കൗൺസിൽ എന്നിവിടങ്ങളിൽ നിന്നുള്ള ഒരു സംഘം ഗവേഷകർ അടുത്തിടെ നടത്തിയ പഠനത്തിൽ ഇവ നിര്‍മ്മിച്ചത് ഭൂമിയില്‍ ലഭ്യമായ ഇരുമ്പില്‍ നിന്നല്ലെന്ന് കണ്ടെത്തി. മറിച്ച് ഭൂമിക്ക് പുറത്ത് നിന്നും എത്തിയ ഉൽക്കാശിലയിൽ നിന്നുള്ള ഇരുമ്പില്‍ നിന്നാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്.

'നാക്കുളുക്കാതെ പറയാന്‍ ശശി തരൂര് തന്നെ വേണം'! ബാങ്കോക്കിന്‍ മുഴുവന്‍ പേര് കേട്ടാല്‍ നിങ്ങള്‍ ഞെട്ടും! 

ലഭിച്ച പുരാവസ്തുവിലെ ഇരുമ്പ്-നിക്കൽ അലോയ് ട്രെയ്‌സുകൾ വിശകലനം ചെയ്യാൻ ഗവേഷകർ മാസ് സ്പെക്ട്രോമെട്രി (Mass spectrometry) സാങ്കേതിക വിദ്യ ഉപയോഗിച്ചു, ഈ പഠനത്തിലാണ് ഇത് ഉല്‍ക്കാശിലയിലെ ഇരുമ്പിന്‍റെ ഘടനയുമായി ഏറെ സാമ്യം കാണിച്ചത്. ഈജിപ്ഷ്യയിലെ ടുട്ടൻഖാമുന്‍റെ  (Tutankhamun) കഠാരി, ഗ്രീൻലാൻഡിൽ നിന്നുള്ള ഇൻയൂട്ട് ഉലു കത്തികൾ തുടങ്ങിയ പുരാവസ്തുക്കളിലാണ് ഇതിന് മുമ്പ് ഉൽക്കാശിലയില്‍ നിന്നുള്ള ഇരുമ്പ് കണ്ടെത്തിയത്. ഐബീരിയൻ പെനിൻസുലയിൽ കണ്ടെത്തിയ ആദ്യത്തേതും ഏറ്റവും പഴക്കമുള്ളതുമായ ഉൽക്കാശില ഇരുമ്പ് വസ്തുക്കളാണ് ഇവയെന്നും അവ വെങ്കലയുഗത്തിന്‍റെ അവസാനത്തിൽ (ബിസി 1400-1200) പഴക്കമുള്ളതാണെന്നും ട്രാബാജോസ് ഡി പ്രീഹിസ്റ്റോറിയ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 

ഇതെന്ത് കൂണ്‍? പശ്ചിമഘട്ടത്തില്‍ ജീവനുള്ള തവളയുടെ ശരീരത്തിൽ നിന്നും മുളച്ച് പൊന്തിയത് കൂണ്‍!

നിധി കണ്ടെത്തിയ സ്ഥലത്തിന് സമീപം പതിച്ച ഉൽക്കാശിലയിൽ നിന്നാണ് ഈ ഇരുമ്പ് ലഭിച്ചതെന്നും അങ്ങനെ ലഭിച്ച ഇരുമ്പില്‍ നിന്ന് അക്കാലത്തെ ഏറ്റവും മൂല്യമുള്ള വസ്തുക്കള്‍ നിര്‍മ്മിക്കാന്‍ പ്രദേശവാസികള്‍ക്ക് സാങ്കേതിക പരിജ്ഞാനം ഉണ്ടായിരുന്നെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിച്ചു. അതേസമയം ഉല്‍ക്കാശിലയിലെ ഇരുമ്പും സ്വര്‍ണ്ണവും സംയോജിക്കുന്ന സാങ്കേതിക വിദ്യ, പ്രദേശത്തിന്‍റെ  സാംസ്കാരികവും സാമൂഹികവുമായ മൂല്യത്തെ ഉയര്‍ത്തുന്നുവെന്നും ഗവേഷകര്‍ പറഞ്ഞു. കാരണം ഇത് ഓരേ സമയം ഭൂമിയിലെയും ഭൂമിക്ക് പുറത്ത് നിന്നും ഉള്ള രണ്ട് ലോഹങ്ങളുടെ സംയോജനമാണ്. അതിനാല്‍ തന്നെ ഇവയുടെ നിര്‍മ്മാണം ഒരു വ്യക്തി കേന്ദ്രിതമെന്നതിനേക്കാള്‍ സമൂഹത്തിന്‍റെ കൂട്ടായ്മയുടേതാകാമെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഇവ അക്കാലത്തെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കപ്പെട്ട വസ്തുക്കളാകാമെന്നും ഗവേഷകര്‍ പറയുന്നു. 

ക്ലാസിൽ മൊബൈൽ ഉപയോഗിച്ചാൽ തടവ്; സ്കൂളുകളിൽ മൊബൈൽ നിരോധിക്കാനൊരുങ്ങി ഈ യൂറോപ്യന്‍ രാജ്യം!

Follow Us:
Download App:
  • android
  • ios