ഈ ജോലിയിൽ വേണ്ടുന്ന കഴിവുകൾ യുവതിക്കില്ല എന്ന് പറഞ്ഞുകൊണ്ടാണ് അവരോട് രാജിവയ്ക്കണമെന്നും ഇല്ലെങ്കിൽ പുറത്താക്കുമെന്നും കമ്പനിയിൽ നിന്നും അറിയിച്ചിരിക്കുന്നത്.

ജോലി സ്ഥലത്ത് നിന്നും ആളുകൾ പലതരത്തിലുള്ള ചൂഷണത്തിനും വിധേയരാകേണ്ടി വരാറുണ്ട്. അതിൽ തന്നെ പുതുതായി ജോലിക്ക് ചേർന്നവരാണെങ്കിൽ പറയണ്ട. ചെറിയ ശമ്പളത്തിന് ജോലി ചെയ്യിക്കുക, ഇഷ്ടം പോലെ ജോലി ചെയ്യിക്കുക, യാതൊരു മുന്നറിയിപ്പും കൂടാതെ പിരിച്ചു വിടുക ഇങ്ങനെയൊക്കെ നീളുമത്. സമാനമായ അനുഭവമാണ് ഒരു റെഡ്ഡിറ്റ് യൂസർ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. തന്റെ സുഹൃത്തിന്റെ അനുഭവമാണ് പോസ്റ്റിൽ പങ്കുവച്ചിരിക്കുന്നത്.

രണ്ട് മണിക്കുള്ളിൽ ജോലി രാജി വച്ച് പോയില്ലെങ്കിൽ പിരിച്ചുവിടും എന്ന് കമ്പനിയിൽ നിന്നും പറഞ്ഞു എന്നാണ് പോസ്റ്റിൽ പറയുന്നത്. അടുത്തിടെയാണ് ഇവർ ബിരുദം പൂർത്തിയാക്കിയത്. പിന്നീട് ആറ് മാസത്തെ ട്രെയിനിം​ഗ് പ്രോ​ഗ്രാമിന് ചേർന്നു. ക്യാംപസ് റിക്രൂട്ട്മെന്റ് വഴിയാണ് ജോലി കിട്ടിയത്. ട്രെയിനിം​ഗ് വിജയകരമായി പൂർത്തിയാക്കിയതോടെ കഴിഞ്ഞ മാസം ഒരു മുഴുവൻ സമയ ജീവനക്കാരിയും ആയി.

എങ്കിലും ഒരു പ്രൊജക്ടിലും യുവതിയെ ഇതുവരെ നിയമിച്ചിട്ടില്ല. എന്നാൽ, തീരെ പ്രതീക്ഷിക്കാത്ത ചിലതെല്ലാം സംഭവിക്കുകയും ചെയ്തു. രാവിലെ അവളുടെ എച്ച് ആർ ഡിപാർട്മെന്റിൽ നിന്നും അവളെ വിളിച്ച് ജോലി രാജി വയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു.

ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പ് രാജി വയ്ക്കണം എന്നാണ് ആവശ്യപ്പെട്ടത്. ഇല്ലെങ്കിൽ മൂന്ന് മണി ആവുന്നതോടെ അവരായി കാര്യങ്ങൾ ചെയ്യും എന്നും പറഞ്ഞു. ഈ ജോലിയിൽ വേണ്ടുന്ന കഴിവുകൾ യുവതിക്കില്ല എന്ന് പറഞ്ഞുകൊണ്ടാണ് അവരോട് രാജിവയ്ക്കണമെന്നും ഇല്ലെങ്കിൽ പുറത്താക്കുമെന്നും കമ്പനിയിൽ നിന്നും അറിയിച്ചിരിക്കുന്നത്.

ഒരുപാടുപേർ പോസ്റ്റിന് കമന്റുകളും നൽകിയിട്ടുണ്ട്. നിങ്ങളുടെ സു​ഹൃത്തിനോട് നിയമോപദേശം തേടാൻ പറയൂ എന്ന് ആളുകൾ അഭിപ്രായപ്പെട്ടു. രാജി വയ്ക്കാൻ താല്പര്യമില്ലെങ്കിൽ രാജി വയ്ക്കേണ്ടതില്ല എന്നും അക്കാര്യം എച്ച് ആറിനോട് പറയണമെന്നുമാണ് മറ്റ് ചിലർ പറഞ്ഞത്.