ബെം​ഗളൂരുവിൽ ഒരു ജോലിക്ക് വേണ്ടി അപേക്ഷിച്ചു. റിക്രൂട്ടർ ഹയറിം​ഗ് മാനേജരുമായി ഒരു ഇന്റർവ്യൂ തീരുമാനിച്ചു. എന്നാൽ, ​ഹയറിം​ഗ് മാനേജർ വന്നില്ല. ഒരറിയിപ്പോ, വിശദീകരണമോ ഒന്നും ഉണ്ടായില്ല.

ജോലി, ഇന്റർവ്യൂ, തൊഴിൽ അവസരങ്ങൾ എന്നിവയൊക്കെയായി ബന്ധപ്പെട്ട അനേകം ആശങ്കകളും മറ്റും ആളുകൾ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിൽ പങ്കുവയ്ക്കാറുണ്ട്. തൊഴിൽരം​ഗത്തെ ചൂഷണങ്ങളെ കുറിച്ചും മറ്റും ആളുകൾ ഇവിടെ പറയുകയും സംശയങ്ങൾ ദുരീകരിക്കാറും ഒക്കെയുണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ റെഡ്ഡിറ്റിൽ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്.

ഈ പോസ്റ്റിൽ പറയുന്നത്, ഹയറിം​ഗ് മാനേജർമാരുടെ പെരുമാറ്റത്തെ കുറിച്ചാണ്. അഭിമുഖങ്ങളിൽ ഹയറിം​ഗ് മാനേജർമാർ എന്തുകൊണ്ടാണ് ഇങ്ങനെ പെരുമാറുന്നത് എന്നാണ് പോസ്റ്റിട്ടയാളുടെ സംശയം. തനിക്കുണ്ടായ അനുഭവം യുവാവ് വിവരിക്കുന്നത് ഇങ്ങനെയാണ്.

ബെം​ഗളൂരുവിൽ ഒരു ജോലിക്ക് വേണ്ടി അപേക്ഷിച്ചു. റിക്രൂട്ടർ ഹയറിം​ഗ് മാനേജരുമായി ഒരു ഇന്റർവ്യൂ തീരുമാനിച്ചു. എന്നാൽ, ​ഹയറിം​ഗ് മാനേജർ വന്നില്ല. ഒരറിയിപ്പോ, വിശദീകരണമോ ഒന്നും ഉണ്ടായില്ല. ഞാൻ റിക്രൂട്ടറോട് സംസാരിച്ചു വീണ്ടും ഇന്റർവ്യൂ തീരുമാനിച്ചു. ഇത്തവണ ഹയറിം​ഗ് മാനേജർ 15 മിനിറ്റ് വൈകിയാണ് വന്നത്. ഖേദപ്രകടനമോ വിശദീകരണമോ ഒന്നുമില്ല എന്ന് പോസ്റ്റിൽ പറയുന്നു.

വളരെ ധിക്കാരത്തോടെയായിരുന്നു ഹയറിം​ഗ് മാനേജരുടെ പെരുമാറ്റം. എങ്ങനെയൊണ് ജോലിയുടെ സ്വഭാവം തുടങ്ങിയ കാര്യങ്ങളാണ് സംസാരിച്ചത്. ഒരു മര്യാദയുമില്ലാത്ത രീതിയിലായിരുന്നു ഹയറിം​ഗ് മാനേജരുടെ പെരുമാറ്റം എന്നും പോസ്റ്റിൽ പറയുന്നു.

റെഡ്ഡിറ്റ് യൂസർ ചോദിക്കുന്നത്, ഇങ്ങനെയൊക്കെ പെരുമാറാൻ ഹയറിം​ഗ് മാനേജർമാർ എന്നാൽ ദൈവമാണോ എന്നാണ്. നിരവധിപ്പേരാണ് ഈ പോസ്റ്റിന് കമന്റുകൾ നൽകിയിരിക്കുന്നത്. മാനേജർമാർ മിക്കവാറും ഇങ്ങനെയാണ് പെരുമാറുന്നത് എന്നായിരുന്നു പലരുടേയും കമന്റുകൾ.

ഒരു സ്ഥാപനത്തിലെ തൊഴിലാളികൾ കമ്പനിയെ ഉപേക്ഷിച്ചല്ല പോകുന്നത്, അവിടെയുള്ള മാനേജരെ ഉപേക്ഷിച്ചാണ് പോകുന്നത് എന്നൊരു പറച്ചിൽ തന്നെയുണ്ട് എന്നായിരുന്നു ഒരാളുടെ കമന്റ്. പലരും ഇത്തരത്തിൽ പെരുമാറുന്ന മാനേജർമാരെ കുറിച്ചും കമന്റുകളിൽ സൂചിപ്പിച്ചു.