ഭക്ഷണത്തെ ചൊല്ലി തർക്കം; റസ്റ്റോറന്‍റ് ജീവനക്കാരൻ മൂന്നംഗ കുടുംബത്തിന് നേരെ വെടിയുതിർത്തു
2021 ലാണ് ഈ സംഭവം നടന്നതെങ്കിലും വെടിവെപ്പിന്‍റെ ദൃശ്യങ്ങൾ കുടുംബത്തിന്‍റെ അഭിഭാഷകൻ പുറത്തുവിട്ടതോടെ വീണ്ടും മാധ്യമങ്ങളിൽ ഈ വാർത്ത ഇടം പിടിച്ചിരിക്കുകയാണ്.

ഭക്ഷണത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് റസ്റ്റോറൻറ് ജീവനക്കാരൻ, ഭക്ഷണം കഴിക്കാനായെത്തിയ മൂന്നംഗ കുടുംബത്തിന് നേരെ വെടിയുതിർത്തു. അമേരിക്കയിലെ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്‍റ് ശൃംഖലയായ 'ജാക്ക് ഇൻ ദി ബോക്‌സ്' ന്‍റെ ഹൂസ്റ്റണിലെ ഔട്ട്‌ലെറ്റിൽ ആണ് സംഭവം നടന്നത്. 2021 ലാണ് ഈ സംഭവം നടന്നതെങ്കിലും വെടിവെപ്പിന്‍റെ ദൃശ്യങ്ങൾ കുടുംബത്തിന്‍റെ അഭിഭാഷകൻ പുറത്തുവിട്ടതോടെ വീണ്ടും മാധ്യമങ്ങളിൽ ഈ വാർത്ത ഇടം പിടിച്ചിരിക്കുകയാണ്. പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ഏഴ് ദശലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ടത്.
അമേരിക്കന്‍ വസ്ത്ര വിപണി കീഴടക്കിയ മദ്രാസ് 'കൈലി'യുടെ കഥ !
കെളി ഫ്രൈസിനെ ചൊല്ലിലുണ്ടായ തർക്കമാണ് വെടിവെപ്പിൽ കാലാശിച്ചത്. ജോർജ്ജ് ബുഷ് ഇന്‍റർകോണ്ടിനെന്‍റൽ എയർപോർട്ടിൽ ഭാര്യയെയും മകളെയും കൂട്ടാൻ പോയ ആന്‍റണി റാമോസ് എന്നയാളുടെ കുടുംബത്തിന് നേരെയാണ് ജീവനക്കാരൻ വെടിയുതിർത്തത്. എയർപോർട്ടിൽ നിന്നും ഭാര്യയെയും മകളെയും കൂട്ടി വരുന്നതിനിടയിലാണ് ആന്‍റണി റാമോസ് റസ്റ്റോറന്‍റിൽ കയറിയത്. ഓർഡർ ചെയ്ത ഭക്ഷണത്തിൽ ഫ്രൈസ് കാണാതെ വന്നപ്പോൾ റാമോസ് ആ കാര്യം ജീവനക്കാരനോട് സൂചിപ്പിച്ചു. എന്നാൽ, അയാൾ കൃത്യമായ മറുപടി നൽകിയില്ലെന്ന് മാത്രമല്ല അനാവശ്യമായി വാക്ക് തർക്കത്തിൽ ഏർപ്പെടാനും തുടങ്ങി. ഇതിനിടയിലാണ് അപ്രതീക്ഷിതമായി ജീവനക്കാരൻ ഈ മൂന്നംഗ കുടുംബത്തിനും നേരെ വെടിയുതിർത്തത്.
അലോനിയ ഫോർഡ് എന്ന ജീവനക്കാരനാണ് കുടുംബത്തിന് നേരെ വെടി വെച്ചത്. ഇയാൾ റാമോസിനെയും അയാളുടെ ഗർഭിണിയായ ഭാര്യയെയും ആറു വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിനെയും വെടിവെച്ചതിന് ശേഷം ഇവരുടെ വാഹനത്തിന് നേരെയും വെടിയുതിർത്തു. റാമോസിന് വേണ്ടി അഭിഭാഷകനായ റാൻഡൽ എൽ കല്ലിനെൻ 2022-ൽ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്‍റിനെതിരെയും അലോനിയ ഫോർഡിനെതിരെയും കേസ് ഫയൽ ചെയ്തു. ഇപ്പോൾ കല്ലിനെൻ തന്നെയാണ് സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടിരിക്കുന്നത്. ജാക്ക് ഇൻ ദി ബോക്‌സിൽ ജോലി ചെയ്യുന്നതിന് മുമ്പ് 2012 ൽ തീവ്രവാദ ഭീഷണിക്ക് അലോനിയക്കെതിരെ കുറ്റം ചുമത്തുകയും ഇയാള്‍ കുറ്റസമ്മതം നടത്തുകയും ചെയ്തിരുന്നെന്നും കല്ലിനെൻ മാധ്യമങ്ങളോട് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക