Asianet News MalayalamAsianet News Malayalam

'താലിബാനും മുമ്പ്...' കാബൂളില്‍ സ്ത്രീ നടത്തുന്ന റസ്റ്റോറന്‍റില്‍ ഇരിക്കുന്ന ചിത്രം പങ്കുവച്ച് സാറാ വഹേദി

"യുഎസിലെ സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിക്കുന്നതിനും ഒരു വര്‍ഷം മുമ്പ് 1919-ല്‍ അഫ്ഗാനിലെ സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിച്ചു, എനിക്ക് പിന്നിൽ സ്ത്രീകളുടെ വോട്ടവകാശത്തിന് നേതൃത്വം നൽകിയ അഫ്ഗാനിസ്ഥാനിലെ രാജ്ഞി സോറയയാണ്." ചിത്രം പങ്കുവച്ച് കൊണ്ട് സാറാ എഴുതി. 

Sara Wahedi shared a picture of a woman sitting in a restaurant in Kabul Before the Taliban bkg
Author
First Published Sep 28, 2023, 9:53 AM IST


2021-ആഗസ്റ്റ് 15 ന് നാറ്റോ സഖ്യം അമേരിക്കയുടെ നേതൃത്വത്തില്‍ അഫ്ഗാന്‍റെ മണ്ണില്‍ നിന്നും പിന്മാറിയതിന് പിന്നാലെ അധികാരം കൈയാളിയ താലിബാന്‍ പെണ്‍കുട്ടികളുടെ സെക്കൻഡറി സ്‌കൂളുകൾ അടച്ച് പൂട്ടിയും സ്ത്രികള്‍ക്ക് ഒറ്റയ്ക്കുള്ള സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചു ഉത്തരവിറക്കി. സര്‍വ്വകലാശാലകളില്‍ നിന്നും പൊതുനിരത്തില്‍ നിന്നും പാര്‍ക്കുകളില്‍ നിന്നും എന്തിന് സര്‍ക്കാര്‍ - സർക്കാരിതര ഏജൻസികളിൽ ജോലി ചെയ്യുന്നതിന് വരെ സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. സ്പാകളും ബ്യൂട്ടി പാര്‍ലറുകളും അടച്ച് പൂട്ടി. സ്ത്രീകളുടെ മുഖമുള്ള ചിത്രങ്ങള്‍ പോലും തെരുവുകളില്‍ നിന്നും മായ്ക്കപ്പെട്ടു.  ഇങ്ങനെ സ്ത്രീകൾക്കെതിരെയുള്ള വിവേചനപരമായ നിരവധി നിയമങ്ങൾ താലിബാന്‍ രാജ്യത്ത് പ്രാബല്യത്തിൽ കൊണ്ടുവന്നു. താലിബാന്‍റെ ഏകാധിപത്യത്തിനെതിരെ സ്ത്രീകള്‍ തെരുവുകളില്‍ ഇറങ്ങിയെങ്കിലും അവയെല്ലാം നിഷ്ക്കരുണം അടിച്ചൊതുക്കപ്പെട്ടു. 

താലിബാന്‍റെ ഭരണം രണ്ട് വര്‍ഷം പിന്നിട്ടപ്പോള്‍ പഴയ ഓര്‍മ്മകളില്‍ നിന്നൊരു ചിത്രം സാറാ വഹേദി ട്വിറ്ററില്‍ പങ്കുവച്ചത് ഏറെ പേരുടെ ശ്രദ്ധ നേടി. അഫ്ഗാനിസ്ഥാനിലെ ആദ്യത്തെ സിവിക് ടെക്നോളജി സ്റ്റാർട്ടപ്പായ എഹ്‌തസാബിന്‍റെ സിഇഒയും സ്ഥാപകയുമാണ് സാറാ വഹേദി. താലിബാന്‍ ഭരണം ഏറ്റെടുക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് കാബൂളില്‍ സ്ത്രീകളുടെ ഉടമസ്ഥതയില്‍ സ്ത്രീകള്‍ നടത്തിയിരുന്ന ബോസ്റ്റ് റെസ്റ്റോറന്‍റിൽ നിന്നുള്ള പഴയൊരു ചിത്രമായിരുന്നു അവര്‍ പങ്കുവച്ചത്. "യുഎസിലെ സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിക്കുന്നതിനും ഒരു വര്‍ഷം മുമ്പ് 1919-ല്‍ അഫ്ഗാനിലെ സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിച്ചു, എനിക്ക് പിന്നിൽ സ്ത്രീകളുടെ വോട്ടവകാശത്തിന് നേതൃത്വം നൽകിയ അഫ്ഗാനിസ്ഥാനിലെ രാജ്ഞി സോറയയാണ്. ഞങ്ങൾ ശക്തരില്‍ ശക്തരായ സ്ത്രീകളിൽ നിന്നാണ് വരുന്നത്. ലോകം അറിയാൻ ഞാൻ ആഗ്രഹിക്കുന്ന അഫ്ഗാനിസ്ഥാൻ ഇതാണ്. അതിനാണ് ഞങ്ങൾ പോരാടുന്നത്." ചിത്രം പങ്കുവച്ച് കൊണ്ട് സാറാ എഴുതി. സാറാ വഹാദി ജനുവരി 14 ന് പങ്കുവച്ച ചിത്രം വീണ്ടും പങ്കുവച്ച് കൊണ്ടാണ് ഇങ്ങനെ എഴുതിയത്. 

375 വര്‍ഷങ്ങള്‍ക്ക് ശേഷം 'സീലാൻഡിയ' എന്ന നഷ്ടപ്പെട്ട വന്‍കര കണ്ടെത്തി; ലോകത്തിലെ എട്ടാമത്തെ ഭൂഖണ്ഡം !

പശുവിന്‍റെ രക്തം കുടിക്കും മൃതദേഹം കുറ്റിക്കാട്ടിൽ തള്ളും; മസായി ഗോത്രത്തിന്‍റെ തനത് ആചാരങ്ങള്‍ !

ജനുവരി 14 ന് ആദ്യമായി ചിത്രം പങ്കുവച്ച് കൊണ്ട് അവരെഴുതിയത്, 'ഞാൻ കാബൂളിലെ ബോസ്റ്റ് റെസ്റ്റോറന്‍റിൽ. 100 % വനിതാ ജീവനക്കാരുള്ള ഇത് സ്ത്രീയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു (@MaryAkrami). താലിബാൻ ഏറ്റെടുക്കുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പായിരുന്നു ഇത്.  എന്‍റെ പിന്നിൽ ഇതിഹാസ അഫ്ഗാൻ സ്ത്രീകളുടെ ചിത്രങ്ങളുണ്ട്. ഞങ്ങൾ അപ്പോൾ പുഞ്ചിരിച്ചു - ഭാവിയെക്കുറിച്ച് ആവേശഭരിതരായി. അഫ്ഗാൻ സ്ത്രീകളെ തടയാനായില്ല."  ഫ്രീ വുമൺ റൈറ്റേഴ്‌സിന്‍റെ വെബ്‌സൈറ്റിൽ 2017 ലെ ഒരു ലേഖനത്തില്‍ പറയുന്നത്, ആക്ടിവിസ്റ്റ് മേരി അക്രമിയാണ് ബോസ്റ്റ് റെസ്റ്റോറന്‍റ് സ്ഥാപിച്ചതെന്നാണ്. റസ്റ്റോറന്‍റിലേക്ക് പുരുഷന്മാര്‍ക്ക് ഒറ്റയ്ക്ക് വരാന്‍ അനുവാദമുണ്ടായിരുന്നില്ല. മറിച്ച് അവരുടെ കുടുംബാംഗങ്ങൾക്കൊപ്പം വരാം. റെസ്റ്റോറന്‍റിലെ ജീവനക്കാരികള്‍ ലൈംഗീകാതിക്രമത്തെ അതിജീവിച്ചവരായിരുന്നു. നിർബന്ധിത വിവാഹങ്ങളിൽ നിന്നും അക്രമാസക്തമായ കുടുംബങ്ങളിൽ നിന്നും രക്ഷപ്പെട്ട് അഭയകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന സ്ത്രീകള്‍ക്ക് സാമ്പത്തിക സ്വയംപര്യാപ്തതയിലേക്കുള്ള വഴി ഒരുക്കുകയാണ് ഇത്തരത്തില്‍ സ്ത്രീ ജീവനക്കാരെ ഉള്‍പ്പെടുത്തി ഒരു റസ്റ്റോറന്‍റ് തുറന്നതിന് പിന്നിലെന്ന് മേരി അക്രമി അന്ന് ഫ്രീ വുമൺ റൈറ്റേഴ്‌സിനോട് പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios