കുടിക്കുന്നതൊക്കെ കൊള്ളാം പക്ഷേ; കുടിയൻമാർക്ക് പണികൊടുത്ത് ബാർ ഉടമ
കഴിഞ്ഞ രണ്ടു വർഷക്കാലമായി മിമോസയിൽ ഈ നിയമം നിലവിലുണ്ട്. പരിധിവിട്ട് മദ്യപിച്ച ശേഷം ആളുകൾ ബാറിനുള്ളിൽ തന്നെ ഛർദിക്കുകയും തുപ്പുകയും ഒക്കെ ചെയ്യുന്നത് തടയുന്നതിനായാണ് ഇത്തരത്തിൽ ഒരു നിയമം ഇവിടെ നടപ്പിലാക്കിയത് എന്നാണ് ബാർ ഉടമ പറയുന്നത്.

സ്വന്തം കയ്യിലെ കാശാണെല്ലോ എന്നുംവച്ച് വയറുനിറയെ മദ്യം കഴിക്കാമെന്ന ആഗ്രഹവുമായി ആരും ഈ ബാറിൽ കയറണ്ട. ഇനി മദ്യം കഴിച്ചു എന്ന് തന്നെ ഇരിക്കട്ടെ. മദ്യലഹരിയിൽ ബാറോ ബാറിലെ ഉപകരണങ്ങളോ വൃത്തികേടാക്കിയാൽ നല്ല മുട്ടൻ പണി കിട്ടും ഈ ബാറിൽ.
അതായത് അറിയാതെ വാള് വെച്ചതാണെങ്കിലും ശരി വൃത്തിയാക്കാനുള്ള പണം കൊടുത്താൽ മാത്രമേ ഇവിടെ നിന്നും പോകാൻ കഴിയുകയുള്ളൂ. സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് കാലിഫോർണിയയിലെ ഓക്ക്‌ലാൻഡിലെ ബാർ റസ്റ്റോറൻറ് ആയ മിമോസ ആണ് ഇത്തരത്തിൽ ഒരു നിയമം നടപ്പിലാക്കിയിരിക്കുന്നത്. ബാർ വൃത്തിയാക്കുന്നതിനായി 50 ഡോളറാണ് അധികമായി നൽകേണ്ടത്.
ബാറിലേക്ക് മദ്യം കഴിക്കാനായി ആളുകൾ എത്തുമ്പോൾ ആദ്യം തന്നെ കാണുന്നത് ഇവിടെ പതിപ്പിച്ചിരിക്കുന്ന ഈ നിർദ്ദേശമാണ്. അത് ഇങ്ങനെയാണ്: പ്രിയപ്പെട്ട മിമോസ പ്രേമികളേ, ദയവായി ഉത്തരവാദിത്തത്തോടെ കുടിക്കുകയും നിങ്ങളുടെ പരിധികൾ അറിയുകയും ചെയ്യുക. ഞങ്ങളുടെ പൊതുഇടങ്ങളിൽ നിങ്ങൾ വൃത്തികേട് ആകുമ്പോൾ $50 ക്ലീനിംഗ് ഫീസ് സ്വയമേവ നിങ്ങളുടെ ബില്ലിൽ ഉൾപ്പെടുത്തും. മനസ്സിലാക്കിയതിന് വളരെ നന്ദി. ”
കഴിഞ്ഞ രണ്ടു വർഷക്കാലമായി മിമോസയിൽ ഈ നിയമം നിലവിലുണ്ട്. പരിധിവിട്ട് മദ്യപിച്ച ശേഷം ആളുകൾ ബാറിനുള്ളിൽ തന്നെ ഛർദിക്കുകയും തുപ്പുകയും ഒക്കെ ചെയ്യുന്നത് തടയുന്നതിനായാണ് ഇത്തരത്തിൽ ഒരു നിയമം ഇവിടെ നടപ്പിലാക്കിയത് എന്നാണ് ബാർ ഉടമ പറയുന്നത്. ഇന്നുവരെ, താൻ ആരിൽ നിന്നും ക്ലീനിംഗ് ഫീസ് ഈടാക്കിയിട്ടില്ല, എന്നാൽ ഈ നിർദ്ദേശം ഫലപ്രദമായ പ്രതിരോധമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് റെസ്റ്റോറന്റിന്റെ ഉടമ സിബിഎസ് ന്യൂസിനോട് സംസാരിക്കവേ വെളിപ്പെടുത്തി.
സ്വന്തം കീശയിലെ പണം തന്നെ പോകും എന്നായതോടെ ആളുകൾ കൂടുതൽ ഉത്തരവാദിത്വബോധമുള്ളവരായി മാറിയെന്നും അദ്ദേഹം പറയുന്നു. സാൻ ഫ്രാൻസിസ്കോയിലെ ഒരു റെസ്റ്റോറന്റും സമാനമായ നിയമം നടപ്പിലാക്കിയിട്ടുണ്ട്. ഇവിടെയും ശുചീകരണ ഫീസായി നൽകേണ്ട അധിക തുക 50 ഡോളറാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: