Asianet News MalayalamAsianet News Malayalam

നല്ലൊരു വരനെ കിട്ടാനില്ല, സ്വപ്നവിവാഹത്തിനായി 20 വർഷത്തെ സമ്പാദ്യം നീക്കിവെച്ച യുവതി സ്വയം വിവാഹം കഴിച്ചു

ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങുന്ന 40 പേരാണ് ചടങ്ങുകളിൽ പങ്കെടുത്തത്. വിവാഹാഘോഷത്തിൽ പ്രത്യേകമായ ചടങ്ങുകൾക്കൊപ്പം തനിക്കായി ഒരു വിവാഹമോതിരവും അവൾ കരുതിയിരുന്നു.

woman waited 20 years for a dream marriage finally married herself rlp
Author
First Published Oct 15, 2023, 3:25 PM IST

വിവാഹജീവിതം ഏറ്റവും സുന്ദരമായ ഓർമ്മയായി ആഘോഷിക്കാനാണ് പലരും ആഗ്രഹിക്കുന്നത്. അത്തരത്തിൽ സ്വന്തം വിവാഹം സ്വപ്നം കണ്ടതുപോലെ ആഘോഷമാക്കുന്നതിനായി യുകെ സ്വദേശിയായ സ്ത്രീ നീക്കിവെച്ചത് തൻറെ 20 വർഷത്തെ സമ്പാദ്യം. പക്ഷേ, ദൗർഭാഗ്യകരം എന്ന് പറയട്ടെ തനിക്ക് ചേർന്ന പങ്കാളിയെ കണ്ടെത്താൻ സാധിക്കാതെ വന്നതോടെ സ്വയം വിവാഹം കഴിച്ച് അവർ തന്റെ സ്വപ്നസാക്ഷാത്കാരം നടത്തിയിരിക്കുകയാണ്. 

യുകെ സ്വദേശിനിയായ സാറാ വിൽക്കിൻസൺ എന്ന 42 -കാരിയാണ് തന്റെ സ്വപ്നവിവാഹത്തിനായി കഴിഞ്ഞ 20 വർഷമായി സമ്പാദിച്ച പണം മുഴുവൻ ചിലവഴിച്ചത്. വിവാഹം കഴിക്കുന്നതിനായി പറ്റിയ പങ്കാളിയെ കണ്ടെത്താൻ സാധിക്കാതെ വന്നതോടെ സ്വയം വിവാഹം കഴിച്ച് ആഘോഷം നടത്താൻ തീരുമാനിക്കുകയായിരുന്നു ഇവർ. തൻറെ വിവാഹത്തിനായി സാറ ചെലവഴിച്ചത് 10,000 പൗണ്ട് ആണ് അതായത് പത്തുലക്ഷം രൂപ. ബിബിസി റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, സഫോക്കിലെ ഫെലിക്‌സ്‌റ്റോവിലെ ഹാർവെസ്റ്റ് ഹൗസിൽ ആയിരുന്നു സാറയുടെ വിവാഹത്തിന്‍റെ ആഘോഷ ചടങ്ങുകൾ നടന്നത്.

ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങുന്ന 40 പേരാണ് ചടങ്ങുകളിൽ പങ്കെടുത്തത്. വിവാഹാഘോഷത്തിൽ പ്രത്യേകമായ ചടങ്ങുകൾക്കൊപ്പം തനിക്കായി ഒരു വിവാഹമോതിരവും അവൾ കരുതിയിരുന്നു. തൻറെ ആഗ്രഹത്തെ കുറിച്ച് അറിഞ്ഞപ്പോൾ ബന്ധുക്കളും സുഹൃത്തുക്കളും കൂടെ നിന്നു എന്നാണ് സാറ വിക്കിൻസൺ മാധ്യമങ്ങളോട് സംസാരിക്കവേ പ്രതികരിച്ചത്. 

20 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇത്തരത്തിൽ ഒരു ഭാഗ്യം തന്നെ തേടിയെത്തിയതെന്നും ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷമായിരുന്നു തൻറെ വിവാഹനിമിഷം എന്നും അവൾ അഭിപ്രായപ്പെട്ടു. ക്ലാസിക് വൈറ്റ് ഗൗണിൽ അതീവസുന്ദരിയായ അണിഞ്ഞൊരുങ്ങിയ സാറയെ വിവാഹവേദിയിലേക്ക് കൈപിടിച്ചു കൊണ്ടുവന്നത് അമ്മയാണ്. സാറയുടെ സുഹൃത്തും പ്രൊഫഷണൽ വെഡ്ഡിംഗ് പ്ലാനറുമായ കാതറിൻ ക്രെസ്വെൽ ആണ് പരിപാടി നിയന്ത്രിച്ചത്. എന്നാൽ ഒരു പങ്കാളിയെ കണ്ടെത്താനുള്ള പ്രതീക്ഷ സാറ ഉപേക്ഷിച്ചു എന്നല്ല ഈ വിവാഹം കൊണ്ട് അർത്ഥമാക്കുന്നതെന്നും ബന്ധുക്കൾ പ്രതികരിച്ചു.

വായിക്കാം: ഒരുചാക്ക് നാണയങ്ങളുമായി ഐഫോൺ 15 സ്വന്തമാക്കാനെത്തിയ യാചകൻ; തരംഗമായി വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:

Follow Us:
Download App:
  • android
  • ios