അപകടകരമായ ഭക്ഷണ ശീലങ്ങളെ ഈ റെസ്റ്റോറന്‍റ് മഹത്വവൽക്കരിക്കുന്നുവെന്നതാണ് ഒരു വിഭാഗം ആളുകൾ ഈ റെസ്റ്റോറന്‍റിനെ എതിർക്കാനുള്ള പ്രധാന കാരണം.
പലതരത്തിലുള്ള മാർക്കറ്റിങ്ങ് തന്ത്രങ്ങൾ കച്ചവടക്കാർ പരീക്ഷിക്കാറുണ്ട്. അക്കൂട്ടത്തിൽ ഉപഭോക്താക്കളെ സന്തോഷിപ്പിക്കാനായി പലതരത്തിലുള്ള ഓഫറുകൾ നൽകുന്നതും ഉൾപ്പെടുന്നു. എന്നാൽ അൽപ്പം വ്യത്യസ്തമായ ഒരു ഓഫർ തങ്ങളുടെ ഉപഭോക്താക്കൾക്ക് മുൻപിൽ വെച്ചിരിക്കുകയാണ് ഒരു അമേരിക്കൻ റെസ്റ്റോറന്‍റ്. ഭക്ഷണപ്രേമികളെ ലക്ഷ്യം വെച്ചാണ് ഈ ഓഫർ, എന്താണെന്നല്ലേ? ഇവിടെയുത്തുന്ന 158 കിലോയിൽ കൂടുതൽ ഭാരമുള്ള എല്ലാവർക്കും സൗജന്യ ഭക്ഷണം എന്നതാണ് ആ ഓഫർ. അമേരിക്കയിലെ പ്രശസ്ത റെസ്റ്റോറന്‍റ് ശൃംഖലയായ 'ഹാർട്ട് അറ്റാക്ക് ഗ്രിൽ (heart attack grill) റസ്റ്റോറന്‍റ് ആണ് ഇത്തരത്തിൽ ഒരു ഓഫർ മുന്നോട്ട് വെച്ചിരിക്കുന്നത്.
ഹൈ കലോറി ഭക്ഷണ പദാർത്ഥങ്ങൾ മാത്രമാണ് ഈ റെസ്റ്റോറന്‍റിൽ വിൽക്കാറുള്ളത്. അതുകൊണ്ട് തന്നെ അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഹാർട്ട് അറ്റാക്ക് ഗ്രിൽ റസ്റ്റോറന്‍റിന്‍റെ രീതിക്കെതിരെ വലിയ വിമർശനങ്ങളാണ് നേരത്തെയും ഉയര്‍ന്നിരുന്നത്. അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ആളുകൾക്ക് പൊണ്ണത്തടിയും ഹൃദ്രോഗവും പോലുള്ള ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ക്ഷണിച്ച് വരുത്തുകയാണ് ഈ റെസ്റ്റോറന്‍റ് ചെയ്യുന്നതെന്നാണ് ഹാർട്ട് അറ്റാക്ക് ഗ്രിൽ റെസ്റ്റോറന്‍റിനെതിരെ കഴിഞ്ഞ കുറച്ച് കാലങ്ങളായി ഉയരുന്ന ആരോപണം.
കൂടുതല്‍ വായനയ്ക്ക്: പഴങ്ങള്‍ വാങ്ങാനെത്തുന്നവർക്ക് പുസ്തകങ്ങൾ സമ്മാനിക്കുന്ന പഴക്കച്ചവടക്കാരൻ!
ഇത്തരം വിമർശനങ്ങൾ ചെറിയ രീതിയിലുള്ള ക്ഷീണം വരുത്തിയിട്ടുണ്ടെങ്കിലും ഇപ്പോഴും ഇവിടുത്തെ ഭക്ഷണ സാധനങ്ങളിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. അപകടകരമായ ഭക്ഷണ ശീലങ്ങളെ ഈ റെസ്റ്റോറന്‍റ് മഹത്വവൽക്കരിക്കുന്നുവെന്നതാണ് ഒരു വിഭാഗം ആളുകൾ ഈ റെസ്റ്റോറന്‍റിനെ എതിർക്കാനുള്ള പ്രധാന കാരണം. പ്രശസ്ത അമേരിക്കൻ യു ട്യൂബർ ആയ നിക്കോകാഡോ അവകാഡോ റെസ്റ്റോറന്‍റിലെ ഏറെ പ്രശസ്തമായ ഡബിൾ ബൈപാസ് ബർഗർ കഴിക്കുന്നതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. 20,000 കലോറിയാണ് ഈ ബർഗറിലുള്ളത്. റെസ്റ്റോറന്‍റിൽ ഷെഫുമാർ ഡോകടറുടെ വേഷവും മറ്റ് ജീവനക്കാർ നഴ്സുമാരുടെ വേഷവുമാണ് ധരിക്കുക. ഭക്ഷണം കഴിക്കാനെത്തുന്നവർ ഇവിടെ നിന്നും ലഭിക്കുന്ന ആശുപത്രി ഗൗണും ധരിക്കണം.
കൂടുതല്‍ വായനയ്ക്ക്: ഇന്ത്യന്‍ സാംസ്കാരിക - സാമ്പത്തിക പരിസ്ഥിതി പഠിക്കാന്‍ താലിബാന്‍; കോഴ്സ് നടത്തുന്നത് കോഴിക്കോട് ഐഐഎം !
അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ അംഗീകരിക്കാത്ത ഒരു ഫിസിഷ്യനായ ഡോ. ജോൺ ആണ് 2005 ഡിസംബറിൽ ഈ റെസ്റ്റോറന്‍റ് സ്ഥാപിച്ചത്. ആരംഭിച്ച കാലം മുതൽ റെസ്റ്റോറന്‍റിനെതിരെയുള്ള എതിർപ്പുകളും ശക്തമാണ്. 2006 ൽ അറ്റോർണി ജനറലിന്‍റെ ഓഫീസിൽ നിന്ന് അടച്ചുപൂട്ടൽ ഭീഷണിയുൾപ്പെടെ നേരിടേണ്ടി വന്നു. റെസ്റ്റോറന്‍റിനെതിരെ പ്രതിഷേധിച്ച നഴ്‌സുമാർക്ക് നേരെ ഫയർ ഹോസ് ഉപയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് ഡോ. ജോണിനെ അറസ്റ്റ് ചെയ്തതോടെ വിവാദം പാരമ്യത്തിലെത്തി. വിവാദങ്ങൾ വാർത്തകളിൽ നിറഞ്ഞതോടെ അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഉൾപ്പടെ ഹാർട്ട് അറ്റാക്ക് ഗ്രിൽ റസ്റ്റോറന്‍റ് സ്ഥാനം പിടിച്ചു വെന്നതാണ് യാഥാര്‍ത്ഥ്യം.
കൂടുതല്‍ വായനയ്ക്ക്: വില കേട്ട് ഞെട്ടണ്ട, ഈ ഷോപ്പിങ്ങ് ബാഗ് വെറും 86 ലക്ഷം മാത്രം !
