വാഷിംഗ്ടണ്‍: വൈറ്റ് ഹൗസില്‍ വീണ്ടും വളര്‍ത്തുമൃഗങ്ങളുടെ കാലം. ജോ ബൈഡന്‍ പുതിയ പ്രസിഡന്റായി വരുന്നതോടെയാണ് വൈറ്റ് ഹൗസിലേക്ക് വീണ്ടും വളര്‍ത്തുമൃഗങ്ങള്‍ എത്തുന്നത്. വൈറ്റ് ഹൗസിന്റെ നൂറു വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി വളര്‍ത്തു മൃഗങ്ങള്‍ക്ക് ഇടമില്ലാത്ത കാലമായിരുന്നു  കഴിഞ്ഞുപോയത്. ഒരൊറ്റ വളര്‍ത്തു മൃഗവുമില്ലായിരുന്നു മുന്‍ പ്രസിഡന്റ് ട്രംപിന്. ആ ശൂന്യതയിലേക്കാണ്, ചാമ്പ എന്നും മേജര്‍ എന്നും പേരുള്ള രണ്ട് ജര്‍മന്‍ ഷെപേഡ് പട്ടികള്‍ വൈറ്റ് ഹൗസിലേക്ക് കടന്നുവരുന്നത്. പുതിയ പ്രസിഡന്റ് ജോ ബൈഡന്റെ പ്രിയപ്പെട്ട വളര്‍ത്തു പട്ടികളാണ് ഇവ. 

ബൈഡന്റെ വളര്‍ത്തുപട്ടികള്‍ക്ക് ഇതിനകം തന്നെ ആരാധകര്‍ ഏറെയാണ്. ഈ പട്ടികളുടെ പേരിലുള്ള ട്വിറ്റര്‍ പേജില്‍ ആയിരക്കണക്കിന് ഫോളോവേഴ്‌സാണ് ഉള്ളത്. അമേരിക്കയുടെ പുതിയ 'പ്രഥമ ശുനകന്‍മാരെക്കുറിച്ച്' ഇതിനകം വാര്‍ത്തകള്‍ വന്നുതുടങ്ങിയിട്ടുണ്ട്. 

2008-ല്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കാലത്താണ് ബൈഡന് ചാമ്പ് എന്ന പട്ടിക്കുട്ടിയെ കിട്ടുന്നത്. ഭാര്യ ജില്ലിന്റെ സമ്മാനമായിരുന്നു അത്. ബൈഡന്റെ കൊച്ചുമക്കളാണ് പട്ടിക്ക് ചാമ്പ് എന്ന പേരിട്ടത്. 2018 -ലാണ് മേജര്‍ എന്ന ജര്‍മന്‍ ഷെപേഡിനെ ബൈഡന് ലഭിച്ചത്. പ്രചാരണത്തിനിടെ മേജറിന്റെ ഫോട്ടോ ബൈഡന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. 

 
 
 
 
 
 
 
 
 
 
 
 
 

Build Bark Better. Happy #NationalDogDay

A post shared by Dr. Jill Biden (@drbiden) on Aug 26, 2020 at 4:04pm PDT

 

ബറാക് ഒബാമയുടെ കാലത്ത് ബോ, സണ്ണി എന്നു പേരായ രണ്ടു പോര്‍ച്ചുഗീസ് പട്ടികളായിരുന്നു വൈറ്റ് ഹൗസില്‍ ഉണ്ടായിരുന്നത്. 2009-ല്‍ സെനറ്റര്‍ ടെഡ് കെന്നഡിയാണ് ബോ എന്ന പട്ടിക്കുട്ടിയെ ഒബാമയുടെ കുട്ടികള്‍ക്ക് സമ്മാനമായി നല്‍കിയത്. 2013-ലാണ് സണ്ണി എന്ന പട്ടിക്കുട്ടി എത്തിയത്. ട്രംപ് വന്നതോടെയാണ്, വൈറ്റ് ഹൗസില്‍ വളര്‍ത്തു മൃഗങ്ങള്‍ക്ക് ഇടമില്ലാതായത്.