കവിയും എഴുത്തുകാരനുമായ നിരഞ്ജന്‍ വര്‍ഷങ്ങളായി കടലിലാണ്. മറൈന്‍ എഞ്ചിനീയര്‍ എന്ന നിലയില്‍, ലോകമാകെ കറങ്ങുന്ന നിരഞ്ജന്‍ കപ്പലുകളിലും മറുദേശങ്ങളിലുമായി കണ്ടുമുട്ടിയ ചില മനുഷ്യരെ ഓര്‍ക്കുകയാണ് ഈ കുറിപ്പില്‍. വിഭജനത്തിന്റെയും പലായനത്തിന്റെയും രക്തമിറ്റുന്ന ഭൂതകാലം മാറ്റിമറിച്ച പാക്കിസ്താനി സഹപ്രവര്‍ത്തകന്‍, ദില്ലിയിലെ സിഖ് കലാപം മാറ്റിയെഴുതിയ ജീവിതവുമായി പൊരുതുന്ന ഒരു പെണ്‍കുട്ടി, കഴിഞ്ഞ ദിവസങ്ങളില്‍ ദില്ലിയില്‍നിന്ന് പുറത്തുവന്ന ചിത്രങ്ങളിലെ ആര്‍ത്തുകരയുന്ന കുഞ്ഞുങ്ങള്‍ എന്നിവരെല്ലാം ഈ കുറിപ്പില്‍ കടന്നു വരുന്നു. ഇവരെയെല്ലാം ബന്ധിപ്പിക്കുന്നത്, അപ്രതീക്ഷിതമായി ജീവിതത്തെ മാറ്റിമറിക്കുന്ന കലാപങ്ങളും ദുരന്തങ്ങളുമാണ്. ഹിംസയുടെ രാഷ്ട്രീയം എങ്ങനെയാണ് കുഞ്ഞുങ്ങളുടെ ജീവിതം മാറ്റിമറിക്കുന്നതെന്ന പൊള്ളുന്ന ചോദ്യമാണ് ഈ കുറിപ്പ് ബാക്കിവെക്കുന്നത്.
 

 

അര്‍ഫാന്‍ ഇസ്‌ലാം
ജനനം: 1947 ഓഗസ്റ്റ് 14. 
ജന്‍മസ്ഥലം: ദില്ലി

അതിവിചിത്രമായ ബഹുദേശീയ തൊഴിലിടമായിരുന്നു 29 വര്‍ഷം മുമ്പ് ആദ്യമായി നാവികജോലിക്കു കയറിയ വാലം ഷിപ്പ് മാനേജ്‌മെന്റിലെ ആദ്യ കപ്പല്‍. ചിലിയിലെ വാള്‍പ്പറൈസോ ആസ്ഥാനമായ കമ്പനിയ സുദ് അമേരിക്കാനാ ഡി വാപോര്‍സ് അഥവാ സൗത്ത് അമേരിക്കന്‍ സ്റ്റീഷിപ്പ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള എം.വി.ലോവ എന്ന കണ്ടെയിനര്‍ കാരിയര്‍. ക്രൂ മുഴുവന്‍ ചിലിയില്‍ നിന്നുള്ളവരായിരുന്നു. ഓഫീസര്‍മാരില്‍ റീഫര്‍ എഞ്ചിനീയര്‍ മേയ, ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ ഹോസെ എന്നിവരും ചിലിയില്‍ നിന്നു തന്നെ. ക്യാപ്റ്റന്‍ സഞ്ജയ് കത്യാല്‍, ചീഫ് എഞ്ചിനീയര്‍ നബേന്ദുകുമാര്‍ ബന്ധോപാദ്ധ്യായ്, ചീഫ് ഓഫീസര്‍ ഇനായത്തുള്ള ഖാന്‍ എന്നിവര്‍ക്കു പുറമെ എഞ്ചിന്‍ കാഡറ്റായി കൂട്ടത്തിലെ പയ്യനായ ഞാനുമടക്കം നാലു പേര്‍ ഇന്ത്യക്കാര്‍. റേഡിയോ ഓഫീസര്‍ ബംഗ്ലാദേശിയായ ഷാ ജലാല്‍. ബാക്കിയെല്ലാവരും പാക്കിസ്ഥാനില്‍ നിന്നായിരുന്നു. സെക്കന്‍ഡ് ഓഫീസര്‍ ബാദര്‍ സമന്‍, തേര്‍ഡ് ഓഫീസര്‍ റസ കാസ്മി, സെക്കന്‍ഡ് എഞ്ചിനീയര്‍ നസീം അഹമ്മദ്, തേര്‍ഡ് എഞ്ചിനീയര്‍ അസിഫ് ഭട്ടി, ഫോര്‍ത്ത് എഞ്ചിനീയര്‍ അര്‍ഫാന്‍ ഇസ്ലാം. ഇടയില്‍ ചീഫ് ഓഫീസറായി റഷ്യക്കാരന്‍ ത്സെവോ ഗൊരിയാനോവ് കൂടി വന്നതോടെ സംഗതി പിന്നീട് ഒന്നുകൂടി വര്‍ണശബളമായി.

ആദ്യമായി കപ്പലില്‍ കയറിയതിന്റെ എല്ലാ പരിഭ്രമങ്ങളും ആശങ്കകളുമായി ആദ്യദിവസം എഞ്ചിന്‍ റൂമില്‍ ചെന്ന എന്നെ എതിരേറ്റത് കണ്‍ട്രോള്‍ റൂമില്‍ ചായ കുടിക്കാന്‍ കൂടിയിരിക്കുന്ന പാക്കിസ്ഥാനി സംഘമാണ്. ആദ്യത്തെ പരിചയപ്പെടലുകള്‍ക്കു ശേഷം സെക്കന്‍ഡ് എഞ്ചിനീയര്‍ എഞ്ചിന്‍ റൂമും യന്ത്രങ്ങളുമായി പ്രാഥമികമായി പരിചയപ്പെടേണ്ടതെങ്ങനെ എന്ന് ക്ഷമയോടെ സൗമ്യമായി വിശദീകരിച്ചു തന്നു. ചായകുടിവര്‍ത്തമാനങ്ങളില്‍ നിറഞ്ഞ മധുരമനോഹരമായ ഉറുദുവിന്റെ മനസ്സിലാവായ്മ എന്റെ മുഖത്തുവായിച്ചെടുത്തതുകൊണ്ടാവണം വൃത്തിയായ ഇംഗ്ലീഷിലാണ് അദ്ദേഹം എന്നോട് വര്‍ത്തമാനം പറഞ്ഞത്. പത്താം ക്ലാസു വരെ പഠിച്ച വാര്‍ത്താലാപ് സംഭാഷണങ്ങളും ഹിന്ദിപ്പാട്ടുകളും ബോംബെയിലെ ജീവിതകാലത്ത് പഠിച്ചെടുത്ത പരുക്കന്‍ സംസാരഭാഷയും മാത്രമായിരുന്നു എന്റെ ഹിന്ദിയില്‍പ്പോലുമുള്ള ഭാഷാസ്വാധീനം. അതുകൊണ്ട് മനസ്സിലാവുന്ന ഇംഗ്ലീഷിലുള്ള ആ വിശദീകരണങ്ങള്‍ വലിയ ആശ്വാസമായി. മെല്ലെമെല്ലെ ചൂടും വിയര്‍പ്പും ഗ്രീസും കരിയും എഞ്ചിനുകളുടെ മുരള്‍ച്ചയും സ്പാനര്‍ക്കിലുക്കങ്ങളും നിറഞ്ഞ എഞ്ചിന്‍ റൂം ജോലികള്‍ പങ്കിട്ടു പഠിച്ച് കുറച്ചു ദിവസങ്ങള്‍ കൊണ്ട് ഞാനും കൂട്ടത്തില്‍ ഒരാളായി. മൂന്നു പാക്കിസ്ഥാനികള്‍ക്കു കീഴില്‍ അവരുടെ ഭായിജാനായി. തീര്‍ക്കുന്ന പണികള്‍ക്കനുസരിച്ച് ചുമതലകള്‍ കൂടുതലായി ഏല്‍പ്പിച്ചു കിട്ടി.

ഞാന്‍ ഇതു വരെ ഒന്നിച്ചു ജോലി ചെയ്തിട്ടുള്ളവരില്‍ ഏറ്റവും മികച്ച എഞ്ചിനീയര്‍മാരിലൊരാളായിരുന്നു കറാച്ചിക്കാരനായ നസീം അഹമ്മദ്. സ്വല്പം കഷണ്ടിയുള്ള സുമുഖനും സൗമ്യനുമായ അദ്ദേഹം ആരോടും ശബ്ദമുയര്‍ത്തി സംസാരിച്ചു കേട്ടിട്ടില്ല. ഒരു ചീത്ത വാക്കുപോലും ഉച്ചരിക്കാത്ത തികഞ്ഞ മാന്യന്‍. ദുശ്ശീലങ്ങള്‍ ഒന്നുമില്ല. മതപരമായ അനുഷ്ഠാനങ്ങളില്‍ വലിയ താല്പര്യമില്ലെങ്കിലും ഇസ്ലാമികമായ ചില ചിട്ടകള്‍ പിന്തുടര്‍ന്നുപോന്നിരുന്ന ആള്‍. അതിവിദഗ്ദ്ധനും പരിചയസമ്പന്നനുമായ ഒരു മറൈന്‍ എഞ്ചിനീയര്‍ എന്നതിലുപരി എത്ര കഠിനമായ ജോലിയും സ്വന്തമായി ഏറ്റെടുത്തു ചെയ്യാന്‍ കെല്‍പുള്ള നസീം സാബിനോട് എനിക്ക് ഒരു ഗുരുവിനോടുള്ള ബഹുമാനവും ആരാധനയുമായിരുന്നു. ഇപ്പോഴുമതെ.

തേര്‍ഡ് എഞ്ചിനീയര്‍ അസിഫ് ഭട്ടി ലാഹോറുകാരനായിരുന്നു. നാല്പതിനുമുകളില്‍ പ്രായമുള്ള ആരോഗ്യവാന്‍. അസ്സല്‍ പരുക്കന്‍ പഞ്ചാബി. ഇന്ത്യയില്‍ പ്രസിദ്ധനായ ജസ്പാല്‍ ഭട്ടിയെപ്പോലെത്തന്നെ രാജ്പുത്ത് വേരുകളുള്ളതാവണം ആ ഭട്ടിവാല്‍. ദിവസവും വൈകീട്ട് പതിവായി രണ്ടെണ്ണം വീശുന്ന, ഒന്നര പാക്കറ്റ് മാള്‍ബറോ റെഡ് വലിച്ചുതീര്‍ക്കുന്ന ആസിഫ് സാബിന് വാള്‍പ്പറൈസോവില്‍ ഒരു ചിലിയന്‍ സ്‌നേഹിത ഉണ്ടായിരുന്നു. കപ്പല്‍ അവിടെയെത്തുമ്പോഴൊക്കെ അവരും കൂടെ താമസിക്കും. ചിലപ്പോള്‍ അവരുടെ മക്കളും കൂടെയുണ്ടാവും. എഞ്ചിന്‍ റൂമിലെ കടുപ്പമുള്ള പണികള്‍ക്കൊക്കെ സഹായിയായി അസിഫ് സാബ് എന്നെയും കൂടെ കൂട്ടും. പണി പഠിപ്പിക്കാനായി മാത്രം ചിലതൊക്കെ ഒറ്റക്ക് ചെയ്യാന്‍ ആവശ്യപ്പെടും. തീരാത്ത പണികളില്‍ കുടുങ്ങിപ്പോകുമ്പോള്‍ ഇടക്ക് സ്പാനറിനേയും നട്ടിനേയും ബോള്‍ട്ടിനേയുമൊക്കെ തനത് പഞ്ചാബി ശൈലിയില്‍ തെറി വിളിക്കും. ' അരേ ബച്ചു.. ചലോ ചായ് പീതേ ഹെ'' എന്ന് എന്നെയും വിളിച്ച് ഇടക്കൊരു ബ്രേക്കെടുക്കും. പുകവലി നിര്‍ത്തിയിരുന്ന ഞാന്‍ വീണ്ടും മൂപ്പരുടെ കമ്പനിയില്‍ അധികം താമസിയാതെ ഒരു മാള്‍ബറോ മാനായി.

ഫോര്‍ത്ത് എഞ്ചിനീയര്‍ അര്‍ഫാന്‍ ഇസ്ലം ഉയരം കുറഞ്ഞ് മെല്ലിച്ച് കാഴ്ചയില്‍ അനാരോഗ്യവാനായ കട്ടിക്കണ്ണട വെച്ച ഒരാളായിരുന്നു. അധികമാരോടും സംസാരിക്കാതെ ഒതുങ്ങിക്കൂടി നടക്കുന്ന ചാര്‍സാബ് (ഫോര്‍ത്ത് എഞ്ചിനീയറുടെ വിളിപ്പേര്) വളരെ സാവധാനമായിരുന്നു തന്റെ ജോലികള്‍ നിര്‍വഹിച്ചിരുന്നത്. ഞാന്‍ വന്നതോടെ ചാര്‍സാബിന്റെ നിത്യജോലികള്‍ പലതും മെല്ലെമെല്ലെ നസീം സാബ് എന്നെ ഏല്‍പ്പിച്ചു തന്നു. ''ചാര്‍സാബ് കാ മദത് കരോ'' എന്ന മുഖവുരയോടെ. രണ്ടു മാസം കഴിഞ്ഞപ്പോഴേക്കും ചാര്‍സാബിന്റെ ചുമതലയിലുള്ള ജനറേറ്ററുകളുടെ മെയിന്റനന്‍സ് നസീംസാബിന്റെ മേല്‍നോട്ടത്തില്‍ പൂര്‍ണമായും എനിക്ക് ഏല്‍പ്പിച്ചു കിട്ടി. തന്റെ ജോലികള്‍ മറ്റൊരാളെ ഏല്‍പ്പിക്കുന്നതില്‍ അര്‍ഫാന്‍ സാബിന് വിഷമമൊന്നുമുണ്ടായില്ല. മറിച്ച് സന്തോഷമായിരുന്നു. അതോടൊപ്പം ഒറ്റയ്ക്കു ചെയ്യുന്ന പണികളില്‍ എന്നെ സഹായിക്കാന്‍ പലപ്പോഴും കൂടെ വരികയും ചെയ്തു. അപൂര്‍വമായി ചുരുക്കം വാക്കുകളില്‍ ആയിരുന്നു അദ്ദേഹത്തിന്റെ സംസാരം. കാഴ്ചയില്‍ അമ്പതിലധികം പ്രായം തോന്നിച്ചിരുന്ന അദ്ദേഹം ശരീരഭാഷ കൊണ്ടും രൂപം കൊണ്ടും മുഖത്തെ കട്ടിക്കണ്ണട കൊണ്ടും ഒരുപാട് ദുരിതങ്ങള്‍ക്കു ശേഷം ഒരു യത്തീം ഖാനയില്‍ വളര്‍ന്ന് മദ്രസമാഷായ ഒരാളെപ്പോലെ തോന്നിച്ചു.ഒന്നിച്ചു പണിയെടുക്കുമ്പോള്‍ സ്വാഭാവികമായി ഉണ്ടാവുന്ന ചുരുക്കം വ്യക്തിപരമായ ചോദ്യങ്ങള്‍ക്കൊക്കെ അദ്ദേഹം ഉത്തരം തരാന്‍ മടിച്ചു. അതുകൊണ്ട് കൂടുതല്‍ ഞാനൊന്നും ചോദിച്ചുമില്ല.

നാലു മാസം ആയപ്പോള്‍ നസീം അഹമ്മദിന് ഇറങ്ങാനുള്ള സമയമായി. ഒരു രക്ഷാകര്‍ത്താവ് പോവുന്ന വിഷമമായിരുന്നു എനിക്ക്. പകരം വന്നത് ബംഗാളിയായ പരിമള്‍ കുമാര്‍ ഘോഷ് ആയിരുന്നു. നസീം സാബിനു നേരെ വിപരീതമായി ഒച്ചപ്പാടും ബഹളവും ചീത്തവിളിയും ഒക്കെക്കൂടി ഒരു മനുഷ്യന്‍. പോകാന്‍ നേരത്ത് കോണിയിറങ്ങുന്നതിനു മുമ്പ് നസീം സാബ് എന്നെ വാത്സല്യത്തോടെ ചേര്‍ത്തു പിടിച്ച് ''നീ നന്നായി പണിയെടുത്തു.. നന്നായി വാ'' എന്ന് ആശംസിച്ചു. കൂട്ടത്തില്‍ സ്വകാര്യം പോലെ പറഞ്ഞു ''ചാര്‍സാബ് കോ ജരാ സംഭാലോ..''. പുതിയ ഇന്ത്യക്കാരനായ സെക്കന്‍ഡ് എഞ്ചിനീയര്‍ പാവം പിടിച്ച ചാര്‍സാബിനെ ഉപദ്രിവിക്കാതെ നോക്കണം എന്നായിരിക്കും ആ പറഞ്ഞതിന്റെ അര്‍ത്ഥം എന്ന് ഞാന്‍ ഊഹിച്ചു. ചാര്‍സാബിന്റെ ചുമതലകളെല്ലാം ചെയ്തുപോരുന്നതുകൊണ്ട് സംഭാലിക്കാന്‍ എനിക്കും വലിയ ബുദ്ധിമുട്ടുണ്ടായില്ല.

കപ്പലിലെ നിരഞ്ജന്‍
 

ഒരു മാസം കൂടി കഴിഞ്ഞപ്പോള്‍ അസിഫ് സാബും ഇറങ്ങി. പോകുന്ന പോക്കില്‍ അസിഫ് സാബും എന്നെ വിളിച്ച് പറഞ്ഞു. ''ചാര്‍സാബ് കോ ജരാ സംഭാലോ..'' പകരം വന്ന അഹമ്മദ് താഹിര്‍ എന്ന മിടുക്കനായ എഞ്ചിനീയറും ലാഹോറുകാരനായിരുന്നു. പഴയ നുക്കഡ് സീരിയലിലെ ദിലീപ് ധവാന്റെ ഛായയില്‍ ഉഗ്രന്‍ മീശയൊക്കെ വെച്ച സുന്ദരന്‍. താഹിര്‍സാബുമായി ഞാന്‍ വേഗം കൂട്ടായി. ഇന്ത്യക്കാരനായ സെക്കന്റ് എഞ്ചിനീയറെക്കാള്‍ എഞ്ചിനീയറിങ് ബുദ്ധിയും പരിചയവും അദ്ദേഹത്തിനായിരുന്നു. ഞാന്‍ താഹിര്‍സാബിന്റെ കൂടെ പണിയെടുത്തു പഠിച്ചു. ''പാര്‍ട്ണര്‍'' എന്നാണ് മൂപ്പരെന്നെ വിളിച്ചിരുന്നത്. തിരിച്ച് അങ്ങോട്ടും അങ്ങനെ വിളിക്കാവുന്ന സ്വാതന്ത്ര്യമായ ശേഷം ഒരു ദിവസം താഹിര്‍സാബ് എന്നോട് ചോദിച്ചു ' പാര്‍ട്ണര്‍, ഈ ചാര്‍സാബിന് എന്തെങ്കിലും പ്രശ്‌നമുണ്ടോ? ചങ്ങാതിക്കൊരു സന്തോഷമില്ലാത്തത് എന്താണ്?''

സത്യത്തില്‍ എനിക്ക് അറിയില്ലെന്നും ചാര്‍സാബിനെ ഒന്ന് സംരക്ഷിക്കണമെന്ന് നസീംസാബും അസിഫ് സാബും എന്നോട് പറഞ്ഞിട്ടുണ്ടെന്നും ഞാനറിയിച്ചു. പിന്നെ ആ വിഷയം വിട്ടു.

കപ്പലിലെ ക്രൂ ലിസ്റ്റില്‍ കൗതുകകരമായ ആ വിവരം എന്റെ ശ്രദ്ധയില്‍ പെട്ടത് അതിനിടയിലാണ്. Arfan Islam- Date of birth:14 August 1947 Place of birth : Delhi. അമ്പതിനു മുകളില്‍ പ്രായം തോന്നിക്കുന്ന ആ പാക്കിസ്ഥാനിക്ക് സ്വാതന്ത്ര്യത്തിന്റെ പ്രായം. 44 വയസ്സ്. ജനിച്ചതാവട്ടെ ഇന്ത്യയില്‍...!

പെട്ടെന്ന് എനിക്ക് ആ ചിത്രം മുന്നില്‍ തെളിഞ്ഞു. പഴയ ന്യൂസ് റീലുകളിലെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാഴ്ചകളില്‍ നിറഞ്ഞുകവിഞ്ഞ തീവണ്ടികള്‍.. വിഭജനത്തിന്റെ ദീനമായ രാഗങ്ങളിലൂടെ നീളുന്ന സംഗീതത്തിന്റെ പശ്ചാത്തലം.. ഖുശ്വന്ത് സിംഗിന്റെ ട്രെയിന്‍ ടു പാക്കിസ്ഥാനിലും യശ്പാലിന്റെ നോവലുകളിലുമൊക്കെ പരിചയിച്ച സംഘര്‍ഷങ്ങളുടെ കെടുതികള്‍. ദില്ലിയിലെ ഒരു ഗലിയില്‍ നിന്ന് ഒരു ചോരക്കുഞ്ഞിനേയും കയ്യിലെടുത്ത് പാക്കിസ്ഥാനിലേക്ക് യാത്രയായ ഒരു കുടുംബം. അവരനുഭവിച്ചിരിക്കാവുന്ന ദുരിതങ്ങള്‍. ബഹളങ്ങള്‍ക്കിടയില്‍ വിശന്നു കരയുന്ന ഒരു കുഞ്ഞ്.. ഒരു പക്ഷെ നഷ്ടപ്പെട്ടിരിക്കാവുന്ന കുടുംബാംഗങ്ങള്‍.. ഭയവും വെറുപ്പും വിഷാദങ്ങളും മൂടിയ ഒരു ബാല്യം.. പോഷകാഹാരക്കുറവും രോഗങ്ങളും അപകര്‍ഷതയും മാനസികസംഘര്‍ഷങ്ങളുമായി ആ കുഞ്ഞ് എങ്ങനെയാവും വളര്‍ന്നിട്ടുണ്ടാവുക..!

ഒഴിഞ്ഞുകിട്ടിയപ്പോള്‍ ചാര്‍സാബിനോട് ഞാനത് കുത്തിച്ചോദിച്ചു. സ്വല്പമൊരു മടിയോടെ അര്‍ഫാന്‍ ഇസ്ലാം അയാളുടെ ജീവിതം ചുരുക്കിപ്പറഞ്ഞു. ജനിച്ചത് നാല്പത്തേഴിലെ ആഗസ്റ്റില്‍ ദില്ലിയില്‍.. ദിവസങ്ങള്‍ മാത്രം പ്രായമുള്ളപ്പോള്‍ കുടുംബം പാക്കിസ്ഥാനിലേക്ക്. കറാച്ചിയില്‍ വന്ന് താമസമാക്കി..അമ്മിജാനെക്കുറിച്ച് ചെറിയൊരു ഓര്‍മ്മ മാത്രം ഒന്നര വയസ്സിലോ മറ്റോ അവര്‍ രോഗിയായി മരിച്ചുപോയി.. പിതാവും ചെറുപ്പത്തില്‍ മരിച്ചു. ജ്വേഷ്ഠന്മാരാണ് പിന്നീട് കാര്യങ്ങള്‍ നോക്കിയത്. ഒരു സഹോദരിയും. ഇന്ത്യയില്‍ നിന്ന് വന്നവര്‍ക്ക് അവിടെ വേരുറപ്പിച്ചു കിട്ടുക ഇത്തിരി പ്രയാസം തന്നെയായിരുന്നു. എങ്ങനെയൊക്കെയോ ഡോക്ക് യാര്‍ഡില്‍ ജോലി കിട്ടി. മര്‍ച്ചന്റ് നേവിയിലേക്ക് വഴി തുറന്നു കിട്ടിയപ്പോള്‍ കാഴ്ച സ്വല്പം പ്രശ്‌നമായതിനാല്‍ എഞ്ചിനീയറിങ് സെക്ഷനിലായി. ഫോര്‍ത്ത് എഞ്ചിനീയറായത് മഹാഭാഗ്യം. ഇതില്‍ കൂടുതല്‍ ആഗ്രഹങ്ങള്‍ ഒന്നുമില്ല. ഭാര്യയും രണ്ടു മക്കളുമുള്ള കുടുംബത്തിന്റെ കാര്യങ്ങള്‍ക്ക് ഇത് ധാരാളം. അര്‍ഫാന്‍ സാബ് ആ കട്ടിക്കണ്ണടയിലൂടെ ഒന്ന് ചിരിച്ചു.

ബോധത്തിലോ അബോധത്തിലോ ഒരുപാട് മുറിവുകളേറ്റ, പലായനത്തിന്റേയും അഭയാര്‍ത്ഥിത്വത്തിന്റേയും നിസ്സഹായതകള്‍ അനുഭവിച്ച ഒരു ബാല്യത്തിന്റെ ആകെത്തുകയായി അയാളുടെ അപകര്‍ഷത നിറഞ്ഞ ശരീരഭാഷയേയും പെരുമാറ്റത്തേയും മനസ്സിലാക്കിയെടുക്കാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ടായില്ല. ആ ഒരു തിരിച്ചറിവോടു കൂടിത്തന്നെ ചാര്‍സാബിനെ ഞാന്‍ അദ്ദേഹം പോകുന്നതു വരെ സംഭാലിച്ചു.

വര്‍ഷങ്ങള്‍ക്കു ശേഷം തിരുവനന്തപുരം ശ്രീചിത്രയില്‍ അഡ്മിറ്റായ കുടുംബാംഗത്തിനു വേണ്ടി പുറത്തിരിക്കെ, ന്യൂറോളജിയുടെ ഇ.ഇ.ജി വാര്‍ഡിനു സമീപത്ത് ഒരു ഉത്തരേന്ത്യന്‍ കുടുംബത്തെ പരിചയപ്പെട്ടു. ഒറ്റ നോട്ടത്തില്‍ തന്നെ കട്ട് സര്‍ദാര്‍ ആണെന്ന് വെളിപ്പെട്ട ഗൃഹനാഥന്‍ മകളേയും കൊണ്ട് വന്നതാണ്. വിളറി മെലിഞ്ഞ, ശരീരത്തിന്റെ വലതുഭാഗത്തിന് സ്വാധീനം കുറവായ പത്തോ പന്ത്രണ്ടോ വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെണ്‍കുട്ടി. വലതു കൈവിരലുകള്‍ക്ക് തീരെ ചലനശേഷിയില്ലാതെ മടങ്ങി ഇരിക്കുന്നു. എന്തു പറ്റിയതാണെന്ന അന്വേഷണത്തിന് ഹിന്ദിയില്‍ സംസാരിക്കാന്‍ ഒരാളെക്കിട്ടിയ സമാധാനത്തില്‍ അയാള്‍ സംസാരിച്ചു. വിചാരിച്ച പോലെത്തന്നെ സര്‍ദാര്‍ കുടുംബമാണ്.

'' വെറും പനിയായിരുന്നു സാബ്.. ഞങ്ങള്‍ ദില്ലിയിലായിരുന്നു. 84ലെ കലാപസമയത്ത് ഇവള്‍ കൈക്കുഞ്ഞാണ്. പനി പിടിച്ചപ്പോള്‍ ആദ്യം കാര്യമാക്കിയില്ല. രക്ഷപ്പെടാനുള്ള വെപ്രാളമായിരുന്നു എല്ലാവര്‍ക്കും. പനി കൂടി ഫിറ്റ്‌സ് വന്നു.. ഒരു ഡോക്ടറെ കാണാനും മരുന്നു കൊടുക്കാനും വൈകി.. അപ്പോഴേക്കും തലച്ചോറിലെവിടെയോ ക്ഷതങ്ങള്‍ സംഭവിച്ചിരുന്നു.. പനി മാറിയപ്പോഴാണ് വലതു ഭാഗം തളര്‍ന്നതറിഞ്ഞത്.. പല ചികിത്സകളില്‍ മെല്ലെ നടക്കാറായി. ഇപ്പോഴും മുഴുവന്‍ ശരിയായിട്ടില്ല. വലതു കൈവിരലുകള്‍ മടങ്ങി ഇരിപ്പാണ്. ഇവിടെ ചികിത്സയും സര്‍ജറിയുമൊക്കെ ഉണ്ടെന്നറിഞ്ഞ് കാണിക്കാന്‍ വന്നതാണ്. ബേട്ടിയല്ലേ സാബ്.. ഇപ്പോളവള്‍ക്ക് പതിനഞ്ചാവാറായി.. ഭാവിയിലെ കാര്യങ്ങളൊക്കെ നോക്കണമല്ലോ..''

അയാള്‍ പറഞ്ഞുനിര്‍ത്തിയപ്പോള്‍ ആ പെണ്‍കുട്ടി വിളറിയ ഒരു ചിരി ചിരിച്ചു. അപകര്‍ഷതയോടെ മുഖം താഴ്ത്തി. എനിക്ക് അര്‍ഫാന്‍ ഇസ്ലാമിനെ ഓര്‍മ്മ വന്നു. അതേ ദില്ലിയില്‍ നിന്ന് ഇതാ മറ്റൊരു പലായനത്തിന്റെ ഇര.. !

കഴിഞ്ഞ ദിവസങ്ങളില്‍ പലയിടത്തായി കണ്ട ദില്ലിയിലെ കുഞ്ഞുങ്ങളുടെ ദയനീയമായ ചിത്രങ്ങള്‍ അര്‍ഫാനേയും പേരറിയാത്ത ആ പെണ്‍കുട്ടിയേയും വീണ്ടുമോര്‍മ്മിപ്പിച്ചു. അവരിലേല്‍പ്പിക്കപ്പെട്ട ക്ഷതങ്ങള്‍ അവരുടെ ഇനിയുള്ള ജീവിതത്തില്‍ എങ്ങനെയാവും വെളിപ്പെടുക.. രണ്ടു ദിവസങ്ങള്‍ കൊണ്ട് കീഴ്‌മേല്‍ മറിച്ചിടപ്പെട്ട അവരുടെ ലോകത്തില്‍ ഈ സമൂഹം ഇടപെട്ടതിനെയൊക്കെ അവരെങ്ങനെയാണ് വായിച്ചെടുക്കുക!

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ അതേ പ്രായമായതുകൊണ്ട് അര്‍ഫാന്‍ ഇസ്ലാമിന് ഇപ്പോള്‍ 72 വയസ്സ് കഴിഞ്ഞിട്ടുണ്ടാവും. അയാള്‍ കറാച്ചിയിലെവിടെയോ ജീവിച്ചിരിപ്പുണ്ടാവണം. നസീം അഹമ്മദും അസിഫ് ഭട്ടിയും അഹമ്മദ് താഹിറും സന്തോഷപൂര്‍വം വിശ്രമജീവിതം നയിക്കുന്നുണ്ടാവണം. ദില്ലിയും ലാഹോറും പട്യാലയും കറാച്ചിയും ജലന്ധറുമടക്കം ഒരു പാട് പട്ടണങ്ങളും നഗരങ്ങളും വീരാന്‍കുട്ടിയുടെ കവിതയിലെഴുതിയപോലെ അതിര്‍ത്തികള്‍ക്കപ്പുറം തൊടരുതെന്ന് അകറ്റി നട്ട മരങ്ങളെപ്പോലെ മണ്ണിനടിയിലൂടെ വേരുകള്‍ കൊണ്ട് പരസ്പരം കെട്ടിപ്പിടിക്കുന്നുണ്ടാവണം.