ബൈക്കിലെത്തിയ മൂന്ന് പേർ അവരെ ഇടിച്ചു, ആ ഷോക്കിൽ നിന്ന് കരകയറുന്നതിന് മുമ്പ്, മൂന്ന് പേർ പിസ്റ്റളുകൾ പുറത്തെടുത്ത് ഇവരെ ഭീഷണിപ്പെടുത്തി പണമടങ്ങിയ ബാഗുകൾ കൈക്കലാക്കി. 

നോർത്ത് ഡൽഹിയിലെ സിവിൽ ലൈൻ മേഖലയിൽ 1.1 കോടി(1 Crore) രൂപ കവർച്ച നടത്തിയ സംഭവത്തിൽ അഞ്ച് പേരെ ഡൽഹി പൊലീസ്(Delhi police) അറസ്റ്റ് ചെയ്തു. പകൽ സമയത്താണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. ഒരു ബിസിനസുകാരന്റെ ജോലിക്കാരെയാണ് ഇവർ കൊള്ളയടിച്ചത് എന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. പ്രതികൾ ആദ്യം ഇവരുടെ സ്‌കൂട്ടറിൽ ഇടിക്കുകയും പിന്നീട് തോക്ക് ചൂണ്ടി കവർച്ച നടത്തുകയുമായിരുന്നുവത്രെ. സംഭവം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് അഞ്ച് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ചാന്ദ്‌നി ചൗക്ക് മാർക്കറ്റിന് സമീപം പുതുതായി സ്ഥാപിച്ച സിസിടിവി ക്യാമറകളുടെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. മോഷ്ടിച്ച പണത്തിൽ നിന്ന് ഒരു ലക്ഷം രൂപ ക്ഷേത്രത്തിലേക്ക് പ്രതികൾ സംഭാവന ചെയ്തതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

വടക്കുകിഴക്കൻ ഡൽഹിയിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. മാർച്ച് മൂന്നിന് രോഹിണി ആസ്ഥാനമായുള്ള വ്യവസായിയുടെ രണ്ട് ജീവനക്കാർ ചാന്ദ്‌നി ചൗക്കിലെ ഒരു ജ്വല്ലറിയിൽ നിന്ന് 1.1 കോടി രൂപ പിരിച്ചെടുത്ത് ഓഫീസിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.

ബൈക്കിലെത്തിയ മൂന്ന് പേർ അവരെ ഇടിച്ചു, ആ ഷോക്കിൽ നിന്ന് കരകയറുന്നതിന് മുമ്പ്, മൂന്ന് പേർ പിസ്റ്റളുകൾ പുറത്തെടുത്ത് ഇവരെ ഭീഷണിപ്പെടുത്തി പണമടങ്ങിയ ബാഗുകൾ കൈക്കലാക്കി. പ്രതികളിലൊരാൾ ജ്വല്ലറിയിലെ മുൻ ജീവനക്കാരനാണെന്നും ഇയാൾ പണത്തെക്കുറിച്ച് വിവരം നൽകിയിട്ടുണ്ടെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികൾ ഖതുഷ്യം ക്ഷേത്രത്തിലേക്ക് ഒരുലക്ഷം രൂപ സംഭാവന നൽകിയതായി പൊലീസ് കണ്ടെത്തി. 

തുടർന്ന് പൊലീസ് സമീപത്ത് സ്ഥാപിച്ച സിസിടിവികൾ പരിശോധിച്ചു - ചാന്ദ്‌നി ചൗക്ക് മാർക്കറ്റിൽ 300 സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞു. പിന്നീട് അറസ്റ്റ് ചെയ്തു. മോഷ്ടിച്ച തുകയും പൊലീസ് കണ്ടെടുത്തതായി ഡിസിപി (നോർത്ത്) സാഗർ സിംഗ് കൽസി പറഞ്ഞു. മോഷണം പോയ സ്വർണം ഉൾപ്പെടെയുള്ള വസ്തുക്കളും പൊലീസ് കണ്ടെടുത്തു. പ്രതികൾ കുറ്റം സമ്മതിച്ചു.