Asianet News MalayalamAsianet News Malayalam

സ്വന്തം മരണവാർത്ത വ്യാജമായി സൃഷ്ടിച്ചു; രണ്ടു വർഷങ്ങൾക്കു ശേഷം വീണ്ടും രംഗപ്രവേശം ചെയ്ത് പ്രമുഖ എഴുത്തുകാരി

എഴുത്തുകാരിയുടെ മരണവാർത്ത പ്രചരിച്ചതിനുശേഷം അവരുടെ മുൻകാല രചനകൾ കൂടുതൽ വായനക്കാരിലേക്ക് എത്തിച്ചതിലൂടെയും മറ്റും സമാഹരിച്ച വൻ തുക ആരാധകരുടെ നേതൃത്വത്തിൽ സൂസന്റെ കുടുംബത്തിന് കൈമാറിയിരുന്നു.

Romance novelist fake her own death
Author
First Published Jan 16, 2023, 3:51 PM IST

താൻ മരിച്ചുവെന്ന് വ്യാജവാർത്ത സൃഷ്ടിച്ച് അജ്ഞാതവാസത്തിൽ കഴിഞ്ഞിരുന്ന പ്രമുഖ നോവലിസ്റ്റ് ഒടുവിൽ രണ്ടു വർഷങ്ങൾക്കുശേഷം നാടകീയമായി രംഗപ്രവേശം ചെയ്തു. 

ടെന്നസി ആസ്ഥാനമായുള്ള റൊമാൻറിക് നോവലിസ്റ്റ് സൂസൻ മീച്ചൻ ആണ് ഇത്തരത്തിൽ വ്യാജമായി തൻറെ മരണവാർത്ത സൃഷ്ടിക്കുകയും ഒടുവിൽ ഇപ്പോൾ വീണ്ടും രംഗപ്രവേശം ചെയ്യുകയും ചെയ്തിരിക്കുന്നത്. 2020 -ൽ സൂസൻ മീച്ചന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അവരുടെ മകളാണ് തൻറെ അമ്മ ആത്മഹത്യ ചെയ്തു എന്ന വിവരം ആരാധകരുമായി പങ്കുവെച്ചത്. ഏറെ ഞെട്ടലോടെ ആയിരുന്നു തങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാരിയുടെ മരണ വാർത്ത സാഹിത്യലോകം ഏറ്റെടുത്തത്. എഴുത്തുകാരിയോടുള്ള ബഹുമാനാർത്ഥം ആരാധകർ അനുസ്മരണ ചടങ്ങുകളും അവരുടെ എഴുത്തുകൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളും നടത്തി.

എന്നാൽ, ഇപ്പോഴിതാ രണ്ടു വർഷങ്ങൾക്കു ശേഷം തൻറെ മരണവാർത്ത വ്യാജമായിരുന്നുവെന്നും താൻ നിർദ്ദേശിച്ചത് അനുസരിച്ച് തന്റെ കുടുംബാംഗങ്ങൾ പ്രവർത്തിക്കുകയായിരുന്നു എന്നും പറഞ്ഞുകൊണ്ട് മറ്റൊരു ഫേസ്ബുക്ക് പോസ്റ്റിലൂടെ താൻ ഇപ്പോഴും ജീവനോടെ ഉണ്ട് എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സൂസൻ. തനിക്കായി തന്നെ സ്നേഹിക്കുന്നവർ ചെയ്ത എല്ലാ നല്ല കാര്യങ്ങൾക്കും നന്ദി എന്നും വീണ്ടും എഴുതാൻ ആഗ്രഹിക്കുന്നതായും സൂചിപ്പിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത് നമുക്കിനിയും ഈ തമാശകൾ തുടരാം എന്ന വാചകത്തോടെയാണ്.

എന്നാൽ, സൂസൻ വിചാരിച്ചത്ര തമാശയായല്ല ആരാധകർ ഈ സംഭവം ഏറ്റെടുത്തിരിക്കുന്നത്. ഇത്തരത്തിൽ തങ്ങളെ കബളിപ്പിച്ച എഴുത്തുകാരിയോട് കടുത്ത രോഷത്തോടെയും വിയോജിപ്പോടെയുമാണ് ആരാധകർ പ്രതികരിച്ചിരിക്കുന്നത്. നിരവധി പേരാണ് ഫേസ്ബുക്ക് ഗ്രൂപ്പിൽ നിന്നും തങ്ങളുടെ വിയോജിപ്പു രേഖപ്പെടുത്തിക്കൊണ്ട് പുറത്തു പോയിരിക്കുന്നത്. 

എഴുത്തുകാരിയുടെ മരണവാർത്ത പ്രചരിച്ചതിനുശേഷം അവരുടെ മുൻകാല രചനകൾ കൂടുതൽ വായനക്കാരിലേക്ക് എത്തിച്ചതിലൂടെയും മറ്റും സമാഹരിച്ച വൻ തുക ആരാധകരുടെ നേതൃത്വത്തിൽ സൂസന്റെ കുടുംബത്തിന് കൈമാറിയിരുന്നു. ഇത്തരത്തിലുള്ള സാമ്പത്തിക നേട്ടങ്ങൾ ലക്ഷ്യം വച്ചുകൊണ്ട് എഴുത്തുകാരി നടത്തിയ വലിയ വഞ്ചനയാണ് ഇതെന്നാണ് ആരാധകരിൽ ഒരാൾ പ്രതികരിച്ചിരിക്കുന്നത്. എന്തൊക്കെയായാലും സൂസൻ മീച്ചന്റെ വരുംകാല രചനകളോടുള്ള ആരാധകരുടെ പ്രതികരണം എങ്ങനെയായിരിക്കുമെന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.

Follow Us:
Download App:
  • android
  • ios