ഇസ്രായേൽ-ഗാസ നിലപാടിൽ പ്രതിഷേധം; വൈറ്റ് ഹൗസിന്റെ ദീപാവലി ക്ഷണം നിരസിച്ച് കവി രൂപി കൗർ
വൈറ്റ് ഹൗസിലെ ദീപാവലി ആഘോഷങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നത് കമലാ ഹാരിസ് ആണ്. ക്ഷണിക്കപ്പെട്ട നിരവധി അതിഥികളാണ് ചടങ്ങുകളിൽ പങ്കെടുക്കുക.

വൈറ്റ് ഹൗസിന്റെ ദീപാവലി ക്ഷണം നിരസിച്ച് കനേഡിയൻ കവി രൂപി കൗർ. ഗാസയിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തെ പിന്തുണച്ച അമേരിക്കൻ ഭരണകൂടത്തിന്റെ നിലപാടിൽ പ്രതിഷേധിച്ചാണ് തീരുമാനം. നവംബർ 8 -ന് വൈറ്റ് ഹൗസിൽ നടക്കാനിരിക്കുന്ന ദീപാവലി ആഘോഷങ്ങളിലേക്കായിരുന്നു രൂപി കൗറിനെ ക്ഷണിച്ചിരുന്നത്.
എക്സിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിലാണ് ദീപാവലി ആഘോഷങ്ങളിൽ പങ്കെടുക്കാൻ തനിക്ക് വൈറ്റ് ഹൗസിന്റെ ക്ഷണം ലഭിച്ചതായി രൂപി കൗർ പറഞ്ഞത്. എന്നാൽ, ദൈർഘ്യമേറിയ പോസ്റ്റിൽ അവർ അമേരിക്കൻ ഭരണകൂടത്തിന്റെ നിലപാടിനെ വിമർശിക്കുകയും ഇത്തരം ഒരവസ്ഥയിൽ ദീപാവലി ആഘോഷിക്കുന്നത് സ്വീകാര്യമാണെന്ന് ബൈഡൻ ഭരണകൂടം കരുതുന്നതിൽ താൻ അത്ഭുതപ്പെടുന്നു എന്നും പറഞ്ഞു.
കുടുങ്ങിക്കിടക്കുന്ന ഒരു ജനതയ്ക്ക് നേരെ നടക്കുന്ന കൂട്ടായ ശിക്ഷയെ പിന്തുണയ്ക്കുന്ന ഒരു സ്ഥാപനത്തിൽ നിന്നുമുള്ള ഏതൊരു ക്ഷണവും താൻ നിരസിക്കുന്നതായും പോസ്റ്റിൽ അവർ വ്യക്തമാക്കി. ഇരയാക്കപ്പെടുന്നവരിൽ 50% ത്തിലധികവും കുട്ടികളാണെന്ന കാര്യം മറക്കരുതെന്നും രൂപി കൗർ ഓർമ്മിപ്പിച്ചു. അന്ധകാരത്തിൻമേലുള്ള പ്രകാശത്തിന്റെ വിജയമായാണ് ദീപാവലി ആഘോഷങ്ങളെ കണക്കാക്കുന്നത്. അടിച്ചമർത്തലിനെതിരായ സ്വാതന്ത്ര്യത്തിനായി പോരാടുക എന്നതാണ് തന്റെ കാഴ്ചപ്പാടിൽ ദീപാവലി ആഘോഷം എന്നും കൗർ പറഞ്ഞു.
വൈറ്റ് ഹൗസിലെ ദീപാവലി ആഘോഷങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നത് കമലാ ഹാരിസ് ആണ്. ക്ഷണിക്കപ്പെട്ട നിരവധി അതിഥികളാണ് ചടങ്ങുകളിൽ പങ്കെടുക്കുക. കഴിഞ്ഞവർഷം നടന്ന ദീപാവലി ആഘോഷ പരിപാടിയിൽ 200 അതിഥികൾ പങ്കെടുത്തിരുന്നു. നടിയും നിർമ്മാതാവുമായ മിണ്ടി കാലിംഗ്, ഇൻഫ്ലുവൻസർ ലില്ലി സിംഗ്, പോഡ്കാസ്റ്റർ ജയ് ഷെട്ടി തുടങ്ങിയവർ ക്ഷണിക്കപ്പെട്ട ദക്ഷിണേഷ്യൻ അതിഥികളിൽ ഉൾപ്പെടുന്നു.
വായിക്കാം: നാലുമാസത്തെ യാത്ര കഴിഞ്ഞ് വീട്ടിലെത്തി ഫ്രിഡ്‍ജ് തുറന്ന ദമ്പതികൾ ഞെട്ടി, കണ്ട കാഴ്ച!
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: