വിവാഹസമയത്ത് ഇരുവർക്കും അപരിചിതത്വം തോന്നാതിരിക്കാൻ പ്രദേശവാസികളെല്ലാം വിവാഹചടങ്ങിൽ പങ്കെടുക്കുകയും ഹിമാചലിലെ നാടൻപാട്ടുകൾക്ക് അനുസരിച്ച് ചുവടുകൾ വയ്ക്കുകയും ചെയ്തു.
സ്നേഹത്തിന് യാതൊരു അതിരുകളുമില്ല. അതിനാൽ തന്നെയാണ് യുക്രൈനും റഷ്യയും തമ്മിലുള്ള സംഘർഷം തുടരുമ്പോഴും ഈ രണ്ടുപേർ അതിനെല്ലാം ഉപരിയായി സ്നേഹത്തെ തെരഞ്ഞെടുത്തത്. പ്രണയത്തിന് ഭാഷയുടെയോ, മതത്തിന്റെയോ, ദേശത്തിന്റെയോ ആയ യാതൊരു അതിർവരമ്പുകളും ഇല്ല. അങ്ങനെ, യുക്രൈനിൽ നിന്നും റഷ്യയിൽ നിന്നുമുള്ള രണ്ടുപേർ വിവാഹിതരാവാൻ തീരുമാനിച്ചു.
റഷ്യയും യുക്രൈനും തമ്മിലുള്ള സംഘർഷങ്ങൾക്കിടയിലും, ഇസ്രായേലിൽ താമസിക്കുന്ന റഷ്യക്കാരനായ സെർജി നോവിക്കോവ് തന്റെ ഉക്രേനിയൻ കാമുകി എലോണ ബ്രമോകയെ വിവാഹം കഴിച്ചു. ഇന്ത്യയായിരുന്നു അവർ വിവാഹം കഴിക്കാൻ തെരഞ്ഞെടുത്ത സ്ഥലം. ചൊവ്വാഴ്ച ഹിമാചൽ പ്രദേശിലെ ധർമ്മശാലയ്‌ക്കടുത്തുള്ള 'ദിവ്യാശ്രമ ഖരോട്ട'യിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം.

സെർജിയും എലോണയും രണ്ട് വർഷമായി പ്രണയത്തിലാണ്. അതിനിടയിലാണ് യുക്രൈൻ -റഷ്യ സംഘർഷം തുടങ്ങുന്നത്. അതിനാൽ തന്നെ അവരിരുവരും ഇന്ത്യയിലേക്ക് വന്ന് ധർമ്മശാലയിൽ വച്ച് വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു.

വിവാഹസമയത്ത് ഇരുവർക്കും അപരിചിതത്വം തോന്നാതിരിക്കാൻ പ്രദേശവാസികളെല്ലാം വിവാഹചടങ്ങിൽ പങ്കെടുക്കുകയും ഹിമാചലിലെ നാടൻപാട്ടുകൾക്ക് അനുസരിച്ച് ചുവടുകൾ വയ്ക്കുകയും ചെയ്തു. സെർജിയും എലോണയും കഴിഞ്ഞ ഒരു വർഷമായി ധർമ്മശാലയ്ക്ക് സമീപമുള്ള ധരംകോട്ടിലാണ് താമസിച്ചിരുന്നത് എന്ന് ദിവ്യാശ്രമം ഖരോട്ടയിലെ പണ്ഡിറ്റ് സന്ദീപ് ശർമ്മ പറയുന്നു.

സനാതന ധർമ്മ പാരമ്പര്യ പ്രകാരമാണ് ഇരുവരും വിവാഹിതരായത്. "നമ്മുടെ പണ്ഡിറ്റ് രാമൻ ശർമ്മ അവരുടെ വിവാഹം നടത്തുകയും സനാതന ധർമ്മ പാരമ്പര്യമനുസരിച്ച് വിവാഹത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവരോട് പറയുകയും ചെയ്തു" അദ്ദേഹം പറഞ്ഞു എന്ന് ടൈംസ് ഓഫ് ഇന്ത്യ എഴുതുന്നു. ഇന്ത്യൻ രീതിയിലാണ് വരനും വധുവും വസ്ത്രം ധരിച്ചതും ഒരുങ്ങിയതും എല്ലാം. നിരവധി വിദേശികളും വിവാഹചടങ്ങിൽ പങ്കെടുത്തു.
