Asianet News MalayalamAsianet News Malayalam

കിട്ടുന്നതെല്ലാം ഭാര്യ പള്ളിക്ക് സംഭാവനചെയ്തു, കുപിതനായ യുവാവ് പള്ളിക്ക് തീയിട്ടു!

നാലുദിവസം മുമ്പ്, റഷ്യയിലെ ഒരു പള്ളിയില്‍ തീപ്പിടിത്തമുണ്ടായി. ഇലക്ട്രിക് സര്‍ക്യൂട്ടിലെ പ്രശ്‌നമാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍, പിന്നീട് പുറത്തുവന്നത് വിചിത്രമായ ഒരു കുടുംബപ്രശ്‌നമായിരുന്നു

Russian man sets fire to church because his wife donate everything to church
Author
Saint Petersburg, First Published Jul 1, 2022, 12:14 PM IST

താന്‍ ജോലിചെയ്ത് സമ്പാദിക്കുന്ന പണം മുഴുവന്‍ ഭാര്യ പള്ളിയ്ക്ക് ദാനം ചെയ്യുന്നതില്‍ രോഷാകുലനായി യുവാവ് പള്ളിക്ക് തീയിട്ടു. റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ പാര്‍ഗോലോവോ ഗ്രാമത്തിലാണ് സംഭവം. ജൂണ്‍ 26 -നാണ് പള്ളിയില്‍ തീപിടിത്തമുണ്ടായതെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭാര്യയുടെയും ഭര്‍ത്താവിന്റെയും പേരോ മറ്റ് വിശദാംശങ്ങളോ പുറത്തുവന്നിട്ടില്ല. 

മുപ്പത്താറ് വയസ്സുള്ള യുവാവാണ് പള്ളിക്ക് തീയിട്ടത്. നാല് കുട്ടികളുടെ പിതാവാണ് ഇയാള്‍. ഇയാളുടെ ഭാര്യ പള്ളിവക സന്നദ്ധസേവനത്തില്‍ സജീവമാണ്. കിട്ടുന്ന പണം മുഴുവന്‍ പള്ളിക്ക് സംഭാവന ചെയ്യുകയാണ് അവരുടെ രീതി. രാപകലില്ലാതെ അധ്വാനിച്ച് ഭര്‍ത്താവ് കൊണ്ട് വരുന്ന പണം കുടുംബത്തിന് വേണ്ടി ചിലവഴിക്കാതെ ഭാര്യ പള്ളിയിലേയ്ക്ക് സംഭാവന ചെയ്തുകൊണ്ടിരുന്നു.

പലവട്ടം ഭര്‍ത്താവ് ഈ വിഷയത്തില്‍ ഭാര്യയുമായി വഴക്കിട്ടു. അനേകം പ്രാവശ്യം അവരെ വിലക്കി. എന്നിട്ടും ഒരു ഫലവുമുണ്ടായില്ല. ഒരു ദിവസം ഇക്കാര്യത്തെ ചൊല്ലി ഇരുവരും വഴക്കായി. തുടര്‍ന്ന് ദേഷ്യം കൊണ്ട് അന്ധനായ ഇയാള്‍ നേരെ പോയി പള്ളിക്ക് തീയിടുകയായിരുന്നു.    

പാര്‍ഗോലോവോയിലെ സെന്റ് ബേസില്‍ ദി ഗ്രേറ്റ് പള്ളിക്കാണ് ഇയാള്‍ തീയിട്ടത്.  അന്ന് രാവിലെ വഴക്കിട്ട് വീട് വിട്ടിറങ്ങിയ ഭര്‍ത്താവ് കാറുമെടുത്ത് നേരെ പോയത് പള്ളിയിലേക്കായിരുന്നു. കാറില്‍ അദ്ദേഹം ഒരു പെട്രോള്‍ ക്യാനും കരുതിയിരുന്നു. പള്ളിയിലെത്തിയ അദ്ദേഹം ചുമരിലും തറയിലും ഒക്കെ പെട്രോള്‍ ഒഴിച്ചു. തുടര്‍ന്ന് അകത്ത് ആരും ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം, പള്ളിയ്ക്ക് തീയിട്ടു. പള്ളിയുടെ മേല്‍ക്കൂരയും ഭിത്തികളും തടി കൊണ്ടാണ് നിര്‍മിച്ചിരുന്നത്. അതുകൊണ്ട് തന്നെ തീ കെട്ടിടത്തെ ആകമാനം വിഴുങ്ങി. എന്നാല്‍ പെട്ടെന്ന് തന്നെ ഇടവകക്കാര്‍ ഓടിക്കൂടുകയും, തീ അണക്കുകയും ചെയ്തു. അഗ്‌നിശമന സേനാംഗങ്ങള്‍ എത്തുന്നതുവരെ കാത്തിരുന്നെങ്കില്‍ പള്ളി മാത്രമല്ല പരിസരത്തെ വീടുകളും മൊത്തം കത്തി ചാമ്പലായേനെ.  എന്നാലും, തീ പിടുത്തത്തില്‍ പള്ളിയ്ക്ക് വലിയ രീതിയിലുള്ള നാശനഷ്ടമുണ്ടായി. തീപിടിത്തത്തില്‍ പള്ളിയുടെ പുറം ഭാഗമാണ് കൂടുതലും നശിച്ചത്, അകത്ത് കാര്യമായ കേടുപാടുകള്‍ ഒന്നും സംഭവിച്ചില്ല.      

പ്രാദേശിക വാര്‍ത്താ ഏജന്‍സികള്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തു. തങ്ങളുടെ ആരാധനാലയത്തിന്റെ ദുര്‍ഗതി കണ്ട ആളുകള്‍ കണ്ണുനീരൊഴുക്കി. ഇലക്ട്രിക്കല്‍ വയറിങ്ങിന്റെ തകരാര്‍ മൂലമാണ് തീപിടുത്തമുണ്ടായതെന്നാണ് ആദ്യം ആളുകള്‍ കരുതിയത്. ഇതിലും വലിയൊരു പള്ളി പണിയാന്‍ ദൈവം കാട്ടി തന്ന ഒരു സൂചനയായി മറ്റ് ചിലര്‍ അതിനെ കണ്ടു. എന്തായാലും യഥാര്‍ത്ഥ പ്രതിയെ പിടികൂടാന്‍ പൊലീസിന് അധികം സമയമൊന്നും വേണ്ടി വന്നില്ല. വൈദ്യുതി തകരാറല്ല, മറിച്ച് കൂട്ടത്തിലുള്ള ഒരാള്‍ തന്നെയായാണ് ഈ അക്രമം ചെയ്തതെന്ന് നാട്ടുകാര്‍ തിരിച്ചറിഞ്ഞു.

പിടിക്കപെട്ടപ്പോള്‍, ഇയാള്‍ ഒരിക്കലും തന്റെ കുറ്റം നിഷേധിച്ചില്ല. മറിച്ച് പൊലീസിനോട് എല്ലാം തുറന്ന് പറഞ്ഞു. തന്നെ ജയിലിലടക്കൂ എന്നദ്ദേഹം പൊലീസിനോട് അപേക്ഷിച്ചു. അതേസമയം അദ്ദേഹത്തിന്റെ കഥ കേട്ട് മനസ്സലിവ് തോന്നിയ ജഡ്ജി അദ്ദേഹത്തെ വെറുതെ വിട്ടതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 
 

Follow Us:
Download App:
  • android
  • ios