മനുഷ്യന് എങ്ങനെയാണ് മതത്തിന്‍റെയും ജാതിയുടേയും പേരില്‍ കലഹിക്കാനാവുന്നത്? ദൈവവിശ്വാസിയായ ഒരാള്‍ക്ക് എങ്ങനെയാണ് അത് ഹിന്ദു ദൈവം, ഇത് കൃസ്ത്യന്‍ ദൈവം, ഇത് മുസ്ലീം ദൈവം എന്നൊക്കെ വേര്‍തിരിച്ചു കണ്ട് മറ്റ് മനുഷ്യരെ ഉപദ്രവിക്കാനാവുന്നത്?

നന്മയുള്ള മനസാണ് എന്തിനേക്കാളും പ്രധാനം.. അവിടെയാണ് ദൈവമിരിക്കുക എന്ന് നമ്മളെന്നാണ് മനസിലാക്കുക.. ഏതായാലും 27 -കാരനായ സദ്ദാം ഹുസ്സൈന്‍ ഇങ്ങനെ കലഹിക്കുന്നവര്‍ക്ക് ഒരു അപവാദമായിരിക്കും തീര്‍ച്ച.. രാമനവമിയോടനുബന്ധിച്ച് സദ്ദാമിന്‍റെ ജോലി ബംഗളൂരു രാജാജി നഗറിലെ ഈ രാമക്ഷേത്രം വൃത്തിയായും വെടിപ്പായും സൂക്ഷിക്കുക എന്നതാണ്. 

ക്ഷേത്ര പരിസരം അടിച്ചു തുടച്ചു വൃത്തിയാക്കിയിടുന്നത് സദ്ദാമാണ്. രണ്ടാം ക്ലാസ് മാത്രമാണ് സദ്ദാമിന്‍റെ വിദ്യാഭ്യാസ യോഗ്യത. അതുകൊണ്ട് തന്നെ ചെറിയ ചെറിയ തൊഴിലുകളൊക്കെ ചെയ്താണ് ജീവിതം. വീട് വിട്ടുപോകുന്നവരെ വീട്ടുപകരണങ്ങളും മറ്റും മാറ്റാന്‍ സഹായിക്കുക, ഇടയ്ക്ക് ഒരു കടയില്‍ നില്‍ക്കുക, കാബ് ഓടിക്കുക ഇതൊക്കെയാണ് ജോലി.. 

ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നതിനനുസരിച്ച് അടുത്തുള്ള രാമക്ഷേത്രപരിസരം മുഴുവന്‍ വൃത്തിയായി സൂക്ഷിക്കുവാനുള്ള കടമയും സദ്ദാം ഹുസ്സൈന്‍റേതാണ്. 

ആദ്യം തന്നെ ചെയ്യുന്നത് ഏണി എടുത്ത് വെച്ച് ഉയരത്തിലുള്ള പൊടിയും മാറാലയുമൊക്കെ തുടച്ചുനീക്കുക എന്നതാണ്. പിന്നീട് എല്ലായിടവും അടിച്ചു തുടച്ചിടും. എല്ലാ ജോലിയും സദ്ദാം തനിച്ചാണ് ചെയ്യുന്നത്. ക്ഷേത്രവും പരിസരവും പുതിയതുപോലെ തിളങ്ങുമ്പോഴേ അദ്ദേഹം ജോലി അവസാനിപ്പിക്കൂ. 

'രണ്ടുതരത്തിലുള്ള ആളുകളാണ് ഉള്ളത്, ഒന്ന്, ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് എന്നെ അഭിനന്ദിക്കുന്നവര്‍, രണ്ട്, ചെയ്യുന്ന ജോലിക്ക് കമന്‍റ് പറയുന്നവര്‍.. രണ്ടായാലും ഒരു ചിരിയോടെ നേരിടാറാണ്' എന്നാണ് സദ്ദാം പറയുന്നത്. 

ക്ഷേത്രത്തിന്‍റെ പരിസരത്ത് ഗണേശ വിഗ്രഹങ്ങളും മറ്റും വില്‍ക്കുന്നയാളാണ് വെങ്കടേഷ് ബാബു. മാത്രവുമല്ല, ക്ഷേത്ര കമ്മിറ്റി അംഗവുമാണ്. ബാബുവാണ് സദ്ദാമിനെ ഈ ജോലി ഏല്‍പ്പിക്കുന്നത്. അദ്ദേഹം പറയുന്നത്, 'ഗണേശ ചതുര്‍ത്ഥി സമയങ്ങളില്‍ ഗണേശ വിഗ്രഹം വില്‍ക്കുന്ന ആളാണ് ഞാന്‍. കഴിഞ്ഞ 18 വര്‍ഷമായി സദ്ദാം എന്‍റെ കൂടെ ജോലി ചെയ്യാനുണ്ടാവാറുണ്ട്. ഞാനാണ്, ക്ഷേത്രപരിസരം വൃത്തിയാക്കുന്നതിനെ കുറിച്ച് സൂചിപ്പിച്ചത്. വളരെ ആത്മാര്‍ത്ഥതയോട് കൂടിയാണ് സദ്ദാം ആ ജോലി ചെയ്യുന്നത്. എല്ലാവരും അതിന് അദ്ദേഹത്തെ അഭിനന്ദിക്കാറുണ്ട്'' എന്നാണ്. 

'മതത്തിന്‍റെ പേരില്‍ നമ്മളെ ഭിന്നിപ്പിക്കാന്‍ ഒരുപാട് പേര്‍ ശ്രമിക്കും. പക്ഷെ, ആ ശക്തികള്‍ ഒരിക്കലും വിജയിക്കാന്‍ പോകുന്നില്ല എന്നതിന് തെളിവാണ് സദ്ദാമിനെ പോലെയുള്ളവര്‍' എന്നും ബാബു പറയുന്നു. 

സദ്ദാം ഹുസ്സൈന്‍ പറയുന്നത്, ''ഞാന്‍ ജനിച്ചത് ഇസ്ലാം ആയിട്ടാണ്. ഈ ക്ഷേത്രത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ജോലി ചെയ്യുന്നുണ്ട്. അതെനിക്ക് സമാധാനം തരുന്നുണ്ട്. ആരും എന്നെ ഒന്നും പറയാറില്ല.. ഹിന്ദുവായാലും മുസ്ലീം ആയാലും ഞങ്ങളെല്ലാവരും ഇവിടെ സ്നേഹത്തോടെ കഴിയുന്നു..'' എന്നാണ്.

(കടപ്പാട്: ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്)