സര്‍റിയലിസത്തിന്റെ ഉസ്താദായിരുന്ന സാൽവദോർ ദാലിയിൽ ഒരിക്കലും ആരും ആരോപിച്ചിട്ടില്ലാത്ത ഒരു കുറ്റം 'സാധാരണത്വം' ആണ്. വല്ലാത്തൊരു നിഗൂഢത അദ്ദേഹത്തിന്റെ ഓരോ വാക്കിലും പ്രവൃത്തിയിലും നിറഞ്ഞു നിന്നിരുന്നു. എന്തിന്, അദ്ദേഹത്തിന്റെ പിരിയൻ മീശ അന്യഗ്രഹജീവികളിൽ നിന്നും സിഗ്നൽ പിടിച്ചുപറ്റുന്ന ആന്റിനകളാണെന്നുവരെ പൊതുജനം വിശ്വസിച്ചിരുന്നു. 

സാധാരണഗതിക്ക് പോറ്റുന്ന വളർത്തുമൃഗങ്ങൾ പൂച്ചയും പട്ടിയുമൊക്കെ അല്ലേ..? ദാലി അവിടെയും തന്റെ പതിവുതെറ്റിച്ചില്ല. ഒരു വന്യമൃഗത്തെയാണ് ദാലി പോറ്റി വളർത്താൻ തീരുമാനിച്ചത്. ഒരു കൊളംബിയൻ ഓസിലോട്ടിനെ. സാധാരണ പൂച്ചകളുടെ ഇരട്ടി വലിപ്പമുള്ള ഒരു കാട്ടുപൂച്ചയാണ് 'ഓസിലോട്ട് '. തന്റെ വളർത്തുപൂച്ചയെ ദാലി വിളിച്ചിരുന്ന പേര് 'ബബൗ' എന്നായിരുന്നു.

ലെപ്പേഡസ് പാർഡാലിസ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഓസിലോട്ട് പൂച്ചയിൽ നിന്നും പുറപ്പെട്ട്, പുള്ളിപ്പുലിയിലെത്താതെ പോയ ഒരു ജന്മമാണ്. കുള്ളൻ പുലി എന്നും, മക്കെനീസ് വൈൽഡ് കാറ്റ് എന്നും ഒക്കെ അതിനു പേരുകളുണ്ട്. ദക്ഷിണ, മധ്യഅമേരിക്കകളിലാണ് ഈ പ്രജാതി പൊതുവേ കാണപ്പെടുന്നത്.  മുഖം കാണാൻ ഏറെക്കുറെ നമ്മുടെ നാട്ടിലെ പൂച്ചകളെപ്പോലെ തന്നെ ഇരിക്കുമെങ്കിലും ആകാരവും രോമങ്ങളും ഒരു പുള്ളിപ്പുലിയെ ഓർമ്മിപ്പിക്കുന്നതാണ്. അതുകൊണ്ടുതന്നെ എഴുപതുകളിൽ തോലിനായി നിരന്തരം വേട്ടയാടപ്പെട്ട്, വംശനാശത്തിന്റെ വക്കിലെത്തിയിരുന്നു ഈ വന്യജീവി. പണ്ടുകാലങ്ങളിൽ പെറുവിലെ ആദിവാസിവർഗമായ മോഷെ ഗോത്രം ഓസിലോട്ടിനെ ദൈവത്തെപ്പോലെ ആരാധിച്ചിരുന്നു. അവരുടെ ക്ഷേത്രകലകളിൽ ഈ ജീവിയുടെ ചിത്രണങ്ങൾ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. 

ബബൗ ഡാലിയുടെ അടുത്തെത്തുന്നത് അറുപതുകളിലാണ്. അക്കാലത്ത് താൻ പോവുന്നിടത്തെല്ലാം കഴുത്തിൽ ഒരു കോളറും, അതിൽ കൊരുത്തൊരു ചങ്ങലയുമായി ദാലി അതിനെ കൊണ്ടുനടക്കുമായിരുന്നു. ഒരിക്കൽ മൻഹാട്ടനിലെ ഒരു കോഫീ ഷോപ്പിലേക്ക് തന്റെ കുഞ്ഞുപുലിക്കുട്ടിയുമായി കേറിച്ചെന്ന ദാലി അതിനെ ഡൈനിങ്ങ് ടേബിളിൽ ചങ്ങലയ്ക്കിട്ട് അത്താഴം കഴിച്ചതും, അതിനെക്കണ്ട് അവിടെ ഭക്ഷണം കഴിക്കാനെത്തിയ പലരും ഭയന്നോടിയതും ഒക്കെ വാർത്തയായിരുന്നു. അന്ന് ആ അവിടെ പേടിച്ചരണ്ടിരുന്ന സ്ത്രീകളോട് ദാലി പറഞ്ഞത് ബബൗ ഒരു സാധാരണ പൂച്ചയാണെന്നും താൻ അതിന്റെ പുറത്ത് പുലിയുടെ ഡിസൈൻ പെയ്ന്റ് ചെയ്‍തതാണെന്നും ആയിരുന്നു. 

എന്തായാലും, കാട്ടിലെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ നിന്നും വേർപ്പെടുത്തി ചങ്ങലയ്ക്കിട്ടു എന്നതൊഴിച്ചാൽ ഒരു സ്വർഗീയ ജീവിതമായിരുന്നു ബബൗവിന് ദാലിയുമൊത്ത്. പഞ്ഞിമെത്തയിൽ മാർബിൾ നെരിപ്പോടിനടുത്ത് തീയും കാഞ്ഞുകൊണ്ടങ്ങനെ സുഖിച്ചിരിക്കുന്ന ബബൗവിനെ ദാലിയുടെ സ്നേഹിതർ പലരും ഓർത്തെടുക്കുന്നുണ്ട്. 

കാര്യം ബബൗവിന് ദാലി ആഡംബര ജീവിതമാണ് അനുവദിച്ചുകൊടുത്തിരുന്നതെങ്കിലും ചങ്ങലയ്ക്കിട്ട ആ ജീവിതത്തെ ബബൗ വെറുത്തിരുന്നു എന്നാണ് ദാലിയുടെ സ്നേഹിതനും പ്രശസ്ത നടനുമായ കാർലോസ് ലോസാനോ 'അനതർ മാഗസിനോ'ട് പറഞ്ഞിട്ടുള്ളത്. " ഒരിക്കൽ മാത്രമേ ഞാൻ അതിനെ ചിരിച്ചു കൊണ്ട് കണ്ടിട്ടുള്ളു. എങ്ങനെയോ ഒരു ദിവസം തന്റെ ചങ്ങലയുടെ ബന്ധനം വിടുവിച്ച് ബബൗ ഓടി രക്ഷപ്പെട്ട അന്ന്.."