നിലവിൽ ലോകത്തിൽ ഇതുവരെയും ഒരേ പേരുള്ള ഇത്രയും ആളുകൾ എവിടെയും ഒരുമിച്ചു കൂടിയിട്ടില്ല. ടോക്കിയോയിലെ ഒരു ഓഡിറ്റോറിയത്തിലാണ് ഒത്തുചേരൽ നടന്നത്.
നിങ്ങളുടെ അതേ പേരുള്ള എത്ര പേരെ നിങ്ങൾ കണ്ടിട്ടുണ്ട്? ചുരുങ്ങിയത് ഒരാളെയെങ്കിലും കാണാത്തവർ ഉണ്ടാകില്ല. എന്നാൽ, കഴിഞ്ഞദിവസം ജപ്പാനിൽ ഒരേ പേരുള്ള 178 പേരാണ് കണ്ടുമുട്ടിയത്. ലോകത്തിൽ തന്നെ ഇത് ആദ്യമായാണ് ഒരേ പേരിലുള്ള ഇത്രയും ആളുകൾ പരസ്പരം കണ്ടുമുട്ടുന്നത്. ഏതായാലും അതോടെ അവിടെ ഒരു ഗിന്നസ് വേൾഡ് റെക്കോർഡ് പിറന്നു. ഒരേ പേരിലുള്ള ഏറ്റവും കൂടുതൽ ആളുകളുടെ സമ്മേളനം എന്ന ടൈറ്റിലാണ് ഗിന്നസ് വേൾഡ് റെക്കോർഡ് ഇതിന് നൽകിയത്.
ഇനി ആ ഒത്തുകൂടിയ ആളുകളുടെ പേര് എന്താണെന്ന് അറിയണ്ടേ? ഹിരോകാസു തനക എന്നാണ് ആ പേര്. ജപ്പാനിൽ ഏറ്റവും കൂടുതലുള്ള പേര് ഇതാണോ എന്നറിയില്ല, ഏതായാലും നിലവിൽ ലോകത്തിൽ ഇതുവരെയും ഒരേ പേരുള്ള ഇത്രയും ആളുകൾ എവിടെയും ഒരുമിച്ചു കൂടിയിട്ടില്ല. ടോക്കിയോയിലെ ഒരു ഓഡിറ്റോറിയത്തിലാണ് ഒത്തുചേരൽ നടന്നത്. ഈ സമ്മേളനത്തിൽ പങ്കെടുത്തവരിൽ മാസങ്ങൾ മാത്രം പ്രായമുള്ള കുട്ടികൾ മുതൽ എഴുപതും എൺപതും വയസ്സ് വരെയുള്ളവർ ഉണ്ടായിരുന്നു. എല്ലാവരും വിവിധ സാമൂഹിക സാമ്പത്തിക പശ്ചാത്തലത്തിൽ നിന്നുള്ളവരായിരുന്നു.
ഇതിനു മുൻപ് സമാനമായ രീതിയിൽ ഒരു ഒത്തുചേരൽ നടന്നത് അമേരിക്കയിലാണ്. 2005 -ൽ നടന്ന ആ കൂടിച്ചേരലിൽ ഒരേ പേരിലുള്ള 164 പേരാണ് കണ്ടുമുട്ടിയത്. അന്ന് ആ കണ്ടുമുട്ടലിൽ പങ്കെടുത്തവർ മുഴുവൻ മാർത്ത സ്റ്റുവാർട്ട്സ്മാരായിരുന്നു. ഗിന്നസ് വേൾഡ് റെക്കോർഡ്സ് ജപ്പാന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ശനിയാഴ്ച ആണ് ഈ അവാർഡ് പ്രഖ്യാപനത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. ഇതിനോടകം പത്തുലക്ഷത്തിലധികം ആളുകൾ വീഡിയോ കണ്ടുകഴിഞ്ഞു. 38,000-ലധികം ലൈക്കുകളും ലഭിച്ചു.
