Asianet News MalayalamAsianet News Malayalam

സ്വന്തമായി പണിത വീട്ടില്‍, ആരുമില്ലാത്ത പ്രദേശത്ത് തനിച്ച് താമസിക്കുന്നൊരു സ്ത്രീ...

തന്റെ ഏകാന്ത ജീവിതത്തെപ്പറ്റി 2008 -ൽ സാറ എഴുതിയ പ്രസിദ്ധമായ ഒരു പുസ്തകമുണ്ട്, 'നിശ്ശബ്ദതയുടെ പുസ്തകം - A Book of Silence'. അതിലവർ ആദ്യം പറയുന്നത് നമുക്കുചുറ്റുമുള്ള ഈ ലോകത്തിന്റെ ഇരട്ടത്താപ്പിനെപ്പറ്റിയാണ്. 

sara maitland writer lives alone
Author
Scotland, First Published Aug 13, 2019, 1:18 PM IST

മൗനത്തിന്റെ നിഗൂഢാനന്ദത്തെപ്പറ്റി നമ്മൾ ഇതിനുമുമ്പ് ക്രിസ്റ്റഫർ നൈറ്റ് എന്ന അമേരിക്കക്കാരന്റെ 'ഏകാന്തതയുടെ 27  വർഷങ്ങളി'ൽ വായിച്ചു. ഇത് ക്രിസ്റ്റഫറിനെപ്പോലെ തന്നെ ഏകാന്തജീവിതം പഥ്യമാക്കിയ ഒരു സ്‌കോട്ടിഷ് വനിതയുടെ കഥയാണ്. പേര് സാറ മേറ്റ്ലാൻഡ്. അവർ ഒരു നോവലിസ്റ്റാണ്. സോമർസെറ്റ് മോം അവാർഡടക്കമുള്ളടക്കമുള്ള വിഖ്യാതമായ പല പുരസ്‌കാരങ്ങളും അവരെത്തേടി എത്തിയിട്ടുണ്ട്. പക്ഷേ, എഴുത്ത് ജീവിതം ആവശ്യപ്പെടുന്നതുമാവാം അവർ തന്റെ ജീവിതവ്രതമായി മനഃപൂർവം തെരഞ്ഞെടുത്തിരിക്കുകയാണ് ഒറ്റതിരിഞ്ഞുള്ള ഈ ജീവിതം.

sara maitland writer lives alone 

സാറ ജീവിക്കുന്നത് സ്‌കോട്ട്ലൻഡിലെ ഗാലവേ എന്ന തീർത്തും വിജനമായ ഒരു തരിശുനിലത്തിലാണ്. ആ പ്രദേശത്ത് സാറയുടേതല്ലാതെ മറ്റൊരു മനുഷ്യന്റെ നിശ്വാസം വന്നുവീണിട്ട് വർഷങ്ങൾ പലതുകഴിഞ്ഞു. ഇന്ന് കഴിയുന്ന കോട്ടേജ്, സാറ സ്വന്തം കൈ കൊണ്ട് പണിതതാണ്. ആ വീടിന്റെ ഉമ്മറത്തിട്ടിരിക്കുന്ന ചാരുകസേരയിൽ ചാഞ്ഞിരുന്നുകൊണ്ട് നേരെ നോക്കിയാൽ കണ്ണെത്തുന്നിടത്തോളം ഒഴിഞ്ഞു കിടക്കുന്ന പാഴ്‍നിലങ്ങളാണ്. ചൂളം കുത്തുന്ന കാറ്റിൽ ഏകാന്തതയുടെ മദഗന്ധം. 

തന്റെ ഏകാന്ത ജീവിതത്തെപ്പറ്റി 2008 -ൽ സാറ എഴുതിയ പ്രസിദ്ധമായ ഒരു പുസ്തകമുണ്ട്, 'നിശ്ശബ്ദതയുടെ പുസ്തകം - A Book of Silence'. അതിലവർ ആദ്യം പറയുന്നത് നമുക്കുചുറ്റുമുള്ള ഈ ലോകത്തിന്റെ ഇരട്ടത്താപ്പിനെപ്പറ്റിയാണ്. "ആരെങ്കിലുമൊരാൾ ഒരു പായ്‌വഞ്ചിയിലേറി രണ്ടുവർഷമെടുത്ത്, കടലിലൂടെ ലോകം ചുറ്റാനിറങ്ങിയാൽ അതിനെ സമൂഹം സാഹസികത എന്നുവിളിക്കും. 'വാവ്.. ഹൗ എക്സൈറ്റിങ്... ' എന്ന് അസൂയപ്പെടും. എന്നാൽ, ഒരാൾ ഒറ്റയ്ക്കൊരിടത്ത് രണ്ടുവർഷത്തേക്ക് ആരോടും ഒരക്ഷരം മിണ്ടാതെ, ഒരാളെയും ബുദ്ധിമുട്ടിക്കാതെ  കഴിച്ചുകൂട്ടുന്നു എന്നറിഞ്ഞാൽ സമൂഹം ഉടനടി വിമർശനവുമായി ഇറങ്ങും.. വിധിയെഴുതും... 'ഇയാളെന്തൊരു സ്വാർത്ഥനാണ്... എന്തെങ്കിലും മാനസിക വിഹ്വലതകൾ?'  ഇതെന്തൊരു ഇരട്ടത്താപ്പാണ്..?" - അവർ എഴുതുന്നു. 

sara maitland writer lives alone

"മൗനം എനിക്ക് അത്യധികമായ ആനന്ദം പകർന്നുതരുന്ന ഒരു ഒരു ഒറ്റമൂലിയാണ്. ഏറെനേരം ഒന്നും മിണ്ടാതെ, നടന്നു നടന്നു പോയി, ഒടുവിൽ അവനവനോട് മനസ്സിൽ 'യെസ്' എന്നൊന്ന് പറഞ്ഞു നോക്കൂ. അത് നിങ്ങൾക്ക് അപാരമായ ആനന്ദം പകരും."

പലരും കരുതുന്നത് ഇത്തരത്തിലുള്ള ധ്യാനസുഖം മതവുമായി ബന്ധപ്പെടുത്തി മാത്രം സാധ്യമാകുന്നതാവും എന്നാണ്. എന്നാൽ, അതങ്ങനെയല്ലെന്ന് സാറ പറയുന്നു. പലർക്കും സെക്സിലൂടെയും മറ്റും ലഭിക്കുന്ന അതേ സായൂജ്യമാണ് തനിക്ക് ഏകാന്തതയുടെ ലഹരിയിലൂടെ കിട്ടുന്നതെന്നും അവർ സാക്ഷ്യപ്പെടുത്തുന്നു. ഈ ഒരു നിലയിലേക്കെത്താൻ തുടക്കത്തിൽ കുറേനാൾ ഒറ്റയ്ക്ക് താമസിച്ച് ഏകാന്തതയുടെ ഒരു ധ്യാനകാലം  പിന്നിടേണ്ടതുണ്ട്. തുടക്കത്തിൽ മനസ്സ് പ്രകടിപ്പിച്ചേക്കാവുന്ന പ്രതിരോധത്തെ മറികടന്നാൽ പിന്നെ ആനന്ദം മാത്രമാവും ഏകാന്തതയിൽ. 

ഏകാന്തതയുടെ പുസ്തകം എന്ന തന്റെ കൃതിയിൽ സാറ തന്റെയും മറ്റുചിലരുടെയും ഏകാന്തജീവിതാനുഭവങ്ങളെ താരതമ്യം ചെയ്യുന്നുണ്ട്. ഒറ്റയ്ക്കു കഴിഞ്ഞു ശീലിച്ചാൽ നമുക്ക് അന്നുവരെയുള്ള പല അപകർഷതകളും നമ്മളെ വിട്ടുപോകും. സ്വന്തം ദേഹത്തോടുള്ള നമ്മുടെ സമീപനം പോലും വ്യത്യാസപ്പെടും. ഒരു സമൂഹത്തിൽ ജീവിക്കുമ്പോൾ പലപ്പോഴും നമ്മൾ പൂർണ്ണമായും നമ്മുടെ താത്പര്യങ്ങൾക്ക് അനുസൃതമായല്ല ജീവിക്കുക. ഒരു വീട്ടിനുള്ളിൽ കുടുംബാംഗങ്ങളോടൊത്തു ജീവിക്കുമ്പോൾ പോലും നമുക്ക് അവരുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് അനുസരിച്ച് നമ്മുടെ പെരുമാറ്റരീതികൾ നിയന്ത്രിക്കേണ്ടി വരും. സുജനമര്യാദ എന്നത് പലപ്പോഴും നമ്മളുടെ ജീവിതചര്യകൾ ബാധിക്കുന്ന ഒന്നാണ്. പക്ഷേ, നിങ്ങൾ താമസിക്കുന്നതിന് കിലോമീറ്ററുകളോളം ചുറ്റളവിൽ ആരും തന്നെ ഇല്ല എന്ന് സങ്കൽപ്പിക്കുക. നിങ്ങൾ ചെയ്യുന്നതോ പറയുന്നതോ കേൾക്കാൻ,  നിങ്ങളുടെ വാതിലിൽ വന്നു മുട്ടാൻ ഒന്നും ആരുമില്ലെന്നു കരുതുക. പിന്നെ നിങ്ങൾ പറയുന്നതും ചെയ്യുന്നതും ഒക്കെ നിങ്ങളെ മാത്രം സന്തോഷിപ്പിക്കാനാവും. നിങ്ങൾക്കപ്പോൾ അപകർഷതാ ബോധം കൂടാതെ പാട്ടുപാടാനാകും, മൂക്കിലെ മൂക്കള പെറുക്കാനാകും, ഉച്ചത്തിൽ കീഴ്ശ്വാസം വിടാനാകും. മറ്റുള്ളവരെക്കരുതി നമ്മൾ ചെയ്യാതിരുന്ന പലതും അതോടെ സ്വാഭാവിക പ്രക്രിയകളായി മാറും. വസ്ത്രം ധരിക്കേണ്ടതുപോലും ഒരു അത്യാവശ്യമല്ലാതാകും. അണിഞ്ഞൊരുങ്ങിയിട്ടിപ്പോൾ ആരെക്കാണിക്കാൻ എന്നുവരുമ്പോൾ നമ്മുടെ ശ്രദ്ധ പതിയെ അതിൽ നിന്നും മാറും. ചിലപ്പോൾ നമ്മൾ നഗ്നരായി നടന്നെന്നു പോലും വരും. 

ഏകാന്തത നമ്മളിൽ കൊണ്ടുവരുന്ന മറ്റൊരു കാതലായ മാറ്റം നമ്മുടെ സംവേദനശക്തിയിൽ ഉണ്ടാകുന്ന ഏറ്റമാണ്. ഭക്ഷണത്തിന് രുചിയേറും. നിങ്ങൾ എന്നും കുളിക്കാറുണ്ട്. എന്നാൽ, കുളി എന്ന ആ പ്രക്രിയയെ സമയബന്ധിതമാക്കുന്ന ഒന്നും തന്നെ ഇല്ല എന്ന് സങ്കൽപ്പിക്കുക. അതായത്, കുളിച്ചൊരുങ്ങി നിങ്ങൾക്ക് ഓഫീസിൽ പോകാനില്ലെന്നു കരുതുക. അങ്ങനെയാവുമ്പോൾ കുളി എന്ന പ്രക്രിയയിൽ നിങ്ങൾ അഭിരമിച്ചു തുടങ്ങും. നിങ്ങൾക്ക് ആ പ്രക്രിയയിൽ നന്നായി ഇമ്പ്രൂവൈസ് ചെയ്യാനാകും. സന്തോഷം ഇരട്ടിക്കും. 

sara maitland writer lives alone

ഈ ഏകാന്തസ്വർഗ്ഗങ്ങൾ പൂർണ്ണമായും യുക്തിസഹമാണെന്നും പറയാൻ വയ്യ. വളരെ വിചിത്രമായ ചില കാര്യങ്ങളുമുണ്ട് ഇതിന്റെ കൂടെ. അതിലൊന്നാണ് നമുക്ക് കാലക്രമേണ ഉണ്ടാകാൻ തുടങ്ങുന്ന കേൾവി അനുഭവങ്ങൾ. ഓഡിറ്ററി ഹാലൂസിനേഷൻസ്. അതായത്, നിങ്ങൾക്ക് പോകെപ്പോകെ പല രസകരമായ സംഭാഷണങ്ങളും കേൾക്കാനാകും. അശരീരികൾ പോലെ. അത് ചിലപ്പോൾ ആ ഒറ്റപ്പെട്ട വീട്ടിലെ ഒറ്റമുറിയുടെ ഏതെങ്കിലും മൂലയിൽ നിന്ന് കേൾക്കുന്ന പള്ളിപ്പാട്ടാകാം. സുന്ദരമായ കൊയർ സംഗീതം. ശുദ്ധമായ അരാമിക്കിൽ മുഴങ്ങുന്ന ദൈവവചനങ്ങൾ. 

സാറയ്ക്ക് ഈ ഏകാന്തജീവനം സുകൃതമാവാൻ മറ്റൊരു കാരണം കൂടിയുണ്ട്. ഇത് അവർ സ്വയം തെരഞ്ഞെടുത്ത ജീവിത രീതിയാണ്. ജീവിതത്തിലെ സാഹചര്യങ്ങളോ, സമൂഹമോ ഒന്നുമല്ല അവരെ ഇങ്ങനെ ജീവിക്കാൻ നിർബന്ധിച്ചത്. ഇത് സാറ സ്വയം തെരഞ്ഞെടുത്ത നിയോഗമാണ്. മറിച്ചായിരുന്നെങ്കിൽ ഈ അൾത്താരാ ഗീതത്തിനു പകരം ചെന്നായ്ക്കളുടെ ഓളിയിടലോ, അല്ലെങ്കിൽ പ്രേതപിശാചുക്കളുടെ നിലവിളികളോ ഒക്കെ ആയിരുന്നേനെ ഹാലൂസിനേഷനിൽ വരിക. അല്ലെങ്കിൽ ഒരു ടോയ്‌ലെറ്റ് ഫ്ലഷിങ്ങോ, വാതിൽ അടയ്ക്കുന്ന ശബ്ദമോ പോലെ വളരെ ഏകാന്തജീവിതത്തിനിടയിൽ ഭീതിക്കു കാരണമാകുന്ന മറ്റുവല്ല ശബ്ദങ്ങളും ആവാം. 

ആളുകൾ പലപ്പോഴും മൗനത്തെ ആശ്രയിക്കുന്നത് എന്തെങ്കിലും കടുത്ത സങ്കടാനുഭവത്തിന്റെ ആഘാതം കഴിഞ്ഞാവും. ഉദാ. പ്രിയപ്പെട്ട ആരുടെയെങ്കിലും മരണം, അല്ലെങ്കിൽ പ്രണയനൈരാശ്യം, ബ്രേക്ക് അപ്പ് എന്നിങ്ങനെ. അതായത് ഒരു നെഗറ്റീവ് ഫീലിങ്ങിന്റെ പ്രകാശനമായി, വളരെ ആത്മഘാതകമായ ഒരു പ്രതികരണം എന്ന രീതിയിൽ. എന്നാൽ, മൗനത്തിന്റെ അപാരമായ ആനന്ദത്തെപ്പറ്റി ചെറുപ്പത്തിലേ കുട്ടികൾ പഠിച്ചിരുന്നെങ്കിൽ... അതിനെ നെഗറ്റീവ് ആയ പരിവേഷത്തിൽ നിന്നും മോചിതമാക്കിയിരുന്നു എങ്കിൽ, എത്ര നന്നായിരുന്നേനെ...

നമ്മുടെ നീതിന്യായ വ്യവസ്ഥയിൽ ഇന്നുള്ളതിൽ വച്ച് ഏറ്റവും വലിയ ശിക്ഷകളിൽ ഒന്ന് ഏകാന്തതടവാണ്. ഒരാളെയും കാണാതെ ഒരാളോടും മിണ്ടാതെ കഴിച്ചുകൂട്ടേണ്ടി വരിക എന്നത് വലിയ ഒരു ശിക്ഷയായിട്ടാണ് കണക്കാക്കപ്പെടുന്നത്. അപൂർവം ചിലർക്ക് ഉർവശീശാപം ഉപകാരമെന്നുണ്ടായേക്കാം എങ്കിലും, ഭൂരിഭാഗത്തിനും അത് പകരുത് ആത്മസംഘർഷങ്ങൾ മാത്രമാകും. 

ക്യാമ്പനെല്ലയുടെ എൽ സീക്രട്ടോ ഡെ സുസ് ഓജോസ് ( അവരുടെ കണ്ണുകളിലെ രഹസ്യങ്ങൾ ) എന്ന ഒരു അർജന്റീനിയൻ ചിത്രമുണ്ട്. അതിൽ ബെഞ്ചമിൻ എന്ന കഥാപാത്രം തന്റെ കാമുകിയെ ബലാത്സംഗം ചെയ്തുകൊന്ന ഇസിഡോറോ എന്ന വില്ലന് നൽകുന്ന ശിക്ഷ ഒരക്ഷരം മിണ്ടാതുള്ള ഏകാന്ത തടവാണ്. "ഒന്ന് മിണ്ടൂ, അല്ലെങ്കിൽ എന്നെ കൊന്നുകളയൂ..." എന്നാണ് 24  വർഷത്തെ മൗനത്തിനും ഏകാന്ത പീഡനത്തിനും ശേഷം ഇസിഡോറോ, ബെഞ്ചമിനോട് പറയുന്നത്. അതിനും അയാളുടെ മറുപടി, ഒരു മൗനവും, നിസ്സംഗമായ ഒരു പുഞ്ചിരിയും മാത്രമാണ്.

sara maitland writer lives alone 

ചുരുക്കത്തിൽ, എല്ലാം ആശ്രയിച്ചിരിക്കുന്നത് മൗനം, ഏകാന്തത ഒക്കെയും നിങ്ങളുടെ തെരഞ്ഞെടുപ്പാണോ അല്ലയോ എന്നതിനെ ആശ്രയിച്ചിരിക്കും. നമ്മുടെ ആഗ്രഹങ്ങൾക്ക് വിരുദ്ധമായി അടിച്ചേൽപ്പിക്കപ്പെടുന്ന ഏകാന്തത പീഡനമാകും. അതേസമയം, നമ്മൾ ഇഷ്ടപ്രകാരം ആശ്ലേഷിക്കുന്ന ഏകാന്തജീവനമോ നമുക്ക് ഒരു അനുഗ്രഹവും. സാമൂഹ്യമാധ്യമങ്ങളുടെയും വീഡിയോ സ്ട്രീമിങ്ങിന്റെയും മറ്റും ബഹളങ്ങളാൽ മുഖരിതമായ 'ഈ' ലോകത്തു ജീവിക്കുന്ന നമുക്കൊക്കെ അതിശയത്തോടെ, തെല്ലസൂയയോടെ, ഒരല്പം  ദൂരെ നിന്നുമാത്രം നോക്കിക്കാണാം സാറ മേറ്റ്ലാൻഡിന്റെ ഈ ഏകാന്ത ജീവിതത്തെ...!  

Follow Us:
Download App:
  • android
  • ios