Asianet News MalayalamAsianet News Malayalam

റൺവേകൾക്കിടയിലെ സ്ഥലത്ത് കൃഷി ചെയ്‍തു, വിളതിന്നാൻ പക്ഷികളുംമൃ​ഗങ്ങളും, പക്ഷികളെ ഓടിക്കാൻ 'നിയമിച്ച'ത് പന്നികളെ

വിമാനത്താവളത്തിൽ ആറ് റൺവേകളാണുള്ളത്. അതിലെ രണ്ടെണ്ണത്തിനിടയിലുള്ള 500 ഏക്കർ കൃഷിഭൂമിയിലാണ് പന്നികളെ ഇറക്കിയിട്ടുള്ളത്. അവിടെ പ്രധാന വിള മധുരക്കിഴങ്ങാണ്. 

Schiphol Airport recruits pigs to scare away birds
Author
Schiphol Airport, First Published Oct 18, 2021, 3:34 PM IST

ആംസ്റ്റർഡാമിലെ(Amsterdam) ഷിഫോൾ വിമാനത്താവളം(Schiphol Airport) ഇപ്പോൾ വലിയൊരു പ്രതിസന്ധിയിലാണ്. നെതർലാൻഡ്സിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളമായ ഇത് 10.3 ചതുരശ്ര മൈലിലാണ് സ്ഥിതി ചെയ്യുന്നത്. നല്ല ഫലഭൂയിഷ്ടമായ ഇവിടത്തെ മണ്ണ് കൃഷിക്ക് അനുയോജ്യമാണ്. അതുകൊണ്ട് തന്നെ റൺവേകൾക്കിടയിലുള്ള സ്ഥലത്ത് അധികൃതർ കൃഷി ഇറക്കിയിട്ടുണ്ട്. എന്നാൽ, വിളകൾ ഭക്ഷിക്കാൻ പലതരം പക്ഷികളും, മൃഗങ്ങളും ഇവിടെ എത്തുന്നതാണ് ഇപ്പോഴത്തെ അവിടത്തെ പ്രശ്‌നം.  

നിർഭാഗ്യവശാൽ, ഈ പ്രദേശത്ത് എത്തുന്ന പക്ഷികളുടെ എണ്ണം കൂടിവരികയാണ്. ഇങ്ങനെ വിളകൾ തിന്നാൻ എത്തുന്ന പക്ഷികൾ വിമാനങ്ങൾ വരാനും, പോകാനും തടസമാകുന്നു. റൺവേകൾക്കിടയിൽ സ്ഥിതിചെയ്യുന്ന കൃഷിഭൂമിയിൽ താറാവുകളുടെ കൂട്ടവും കാണാം. അങ്ങനെ ആകെമൊത്തം അതൊരു വിമാനത്താവളമാണോ, ഫാമാണോ എന്ന് സംശയം തോന്നും വിധമാണ് പക്ഷികളുടെയും, മൃഗങ്ങളുടെയും കടന്ന് കയറ്റം.

ഒടുവിൽ പക്ഷികളുടെ ഈ നുഴഞ്ഞുകയറ്റം നിയന്ത്രിക്കാൻ, ഒരു പ്രത്യേക സംഘത്തെ നിയമിക്കാൻ എയർപോർട്ട് തീരുമാനിച്ചു. റൺവേകൾക്കിടയിലുള്ള കൃഷിയിടങ്ങളിൽ നിന്ന് താറാവുകളെ ഓടിക്കാൻ എയർപോർട്ട് പന്നികളെ നിയമിച്ചു. റിപ്പോർട്ടുകളനുസരിച്ച്, വിമാനത്താവളത്തിൽ 20 പന്നികളുടെ ഒരു സംഘമാണുള്ളത്. യാത്രക്കാരുടെ എണ്ണത്തിൽ യൂറോപ്പിലെ മൂന്നാമത്തെ വലിയ വിമാനത്താവളമാണ് ഷിഫോൾ. കൂടാതെ, ഒരു പ്രധാന ഗതാഗത, എയർ കാർഗോ കേന്ദ്രവും കൂടിയാണിത്.  

വിമാനത്താവളത്തിൽ ആറ് റൺവേകളാണുള്ളത്. അതിലെ രണ്ടെണ്ണത്തിനിടയിലുള്ള 500 ഏക്കർ കൃഷിഭൂമിയിലാണ് പന്നികളെ ഇറക്കിയിട്ടുള്ളത്. അവിടെ പ്രധാന വിള മധുരക്കിഴങ്ങാണ്. താറാവുകളും, മറ്റ് പക്ഷികളും പന്നികളെ കണ്ട് സ്ഥലം വിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആറാഴ്ച പന്നികൾ പാടത്ത് ഉണ്ടാകും. പക്ഷികളെ കണ്ടെത്താനുള്ള ഒരു റഡാറും രണ്ട് സൈറ്റുകളിലും സ്ഥാപിച്ചിട്ടുണ്ട്. "ചൊവ്വാഴ്ച മധുരക്കിഴങ്ങ് വിളവെടുപ്പ് കഴിഞ്ഞതിനെത്തുടർന്ന് പന്നികളെ കൃഷിയിടത്തേയ്ക്ക് തുറന്ന് വിട്ടു. വിളയുടെ അവശിഷ്ടങ്ങൾ അവ തിന്ന് തീർക്കുമെന്നതിനാൽ പക്ഷികൾക്ക് തിന്നാൻ ബാക്കിയൊന്നും കിട്ടില്ല" പന്നികളുടെ ഉടമയായ ജോസ് ഹാർഹൂയിസ് ഡച്ച് പേപ്പറായ ഡി ടെലിഗ്രായോട് പറഞ്ഞു.

Follow Us:
Download App:
  • android
  • ios