'ഇത് 2025 ആയിരിക്കുന്നു, എന്നിട്ടും ഇന്നും അഹമ്മദാബാദിലെ മണിന​ഗറിലുള്ള വിദ്യാർത്ഥികൾ ഇങ്ങനെയാണ് സ്കൂളിൽ പോകുന്നത്' എന്ന ക്യാപ്ഷനോടു കൂടിയാണ് ഡോ. ​ഹർഷ് ജ​ഗതിയ എന്ന യുവാവ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്.

സ്കൂൾ കുട്ടികൾ ഓട്ടോറിക്ഷയിൽ അപകടകരമായി യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനത്തിനിടയാക്കുന്നു. അഹമ്മദാബാദിലെ മണിനഗറിലുള്ള സ്കൂൾ കുട്ടികളാണ് ഒരു ഓട്ടോറിക്ഷയിൽ അപകടകരമായി യാത്ര ചെയ്യുന്നതായിട്ടുള്ള രം​ഗങ്ങൾ പുറത്ത് വന്നിരിക്കുന്നത്. ഒരു ആൺകുട്ടി ഓട്ടോയുടെ പിന്നിൽ ഇരിക്കുന്നതും, അവന്റെ ശരീരം മുഴുവനും വാഹനത്തിന് പുറത്തേക്ക് തൂങ്ങിക്കിടക്കുന്നതും വീഡിയോയിൽ കാണാം. ഒരു കമ്പി മാത്രമാണ് കുട്ടിയുടെ സുരക്ഷയ്ക്ക് ഓട്ടോയിൽ ഉള്ളത്.

വിദ്യാർത്ഥികളുടെ സുരക്ഷ അവഗണിച്ചതിന് ഓട്ടോ ഡ്രൈവർ, സ്കൂൾ, കുട്ടിയുടെ മാതാപിതാക്കൾ എന്നിവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. അഹമ്മദാബാദ് പൊലീസിന്റെ ശ്രദ്ധയിലും വീഡിയോ പെട്ടിട്ടുണ്ട്. സംഭവത്തിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.

Scroll to load tweet…

'ഇത് 2025 ആയിരിക്കുന്നു, എന്നിട്ടും ഇന്നും അഹമ്മദാബാദിലെ മണിന​ഗറിലുള്ള വിദ്യാർത്ഥികൾ ഇങ്ങനെയാണ് സ്കൂളിൽ പോകുന്നത്' എന്ന ക്യാപ്ഷനോടു കൂടിയാണ് ഡോ. ​ഹർഷ് ജ​ഗതിയ എന്ന യുവാവ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. എക്സിൽ (ട്വിറ്റർ) ഷെയർ ചെയ്തിരിക്കുന്ന വീഡിയോയുടെ ക്യാപ്ഷനിൽ, 'ഓട്ടോ ഡ്രൈവർ, സ്കൂൾ, രക്ഷിതാക്കൾ എന്നിവർക്കെതിരെ കർശന നടപടി തന്നെ സ്വീകരിക്കണം' എന്നും കുറിച്ചിരിക്കുന്നതായി കാണാം.

'ഇത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തിയതിന് നന്ദി. ഉചിതമായ നടപടി സ്വീകരിക്കാൻ ട്രാഫിക് കൺട്രോൾ റൂമിനെ അറിയിച്ചിട്ടുണ്ട്' എന്നാണ് പോസ്റ്റിനോട് അഹമ്മദാബാദ് പൊലീസ് പ്രതികരിച്ചിരിക്കുന്നത്. ഒക്ടോബർ അഞ്ചിനാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. എന്നാൽ, ഏത് ദിവസമാണ് ഇത് പകർത്തിയിരിക്കുന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ല. തീർത്തും അപകടകരമായി കുട്ടി യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ വൈറലായി മാറിയതോടെ വലിയ വിമർശനമാണ് നെറ്റിസൺസിന്റെ ഭാ​ഗത്ത് നിന്നും ഉയർന്നത്.