ഒന്നും പ്രതികരിക്കാതെ ആകെ തകർന്ന അവസ്ഥയിൽ അവിടെ നിന്നും മടങ്ങിയെങ്കിലും യുവതിക്ക് നേരെ അതേ ദിവസം തന്നെ വീണ്ടും വംശീയാധിക്ഷേപം ഉയരുകയായിരുന്നു.

ദില്ലിയിൽ വച്ച് ഒരേ ദിവസം തന്നെ രണ്ട് തവണ വംശീയാധിക്ഷേപം നേരിടേണ്ടി വന്നു എന്ന് തുറന്നുപറഞ്ഞ് മേഘാലയയിൽ നിന്നുള്ള യുവതി. @__insolitude എന്ന യൂസർനെയിമിലുള്ള യുവതിയാണ് തനിക്കുണ്ടായ അനുഭവം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്. ഒരേ ദിവസം തന്നെ കമല നഗറിൽ വച്ചും പിന്നീട് ഒരു മെട്രോ സ്റ്റേഷനുള്ളിൽ വച്ചും തനിക്കെതിരെ വംശീയാധിക്ഷേപമുണ്ടായി എന്നാണ് യുവതിയുടെ ആരോപണം.

ഞാൻ കമല നഗറിൽ ചില ജോലികൾക്കായി പോയതാണ്. അതുവഴി നടക്കുന്ന സമയത്ത്, മൂന്നോ നാലോ പേരടങ്ങുന്ന ഒരു കൂട്ടം പുരുഷന്മാർ സ്കൂട്ടിയിൽ ഇരിക്കുന്നുണ്ടായിരുന്നു, ഞാൻ അതുവഴി കടന്നുപോകുമ്പോൾ അതിൽ ഒരാൾ 'സെങ് ചോങ്' എന്ന് പറഞ്ഞു. അത് കേട്ടയുടനെ ഞാൻ തിരിഞ്ഞ് അയാളെ നോക്കി, അപ്പോൾ അതിൽ എല്ലാവരും ചിരിക്കാൻ തുടങ്ങി. ഞാൻ എന്താണ് കേട്ടത് എന്നത് എന്റെ തലച്ചോറിന് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല, അവർ എന്നെ നോക്കി ചിരിക്കുകയായിരുന്നു. എന്നിട്ടും ഞാൻ ഒന്നും മിണ്ടാതെ കടയിലേക്ക് നടന്നു.

ഒന്നും പ്രതികരിക്കാതെ ആകെ തകർന്ന അവസ്ഥയിൽ അവിടെ നിന്നും മടങ്ങിയെങ്കിലും യുവതിക്ക് നേരെ അതേ ദിവസം തന്നെ വീണ്ടും വംശീയാധിക്ഷേപം ഉയരുകയായിരുന്നു. മെട്രോ സ്റ്റേഷനിൽ വച്ചായിരുന്നു അത്. ഒരാൾ അവളെ 'ചിങ് ചോങ് ചൈന' (Ching Chong China) എന്നാണ് വിളിച്ചത്. താൻ അയാൾക്കുനേരെ തുറിച്ചുനോക്കി എന്നും തനിക്ക് ഒന്നും പ്രതികരിക്കാൻ സാധിച്ചില്ല എന്നും യുവതി പറയുന്നു.

View post on Instagram

സ്വന്തം രാജ്യത്ത് ഒരു അന്യ​ഗ്രഹജീവിയെപ്പോലെയായി എന്നതാണ് തന്നെ ഏറെ വേദനിപ്പിച്ചത് എന്ന് യുവതി പറയുന്നു. താൻ ഇതിന് മുമ്പ് മറ്റ് പല രാജ്യങ്ങളിലും പോയിട്ടുണ്ട്. എന്നാൽ, അവിടങ്ങളിലൊന്നും താൻ അവിടെയുണ്ടാവാൻ പാടില്ലാത്ത ഒരാളാണെന്ന തരത്തിൽ തന്നോട് പെരുമാറിയിട്ടില്ല. പക്ഷേ, ഇന്ന് സ്വന്തം രാജ്യത്ത് തനിക്കത് അഭിമുഖീകരിക്കേണ്ടി വന്നു എന്നാണ് യുവതി കുറിക്കുന്നത്. വംശീയാധിക്ഷേപത്തിനെതിരെ രൂക്ഷമായ പ്രതികരണവുമായി അനേകങ്ങളാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്.