ബെംഗളൂരു മന്ദരഗിരി കുന്നിന് സമീപമുള്ള ഫ്ലൈഓവറിൽ ആണികൾ വിതറിയതിന്‍റെ വീഡിയോ വൈറലായി. ടയർ പഞ്ചറായതിനെ തുടർന്ന് സൈക്കിൾ യാത്രക്കാർ കണ്ടെത്തിയ ഈ സംഭവം, അടുത്തുള്ള പഞ്ചർ കടക്കാർ നടത്തുന്ന തട്ടിപ്പാണെന്ന സംശയം ഉയർത്തുന്നു. 

ബെംഗളൂരു ഫ്ലൈഓവറിൽ മന്ദരഗിരി കുന്നിന് സമീപത്ത് നിന്നും പകർത്തിയ ഒരു വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ആശങ്ക കൂട്ടി. വീഡിയോ വൈറലായതിന് പിന്നാലെ സുരക്ഷിതമായി ഇനി എങ്ങനെ റോഡിലൂടെ യാത്ര ചെയ്യുമെന്ന ആശങ്ക പങ്കുവച്ചത് നിരവധി പേരാണ്. മറ്റ് വാഹനങ്ങളെക്കാൾ ബൈക്ക്, സൈക്കിൾ യാത്രക്കാരാണ് കൂടുതലായും ആശങ്ക പ്രകടപ്പിച്ച് രംഗത്തെത്തിയതെന്ന് കുറിപ്പുകളിൽ നിന്നും വ്യക്തം. 'ബെംഗളൂരു പൗരന്മാർക്കുള്ള സ്കാം അലേർട്ട് പൊതുജന അവബോധ സന്ദേശമെന്ന കുറിപ്പോടെയാണ് കര്‍ണ്ണാടക പ്രോട്ട്ഫോളിയോ എന്ന എക്സ് അക്കൗണ്ടിലൂടെ വീഡിയോയും കുറിപ്പും പങ്കുവച്ചത്. ഒറ്റ ദിവസത്തിനുള്ളിൽ അരലക്ഷത്തിന് മുകളില്‍ ആളുകളാണ് വീഡിയോ കണ്ടത്.

റോഡ് നിറയെ ആണികൾ

സൈക്കിൾ യാത്രക്കാരായ ചിലരാണ് വീഡിയോ ചിത്രീകരിച്ചത്. മന്ദരഗിരി കുന്നിന് സമീപത്ത് നിന്നുള്ള ദൃശ്യങ്ങളാണ് അതെന്ന് വീഡിയോയില്‍ പറയുന്നു. ഒപ്പം ബെംഗളൂരുവിലൂടെ വാഹനമോടിക്കുന്നവർക്കും ഇരുചക്ര വാഹന യാത്രക്കാർക്കും അടിയന്തര മുന്നറിയിപ്പാണെന്ന് കുറിക്കുന്നു. മന്ദരഗിരി കുന്നിലേക്ക് സൈക്കിൾ യാത്ര പോയവർ തിരിച്ച് വരുന്ന വഴിയാണ് സംഭവം കണ്ടെത്തിയത്. ഐക്കിയ ഷോറൂമിന് മുമ്പുള്ള ഫ്ലൈഓവർ വച്ച് അവര്‍ നിരവധി പുതിയ ആണികൾ റോ‍ഡില്‍ നിന്നും കണ്ടെത്തി. റോഡിൽ വിതറിയെ ആണികൾ കാരണം അവരില്‍ ഒരാളുടെ സൈക്കിളിന്‍റെ ടയർ പഞ്ചറായതിന് ശേഷമാണ് യാത്രാ സംഘം സംഭവം ശ്രദ്ധിക്കുന്നത്. നിൽക്കുന്ന ഇടത്ത് നിന്ന് തന്നെ അവരില്‍ ഒരാൾക്ക് അഞ്ചോളം ആണികൾ കണ്ടെത്താന്‍ കഴിഞ്ഞു. ഇത് വീഡിയോയില്‍ കാണാം. തുടർന്നാണ് അവര്‍ വീഡിയോ റെക്കോര്‍ഡ് ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്.

Scroll to load tweet…

ബോധപൂർവമായി ആരോ ചെയ്ത പ്രവര്‍ത്തായാണെന്നും അതിനാല്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കാനാണ് ഇത്തരമൊരു വീഡിയോ എടുത്തതെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു. വാഹനങ്ങളുടെ ടയറുകൾ പഞ്ചറാക്കാനായി ആരോ മനഃപൂർവ്വം റോഡില്‍ ആണികൾ കൊണ്ടിടുകയായിരുന്നെന്ന് വീഡിയോയിൽ സംശയം പ്രകടിപ്പിക്കുന്നു. ഒപ്പം അതൊരു വലിയ തട്ടിപ്പിന്‍റെ ഭാഗമാണെന്നും ടയർ പഞ്ചറായില്‍ അടുത്തുള്ള പഞ്ചർ ഒട്ടിക്കുന്ന ആളുകളെ വിളിക്കാന്‍ വാഹന ഉടമകൾ നിര്‍ബന്ധിതരാകുമെന്നും കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. ഒപ്പം ഇത് വളരെ അപകടകരമാണെന്നും അമിത വേഗതയിൽ പെട്ടെന്ന് ടയർ പൊട്ടുകയോ പഞ്ചർ ആകുകയോ ചെയ്യുമ്പോൾ അത് വലിയ അപകടങ്ങൾക്കും പരിക്കുകൾക്കോ ജീവൻ തന്നെ നഷ്ടപ്പെടാനോ കാരണമാകുമെന്നും കൂറിപ്പില്‍ സൂചിപ്പിക്കുന്നു. ഒപ്പം സംഭവത്തെ കുറിച്ച് അന്വേഷിച്ച് നടപടി എടുക്കാന്‍ ബെംഗളൂരു ട്രാഫിക് പോലീസും ബിബിഎംപിയും ആവശ്യപ്പെട്ടു.

പ്രതികരണം

വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് തങ്ങൾക്കും സമാനമായ അനുഭവം ഉണ്ടായെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയത്. സമീപത്തെ പഞ്ചർ കടകളും വണ്ടി മെക്കാനിക്ക് ഷോപ്പുകാരുമാണ് ഇതിന് പിന്നിലെന്ന് നിരവധി പേര്‍ ആരോപിച്ചു. ഇത്തരക്കാരുടെ അടുത്ത് പഞ്ചറൊട്ടിക്കാന്‍ ചെന്നാല്‍ അവര്‍ വാഹനത്തിലെ നല്ല ട്യൂബുകൾ മാറ്റി പകരം മോശം ട്യൂബുകളാണ് ഇടുന്നതെന്നും ഇത് പെട്ടെന്ന് തന്നെ പൊട്ടി വീണ്ടും വാഹന ഉടമയ്ക്ക് നഷ്ടം സംഭവിക്കുകയാണെന്നും ചിലര്‍ കുറിച്ചു. പെട്രോളില്‍ എഥനോൾ ചേര്‍ത്ത് സര്‍ക്കാരും റോഡിൽ ആണികൾ വിതറി പഞ്ചർ കടകളും സാധാരണക്കാരെ കൊള്ളയടിക്കുകയാണെന്നായിരുന്നു ചിലര്‍ എഴുതിയത്.