Asianet News MalayalamAsianet News Malayalam

ബാറ്ററി പോലുമില്ല, എന്നിട്ടും ഗ്യാസ് ലൈറ്റര്‍ എങ്ങനെയാണ് തീപ്പൊരി ഉണ്ടാക്കുന്നത്?

ഗ്യാസ് ലൈറ്ററിന്റെ രഹസ്യം. തുളസി ജോയ് എഴുതുന്നു
 
Science How does a gas stove lighter work by Thulasy joy
Author
First Published Sep 10, 2022, 5:19 PM IST

വൈദ്യുത സ്പാര്‍ക്ക് കാണപ്പെടുന്ന ഭാഗത്ത് രണ്ട് ലോഹ ടെര്‍മിനലുകള്‍ക്കിടയില്‍ ചെറിയ ഒരു വിടവുണ്ട്. ടെര്‍മിനലുകളില്‍ നിന്ന് ഈ വിടവിലുള്ള വായുവിലൂടെ വോള്‍ട്ടേജ് ഡിസ്ചാര്‍ജ് ചെയ്യപ്പെടുന്നതാണ് ഗ്യാസ് ലൈറ്ററില്‍ നമ്മള്‍ കാണുന്ന വൈദ്യുത സ്പാര്‍ക്ക്.

Science How does a gas stove lighter work by Thulasy joy

അടുക്കളയില്‍ ഗ്യാസ് സ്റ്റൗ കത്തിക്കാന്‍ ഉപയോഗിക്കുന്ന ഗ്യാസ് ലൈറ്റര്‍ ഒന്നു ശ്രദ്ധിച്ചുനോക്കൂ.

അതില്‍ എവിടെയെങ്കിലും ഒരു ബാറ്ററിയുണ്ടോ?

ബാറ്ററി ഇല്ലാതെ ഗ്യാസ് ലൈറ്റര്‍ എങ്ങനെയാണ് വൈദ്യുത സ്പാര്‍ക്ക് ഉണ്ടാക്കുന്നത്?

ഗ്യാസ് ലൈറ്റര്‍ പ്രവര്‍ത്തിക്കുന്നത് വളരെ വ്യത്യസ്തമായ ഒരു പ്രതിഭാസം ഉപയോഗപ്പെടുത്തിയാണ്. ഇതിന്, പീസോ ഇലക്ട്രിസിറ്റി (piezoelectricity) എന്നാണ് പേര്.

ക്വാര്‍ട്‌സ് ( quartz ) പോലുള്ള ചില പ്രത്യേകതരം ക്രിസ്റ്റലുകളില്‍ മര്‍ദ്ദം പ്രയോഗിക്കുമ്പോള്‍ അവയിലെ ചാര്‍ജുകളുടെ ഘടന താല്‍ക്കാലികമായി പുനഃക്രമീകരിക്കപ്പെടുന്നു. 

ഇത് ക്രിസ്റ്റലില്‍ ഒരു വോള്‍ട്ടേജ് ആയി രൂപപ്പെടുന്നതാണ് പീസോ ഇലക്ട്രിസിറ്റി. ഗ്യാസ് ലൈറ്ററിന്റെ അറ്റത്തുള്ള നോബ് അമര്‍ത്തുമ്പോള്‍ ഉള്ളിലുള്ള സ്പ്രിങ്ങിലേക്ക് ഘടിപ്പിച്ച ചെറിയ ചുറ്റിക പോലുള്ള ലോഹഭാഗം ക്രിസ്റ്റലില്‍ വന്ന് ഇടിക്കുന്നു. ഈ ഇടിയുടെ ബലമാണ് ക്രിസ്റ്റലില്‍ ഒരു താല്‍ക്കാലിക വോള്‍ട്ടേജ് ആയി രൂപപ്പെടുന്നത്.

വൈദ്യുത സ്പാര്‍ക്ക് കാണപ്പെടുന്ന ഭാഗത്ത് രണ്ട് ലോഹ ടെര്‍മിനലുകള്‍ക്കിടയില്‍ ചെറിയ ഒരു വിടവുണ്ട്. ടെര്‍മിനലുകളില്‍ നിന്ന് ഈ വിടവിലുള്ള വായുവിലൂടെ വോള്‍ട്ടേജ് ഡിസ്ചാര്‍ജ് ചെയ്യപ്പെടുന്നതാണ് ഗ്യാസ് ലൈറ്ററില്‍ നമ്മള്‍ കാണുന്ന വൈദ്യുത സ്പാര്‍ക്ക്.

മേഘങ്ങളില്‍ നിന്ന് വായുവിലൂടെയുള്ള വൈദ്യുത ഡിസ്ചാര്‍ജ് ആണ് മിന്നലായി കാണപ്പെടുന്നത് എന്ന് ഓര്‍ക്കുക. ഇതു പോലെയൊരു  ഡിസ്ചാര്‍ജ് അഥവാ വോള്‍ട്ടേജ് ഇല്ലാതാക്കല്‍ പ്രക്രിയയാണ് ഗ്യാസ് ലൈറ്ററിലെ സ്പാര്‍ക്ക്.

Follow Us:
Download App:
  • android
  • ios