ഹോംവര്‍ക്ക് ചെയ്യാത്തതിന് അച്ഛന്‍ ശകാരിച്ചത് മകന് ഇഷ്ടപ്പെട്ടിട്ടില്ല. അവന്‍ പോലീസ് പരാതി നല്‍കി. അതും അച്ഛന്‍റെ മയക്കുമരുന്ന് ശേഖരത്തെ കുറിച്ച്.  


ചെറിയ കുട്ടികളെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി വഴക്ക് കൂടാതെ ഓരോ ദിവസവും കഴിച്ച് കൂട്ടാന്‍ മാതാപിതാക്കൾ ഏറെ പാടുപെടുന്നു. അപ്പോഴും എന്തെങ്കിലും നിസാര കാര്യത്തിന് വാശിപിടിച്ച് കരയുകയാകും കുട്ടികൾ. കുട്ടികളെ വാശി കൂടുമ്പോൾ മാതാപിതാക്കളും ദേഷ്യപ്പെടുന്നു. ഇത് കാര്യങ്ങൾ കൂടുതല്‍ വഷളാക്കുന്നു. ചിലപ്പോൾ ഭക്ഷണം കഴിക്കാത്തതിന് മറ്റ് ചിലപ്പോൾ ആവശ്യപ്പെട്ട കളിപ്പാട്ടങ്ങളോ മറ്റ് വസ്തുക്കളോ വാങ്ങിക്കൊടുക്കാത്തതിന് അങ്ങനെ കുട്ടികളുടെ വാശിക്ക് പ്രത്യേകിച്ച് ഒരു കാരണം വേണമെന്നില്ല. പഠിക്കുന്ന കുട്ടികളാണെങ്കില്‍ അത് പലപ്പോഴും പഠനവുമായി ബന്ധപ്പെട്ടോ ഹോം വര്‍ക്കിനെ ചൊല്ലിയോയുള്ള പ്രശ്നങ്ങളുമായിരിക്കും. 

ചൈനയില്‍ അത്തരത്തില്‍ ഹോം വര്‍ക്ക് ചെയ്യാന്‍ നിര്‍ബന്ധിച്ച അച്ഛന്, മകന്‍ കൊടുത്തത് എട്ടിന്‍റെ പണി. മദ്ധ്യ ചൈനയിലെ യോങ്യിംഗ് പ്രവിശ്യയില്‍ നിന്നാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പത്ത് വയസുകാരനായ മകന്‍ ഹോം വര്‍ക്ക് ചെയ്യാതെ കളിച്ച് നടക്കുന്നത് കണ്ട അച്ഛന്‍, വിളിച്ച് ശാസിച്ചു. ഹോം വർക്ക് ചെയ്യാന്‍ നിര്‍ബന്ധിച്ചു. അച്ഛന്‍റെ വഴക്ക് പറച്ചില്‍ സഹിക്കാതെയായപ്പോൾ മകന്‍ വീട്ടില്‍ നിന്നും ഇറങ്ങി അടുത്തള്ള ഒരു കടയില്‍ നിന്നും പോലീസിന് ഫോണ്‍ ചെയ്ത്, വീട്ടില്‍ അച്ഛന്‍ മയക്കുമരുന്നായ ഓപ്പിയം സൂക്ഷിച്ചിട്ടുണ്ടെന്ന് അറിയിച്ചു. തിരികെ വീട്ടിലെത്തിയ കുട്ടി ഒന്നും അറിയാത്തത് പോലെ പെരുമാറി. അല്പ സമയത്തിന് ശേഷം വീട്ടിലേക്ക് പോലീസെത്തി. 

Watch Video: അയൽപക്കത്തെ 'ചൂൽത്തല്ല്' വീഡിയോ വൈറൽ; ചേച്ചി, 'സ്വച്ഛ്ഭാരത്' കാര്യമായി എടുത്തെന്ന് സോഷ്യൽ മീഡിയ

അപ്രതീക്ഷിതമായി പോലീസിനെ കണ്ട് വീട്ടുകാര്‍ കാര്യമന്വേഷിച്ചപ്പോഴാണ് വീട്ടില്‍ ഓപ്പിയും സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചെന്ന് പോലീസുകാര്‍ പറയുന്നത്. പിന്നാലെ വീട്ടില്‍ നടന്ന പരിശോധനയില്‍ ഉണങ്ങിയ ഓപ്പിയത്തിന്‍റെ എട്ട് തൊണ്ടുകൾ പോലീസ് കണ്ടെടുത്തു. ചൈനയില്‍ ലഹരിക്കായി ഓപ്പിയം ഉപയോഗിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. താന്‍ മരുന്നിന് വേണ്ടിയാണ് അവ സൂക്ഷിച്ചിരിക്കുന്നതെന്ന് കുട്ടിയുടെ അച്ഛന്‍ പോലീസിനോട് പറഞ്ഞ് നോക്കിയെങ്കിലും പോലീസിന് അത് വിശ്വസനീയമായി തോന്നിയില്ല. അവർ അദ്ദേഹത്തെ ലഹരി വിരുദ്ധ നിയമപ്രകാരം അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു. അതേസമയം കുട്ടിയുടെ സ്വകാര്യതയെ മാനിച്ച് പോലീസ് കുട്ടിയുടെയോ അച്ഛന്‍റെയോ പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

Watch Video: 'എന്‍റെ ഭർത്താവിനെ തല്ലുന്നോ?'; അധ്യാപികയുടെ ഭർത്താവിനെ ബെൽറ്റ് കൊണ്ട് അടിക്കുന്ന പ്രിൻസിപ്പലിന്‍റെ വീഡിയോ