മറ്റ് അധ്യാപകരും നാട്ടുകാരും നോക്കി നില്‍ക്കെയാണ് പ്രിന്‍സിപ്പൽ, അധ്യാപികയുടെ ഭർത്താവിനെ ബെല്‍റ്റ് കൊണ്ട് അടിക്കുന്നത്.
ഉത്തർപ്രദേശിലെ ഷാജഹാൻപൂർ ജില്ലയിലെ സ്കൂള്‍ അധ്യാപികയെയും ഭര്‍ത്താവിനെയും സ്കൂളിലെ പ്രധാനാധ്യാപകന്‍ തന്‍റെ കൈയിലെ ബെല്‍റ്റ് ഉപയോഗിച്ച് തലങ്ങും വിലങ്ങും തല്ലുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഒരു കൂട്ടം ആളുകൾ നോക്കിനില്‍ക്കവെ പ്രിന്‍സിപ്പൽ അധ്യാപികയുടെ ഭര്‍ത്താവിനെ മർദ്ദിക്കുന്നത് വീഡിയോയില്‍ കാണാം. സിദ്ധൗലി പൊലീസ് സ്റ്റേഷൻ പരിധിയിലെ ലധൗലി ഗ്രാമത്തിലാണ് സംഭവമെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. പട്ടാപ്പകൽ നടുറോഡിൽ വച്ച് അധ്യാപികയെയും ഭർത്താവിനെയും പ്രധാനാധ്യാപകന്‍ തല്ലുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
വീഡിയോയില്‍ പ്രധാനാധ്യാപകന്‍, അധ്യാപികയുടെ ഭര്‍ത്താവിനെ ബെല്‍റ്റ് കൊണ്ട് തല്ലുന്നത് വീഡിയോയില്‍ കാണാം. ഈ സമയം നിരവധി പേര്‍ സംഭവം നോക്കി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. അധ്യാപികയെ ഭര്‍ത്താവ് രാവിലെ സ്കൂളില്‍ ഇറക്കി വിടാനായി എത്തിയപ്പോഴാണ് സംഭവമെന്നും സ്കൂൾ പ്രിന്‍സിപ്പൽ സുമിത് പഥക്കും സഹപ്രവർത്തകരും ചേർന്ന് അധ്യാപികയെയും ഭർത്താവിനെയും സ്കൂളില്‍ നിന്നും ഇറക്കിവിടാൻ ശ്രമിച്ചതിന് പിന്നാലെയാണ് അക്രമം നടന്നതെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. പ്രധാനാധ്യാപകന്‍ ഭര്‍ത്താവിനെ മര്‍ദ്ദിക്കുമ്പോൾ, നിങ്ങൾ എന്‍റെ ഭര്‍ത്താവിനെ തല്ലുകയാണോ എന്ന് ചോദിച്ച് അധ്യാപിക വഴക്കിന് ഇടയ്ക്ക് കയറുന്നതും വീഡിയോയില്‍ കാണാം.
സംഭവത്തില്‍ പ്രധാനാധ്യാപകന് എതിരെ അധ്യാപിക സാക്ഷി കപൂര്‍, പരാതി നല്‍കിയതിന് പിന്നാലെ, പോലീസ് സംഭവ സ്ഥലത്തെത്തുകയും എല്ലാവരെയും കസ്റ്റഡിയില്‍ എടുത്തതായും റിപ്പോര്‍ട്ടുകൾ പറയുന്നു. സംഭവത്തില്‍ കേസ് ഫയല്‍ ചെയ്തെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് പറയുന്നു. അതേസമയം പ്രധാനാധ്യാപകന് എതിരെ സാക്ഷി കപൂര്‍ നേരത്തെയും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. വീഡിയോ കണ്ടിട്ട് ഒരു ബോളിവുഡ് സിനിമ പോലുണ്ടെന്നും പ്രിന്‍സിപ്പൽ ഒരു സിനിമയില്‍ അഭിനയിക്കുന്നതായി കരുതിയെന്നും അദ്ദേഹം തന്‍റെ ആക്ഷന്‍ സീന്‍ സ്വയം ഡയറക്ട് ചെയ്യുകയാണെന്നുമായിരുന്നു ഒരാൾ വീഡിയോയ്ക്ക് താഴെ കുറിച്ചത്.
ഒന്ന് ചുംബിക്കാന്‍ ശ്രമിച്ചതാ... റഷ്യന്‍ നർത്തകിയുടെ മൂക്കിൽ കടിച്ച് പാമ്പ്; വീഡിയോ വൈറൽ
