ഗ്ലാസ്‌ഗോയിൽ നിന്ന് 31 മൈൽ അകലെയാണ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. ആർഡ്രോസനിൽ നിന്ന് ബോട്ട് വഴി ഇവിടേക്ക് എത്തിച്ചേരാം. ബിബിസിയുടെ കണക്കനുസരിച്ച്, ദ്വീപിൽ നൂറിലധികം ഇനം പക്ഷികൾ ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഒരു ദ്വീപ് സ്വന്തമായി വാങ്ങി അവിടെ താമസിക്കാൻ ആഗ്രഹമുണ്ടോ? അങ്ങനെ ഉള്ളവർക്ക് ഒരു അവസരം വന്നിരിക്കയാണ്. പക്ഷേ, ദ്വീപ് ഇവിടെ അടുത്തൊന്നുമല്ല. പ്ലാഡ്ഡ എന്ന് പേരുള്ള ഒരു സ്കോട്ടിഷ് ദ്വീപാണ് 350,000 പൗണ്ടിന് (3,35,34,872 രൂപ) വിൽപ്പനയ്‌ക്ക് എത്തിയിരിക്കുന്നത്. അരാൻ തീരത്താണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. അതിൽ അഞ്ച് കിടപ്പുമുറികളുള്ള ഒരു വീട്, ഒരു ഹെലിപാഡ്, 1790 -കളിലെ ഒരു വിളക്കുമാടം എന്നിവ ഉൾപ്പെടുന്നു. ഈ ദ്വീപിന്റെ വില മുംബൈ നഗരത്തിലെ ഒരു 3 BHK -യുടെ വിലയേക്കാൾ കുറവാണ്.

28 ഏക്കർ വരുന്ന ഈ ദ്വീപ് കുറേക്കാലമായി അടച്ചിട്ടിരിക്കുകയാണ്. അവിടെ വീണ്ടും താമസിക്കണമെങ്കിൽ അതിൽ കുറച്ച് പണികളും നവീകരിക്കലും ഒക്കെ ആവശ്യമായി വരും. 30 വർഷം മുമ്പാണ് അരാൻ എസ്റ്റേറ്റ്, ഫാഷൻ ഡിസൈനർമാരായ ഡെറക്, സാലി മോർട്ടൻ എന്നിവർക്ക് പ്ലാഡ്ഡ ദ്വീപ് വിറ്റത്. അവരാണ് നിലവിൽ ദ്വീപിന്റെ ഉടമകൾ.
ഗ്ലാസ്‌ഗോയിൽ നിന്ന് 31 മൈൽ അകലെയാണ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. ആർഡ്രോസനിൽ നിന്ന് ബോട്ട് വഴി ഇവിടേക്ക് എത്തിച്ചേരാം. ബിബിസിയുടെ കണക്കനുസരിച്ച്, ദ്വീപിൽ നൂറിലധികം ഇനം പക്ഷികൾ ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. ദ്വീപിന്റെ വിളക്കുമാടം 1990 മുതൽ എഡിൻബർഗിൽ നിന്നാണ് പ്രവർത്തിപ്പിക്കുന്നത്. ടവറിന്റെ മുകളിൽ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന എൽഇഡി ലൈറ്റുകൾ സ്ഥാപിച്ചിരിക്കയാണ്. നേരത്തെ ലൈറ്റ് ഹൗസ് നോക്കി നടത്തിയിരുന്ന ആളുടെ വീടും ഇവിടെ ഉണ്ട്. അതിൽ രണ്ട് ലിവിംഗ് റൂം, ഒരു ബാത്ത്‍ റൂം, അടുക്കള, ഫ്രീസർ റൂം എന്നിവ ഉണ്ട്.

ഏതായാലും ഈ ദ്വീപ് വാങ്ങുന്നവർക്ക് മനോഹരമായ കാഴ്ചകളും അനുഭവങ്ങളും ഉറപ്പാണ്. എന്നാൽ, വാങ്ങിയാൽ അത് നവീകരിക്കേണ്ടി വരും താമസം തുടങ്ങുന്നതിന് മുമ്പ് തന്നെ.
