Asianet News MalayalamAsianet News Malayalam

കടൽകാക്ക സൂപ്പർ മാർക്കറ്റിൽ നിന്നും കടത്തിയത് 29,000 രൂപയുടെ ചിപ്സ്!

ഇതൊരു നിത്യസംഭവമാണ് എന്ന് കടയിലെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ജീവനക്കാരൻ പറഞ്ഞു. അവൻ വരുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ ഞങ്ങൾ അവനെ ഓടിച്ച് വിടാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

seagull nabbed snacks
Author
England, First Published May 18, 2022, 9:57 AM IST

കടൽകാക്കകളെ (seagull) കാണാൻ നല്ല ചന്തമാണെങ്കിലും, ഭക്ഷണം കണ്ടാൽ പിന്നെ അവയുടെ വിധം മാറും. നമ്മുടെ കൈയിലെ ഭക്ഷണപ്പൊതി തട്ടിയെടുക്കാനായി നമ്മെ ഉപദ്രവിക്കാൻ വരെ അവ മടിക്കില്ല. ഇംഗ്ലണ്ടിലെ സ്റ്റീവൻ സീഗൾ (Steven Seagull) എന്ന് വിളിക്കപ്പെടുന്ന ഒരു കടൽ കാക്കയ്ക്ക് പ്രിയം ചിപ്സുകളാണ്. എന്നാൽ, ആളുകൾ കഴിക്കുന്നതിൽ നിന്ന് പങ്കുപറ്റാനൊന്നും അവനെ കിട്ടില്ല. പകരം ഡെവണിലെ പൈഗ്‌ടണിലുള്ള ഒരു സൂപ്പർമാർക്കറ്റിൽ നിന്ന് അവൻ ചിപ്സിന്റെ പാക്കറ്റുകൾ ആരും കാണാതെ ചൂണ്ടും. ഏകദേശം 29,000 രൂപ വിലമതിക്കുന്ന ചിപ്സിന്റെ പാക്കറ്റുകളാണ് അവൻ ടെസ്‌കോ എക്‌സ്‌ട്രാസിൽ നിന്ന് ഇതുവരെ മോഷ്ടിച്ചത്.

സൂപ്പർമാർക്കറ്റിന് ഓട്ടോമാറ്റിക്ക് വാതിലുകളാണ് ഉള്ളത്. അതിന്റെ പരിസത്ത് അലഞ്ഞുതിരിയുന്ന അവൻ വാതിലിന്റെ പ്രവർത്തനം കണ്ട് മനസ്സിലാക്കി. എന്നിട്ട് തിരക്കില്ലാത്ത നേരം നോക്കി അകത്ത് കയറി ചിപ്സിന്റെ പാക്കറ്റ് കൊക്കിലൊതുക്കി പുറത്തേയ്ക്ക് ഓടും. എന്നാൽ, സ്റ്റീവൻ ഒടുവിൽ ക്യാമറയിൽ കുടുങ്ങി. മോൺസ്റ്റർ മഞ്ച്, മിനി ചെഡ്ഡാർ, ടാങ്കി ചീസ് ഡോറിറ്റോസ് എന്നിയവയാണ് അവന്റെ പ്രിയപ്പെട്ട ആഹാരങ്ങൾ. കടയിലെ ജീവനക്കാർ പറയുന്നത്, ദിവസത്തിൽ ഒരിക്കലെങ്കിലും അവൻ എത്തുമെന്നാണ്. ചിലപ്പോൾ അത് മൂന്ന് പ്രാവശ്യം വരെയാകാം. ജീവനക്കാർക്ക് ഇത് അറിയാമായിരുന്നെങ്കിലും, വർഷാവസാനം കണക്ക് നോക്കിയപ്പോൾ അവർ ശരിക്കും അത്ഭുതപ്പെട്ടു. ഒരു വർഷത്തിനുള്ളിൽ അവൻ മോഷ്ടിച്ചത് ഏകദേശം 17 കിലോ ചിപ്‌സാണ്.

സ്റ്റീവന്റെ മോഷണം ചിത്രീകരിച്ച ലിയാം ബ്രൗൺ പറയുന്നത്: 'അവൻ മുൻപും അവിടെ കയറി പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഈ സമയം അവൻ എന്റെ കാറിന്റെ ബോണറ്റിലേക്ക് ചാടികയറി. അങ്ങനെയാണ് ഞാൻ റെക്കോർഡിംഗ് ആരംഭിച്ചത്. അവൻ കടയിലേക്ക് ചെന്ന് ഒരു പായ്ക്ക് മിനി ചെഡ്ഡാറുമായി പുറത്തേയ്ക്ക് ഓടിപ്പോയി.'

ഇതൊരു നിത്യസംഭവമാണ് എന്ന് കടയിലെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ജീവനക്കാരൻ പറഞ്ഞു. അവൻ വരുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ ഞങ്ങൾ അവനെ ഓടിച്ച് വിടാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "സ്റ്റോക്ക് നഷ്‌ടപ്പെടാതിരിക്കാൻ ഞങ്ങൾ എപ്പോഴും ശ്രദ്ധിക്കും. എന്നിട്ടും ചിലപ്പോൾ ഞങ്ങളുടെ കണ്ണ് വെട്ടിച്ച് അവൻ മോഷ്ടിച്ച് കൊണ്ടുപോകും" അദ്ദേഹം പറഞ്ഞു.  അവൻ ചിപ്സിന്റെ ബാഗുമായി അവന്റെ ഇണയുടെ സമീപത്തേക്ക് ചെല്ലുന്നതും, അവർ ഇരുവരും അത് പങ്കിടുന്നതും കാണാറുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. 

എന്നാൽ, കടൽ കാക്കളെ പഠിക്കുന്ന ശാസ്ത്രജ്ഞർ പറയുന്നത്, അവ യഥാർത്ഥത്തിൽ മനുഷ്യരുടെ കൈകൾ കൊണ്ട് തൊട്ട ഭക്ഷണമാണ് ഇഷ്ടപ്പെടുന്നതെന്നാണ്. യൂണിവേഴ്‌സിറ്റി ഓഫ് എക്‌സെറ്റേഴ്‌സ് സെന്റർ ഫോർ ഇക്കോളജി ആൻഡ് കൺസർവേഷനിലെ മഡലീൻ ഗൗമാസും സംഘവുമാണ് ഗവേഷണം നടത്തിയത്. 

Follow Us:
Download App:
  • android
  • ios