നിധി കിട്ടുക എന്നതൊരു നല്ല കാര്യമാണ് അല്ലേ? എന്നാല്‍, നിധിയുണ്ടാവുമെന്ന് പ്രതീക്ഷിച്ച് ഒരാഴ്ചയോളം തെരച്ചിലോട് തെരച്ചിലാണെങ്കിലോ? വേറെവിടെയുമല്ല, മധ്യപ്രദേശിലെ രാജഗഢിലെ മൂന്ന് ഗ്രാമങ്ങളിലുള്ള ജനങ്ങളാണ് നിധി തേടി ഒരാഴ്ച നടന്നത്. അതും വെറും നിധിയല്ല, ഇല്ലാത്ത നിധി!

മുഗൾ കാലഘട്ടത്തിലെ പുരാതന നാണയങ്ങളും നിധികളും കണ്ടെത്താൻ കഴിയുമെന്ന അഭ്യൂഹത്തിന്റെ അടിസ്ഥാനത്തിൽ നൂറുകണക്കിന് ഗ്രാമവാസികളാണ് പ്രദേശത്തെ നദീതീരത്ത് കുഴിച്ചത്. ജനുവരി രണ്ടിന് പ്രദേശത്ത് വെള്ളിനാണയങ്ങൾ കണ്ടെത്തിയതായി ചില മത്സ്യത്തൊഴിലാളികൾ അവകാശപ്പെട്ടതിനെത്തുടർന്ന് നിധിയുണ്ടെന്ന സംസാരം പരക്കാന്‍ ആരംഭിച്ചു. ഇത് ചുറ്റുമുള്ള പ്രദേശങ്ങളിൽ നിന്നുള്ള ഗ്രാമീണരെ തങ്ങൾക്കും സ്വർണം നേടാന്‍ കഴിയുമെന്ന് വിശ്വസിക്കാൻ പ്രേരിപ്പിച്ചു.

“വിലയേറിയ നിധി കണ്ടെത്താമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞങ്ങൾ നദി കുഴിക്കുകയാണ്” റാണു യാദവ് എന്ന 18 -കാരനായ ഗ്രാമീണന്‍ ഒരു മാധ്യമപ്രവർത്തകനോട് പറഞ്ഞു. യാദവിനെപ്പോലെയുള്ള നിരവധി പേരാണ് പുഴയിലും കാട്ടിലും എന്തിന് തങ്ങളുടെ വീട്ടുമുറ്റത്തുപോലും നിധിയുണ്ട് എന്ന് വിശ്വസിക്കുന്നത്. അതിന് കാരണം മറ്റൊന്നുമല്ല മധ്യപ്രദേശിന്‍റെ സമ്പന്നപൂര്‍ണമായ കഴിഞ്ഞകാലം തന്നെയാണ്. 

പശ്ചിമേന്ത്യൻ സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവപോലെ തന്നെ ചരിത്രപരമായി മധ്യപ്രദേശും ഒരു പ്രധാന വ്യാപാര മാർഗമാണ്. മാൽവ സുൽത്താനത്ത്, മുഗളര്‍, മറാത്തക്കാർ എന്നിവരാണ് മധ്യപ്രദേശ് ഭരിച്ചിരുന്നത്. വിദേശാക്രമണത്തിന് സാധ്യതയുള്ള ഒരു സമ്പന്ന പ്രദേശമായിരുന്നു മധ്യപ്രദേശ്.” ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ റീജിയണൽ ഡയറക്ടർ പ്രവീൺ കുമാർ മിശ്ര വൈസ് വേൾഡ് ന്യൂസിനോട് പറഞ്ഞു. ആക്രമണങ്ങളോടുള്ള ഭയം പല ഭരണാധികാരികളെയും അവരുടെ വിലപിടിപ്പുള്ള വസ്തുക്കൾ കോട്ടകൾക്കും വനങ്ങൾക്കും കീഴിൽ മറച്ചുവെക്കാൻ പ്രേരിപ്പിച്ചുവെന്ന് മിശ്ര പറഞ്ഞു. എന്നിരുന്നാലും, അത്തരം നിധി നിലവിലുണ്ടെന്നതിന് തെളിവില്ലെന്ന് മിശ്ര ഉൾപ്പെടെയുള്ള അധികൃതർ വാദിക്കുന്നു.

“ആരെങ്കിലും ചില നാണയങ്ങൾ കണ്ടെത്തിയാൽ തന്നെ ഉടനടി കൊള്ളയടിക്കാൻ കഴിയുന്ന ഒരു വലിയ നിധിയവിടെ ഉണ്ടാകുമെന്ന ധാരണയുണ്ട്. എന്നാൽ, ഈ അഭ്യൂഹങ്ങളിൽ പലതും വാസ്തവമല്ല” അദ്ദേഹം പറഞ്ഞു. കഴിഞ്ഞയാഴ്ച മത്സ്യത്തൊഴിലാളികൾ കണ്ടെത്തിയ നാണയങ്ങൾ തന്നെ വെങ്കലവും ഇരുമ്പും ഉപയോഗിച്ചുള്ളതാണെന്നും അതിനാൽ യാതൊരു വിലയുമില്ലെന്നും ജില്ലാ കളക്ടർ നീരജ് കുമാർ സിംഗ് പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാല്‍, ലോക്കല്‍ പൊലീസിന്‍റെ മുന്നറിയിപ്പുകളൊന്നും തന്നെ നാട്ടുകാരെ പിന്തിരിപ്പിച്ചില്ല. അവര്‍ നിധി തേടി നടപ്പ് തുടരുക തന്നെ ചെയ്തു. പൊലീസിനാവട്ടെ ഈ കിംവദന്തി എവിടെ നിന്നാണ് ഉണ്ടായത് എന്ന് കണ്ടെത്താനുമായിട്ടില്ല. മുഗൾ സൈന്യം ഈ നദി മുറിച്ചുകടന്ന് നിധി കുഴിച്ചിട്ടിരിക്കുകയാണെന്ന് വിശ്വസിപ്പിക്കുന്ന നാടോടിക്കഥകളാണ് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുന്നത്.

ഇന്ത്യയിൽ, പുരാതന നിധിക്കുവേണ്ടിയുള്ള വേട്ടയാടല്‍ ഒരു സാധാരണ കാര്യമാണ്, പലരും ഒറ്റരാത്രികൊണ്ട് കോടീശ്വരന്മാരാകാമെന്ന ആഗ്രഹത്തെ തുടര്‍ന്നാണ് ഈ നിധിവേട്ടക്കിറങ്ങുന്നത്. അങ്ങനെയൊരു പുരാതന ദേവാലയം നശിപ്പിച്ചതിന് ജനുവരി 11 -ന് ദക്ഷിണേന്ത്യൻ സംസ്ഥാനമായ ആന്ധ്രയിൽ എട്ട് നിധിവേട്ടക്കാരെ അറസ്റ്റ് ചെയ്തിരുന്നു. നിധിതേടുന്നതിന്‍റെ പേരും പറഞ്ഞ് മധ്യപ്രദേശില്‍ കഴിഞ്ഞയാഴ്ച 250 വര്‍ഷം പഴക്കമുള്ള ഒരു കോട്ട തകര്‍ത്തതിനും നിധിവേട്ടക്കാരെ അറസ്റ്റ് ചെയ്തിരുന്നു.

വജ്രഖനികളുടെയും കൊള്ളക്കാരുടെയും ആവാസ കേന്ദ്രമായ മധ്യപ്രദേശിലുടനീളം പുരാതന നിധി കണ്ടെത്തുന്നത് വളരെ സാധാരണമായ കാര്യമാണ്. 2020 ഡിസംബറിൽ പന്ന ജില്ലയിലെ ഒരു തൊഴിലാളി ഏകദേശം അറുപത് ലക്ഷത്തോളം വിലമതിക്കുന്ന ഒരു വജ്രം കണ്ടെത്തിയിരുന്നു. വാസ്തവത്തിൽ, നിധി കണ്ടെത്തുന്നത് സംസ്ഥാനത്ത് വളരെ സാധാരണമാണ്, ഇത് അപകടകരമായ പല പ്രശ്നങ്ങള്‍ക്കും കാരണമായിട്ടുണ്ട്. അടുത്തിടെ, സംസ്ഥാനത്തെ ഒരു സീരിയൽ കില്ലർ ആറുപേരെ കൊലപ്പെടുത്തിയിരുന്നു. മറഞ്ഞിരിക്കുന്ന നിധി കിട്ടാന്‍ സാധിക്കുമെന്ന മിഥ്യാധാരണയിലായിരുന്നു കൊലപാതകം. ഇങ്ങനെ പല അപകടങ്ങളും ഈ നിധിവേട്ട കാരണം ഉണ്ടാവുന്നുണ്ട്.

പതിനാറാം നൂറ്റാണ്ടിനും പതിനെട്ടാം നൂറ്റാണ്ടിനുമിടയിൽ മധ്യപ്രദേശ് മുഗൾ രാജവംശമാണ് ഭരിച്ചത്. പ്രധാന സാംസ്കാരിക തലസ്ഥാനങ്ങളിലൊന്നായി ഇത് ഉയർന്നുവന്നു. 2003 -ൽ, ബുർഹാൻപൂർ ജില്ലയിലെ ഒരു സ്ത്രീ മുഗൾ കാലഘട്ടത്തിലെ ദശലക്ഷക്കണക്കിന് രൂപയുടെ സ്വർണനാണയങ്ങൾ കണ്ടെത്തിയിരുന്നു. 2016 -ൽ മുഗൾ കാലഘട്ടത്തിലെ വെള്ളിയും സ്വർണ്ണനാണയങ്ങളും ഒരു നിർമാണ സ്ഥലത്ത് നിന്നും കണ്ടെത്തിയിരുന്നു. ഇതെല്ലാമാവാം നിധിയുണ്ടാകുമെന്ന അഭ്യൂഹത്തെ തുടര്‍ന്ന് തിരഞ്ഞിറങ്ങാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നത്. 

(ചിത്രങ്ങൾ പ്രതീകാത്മകം)