ഇതിനേക്കാളൊക്കെ ലോറനെ അത്ഭുതപ്പെടുത്തിയത് മറ്റൊരു കാര്യമാണ്. ലോറൻ ജോലി ചെയ്തിരുന്ന ക്രൂയിസ് കപ്പലിൽ ഡെക്ക് 13 ഇല്ല. അതിന് കാരണം പ്രത്യേകിച്ച് പറയേണ്ടല്ലോ? 13 എന്ന അക്കം മോശമാണ് എന്ന അന്ധവിശ്വാസം തന്നെയാണ് അതിന് പിന്നിലെ കാരണം.

പല ക്രൂയിസ് കപ്പലുകളും പലതരത്തിലുള്ള സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുന്നതായി നമുക്ക് അറിയാം. ജിമ്മും നൃത്തസം​ഗീതശാലകളും... എന്തിന് സിനിമ വരെ. എന്നാൽ, അതിനകത്ത് നമുക്ക് അറിയാത്ത എന്തെങ്കിലും രഹസ്യങ്ങളുണ്ടോ? ഉണ്ട് എന്നാണ് അത്തരം ഒരു കപ്പലിലെ മുൻജീവനക്കാരി വെളിപ്പെടുത്തിയിരിക്കുന്നത്. 

കാർണിവൽ ക്രൂയിസ് കപ്പലുകളിൽ ജോലി ചെയ്തിരുന്ന ലോറൻ ആണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. അതിഥികൾ കപ്പലിലെ ഇത്തരം വിനോദത്തിനുള്ള കാര്യങ്ങളും മറ്റുമേ കാണൂ, എന്നാൽ, അറിയാത്ത വിചിത്രമായ പല രഹസ്യങ്ങളും ഇത്തരം കപ്പലുകളിലുണ്ട് എന്നാണ് ലോറൻ ടിക്ടോക്കിൽ പറയുന്നത്. 

'ഒരു അതിഥി എന്ന നിലയിൽ നിങ്ങൾ അറിയാനാവാത്ത പല രഹസ്യങ്ങളും ക്രൂയിസ് കപ്പലുകളിലുണ്ട്' എന്നു പറഞ്ഞു കൊണ്ടാണ് ലോറൻ തന്റെ വീഡിയോ ആരംഭിക്കുന്നത് തന്നെ. 'ഇത് ഭയാനകം എന്ന് തോന്നാം. എന്നാൽ, ക്രൂയിസ് കപ്പലുകളിൽ ഒരു ജയിലും ഒരു മോർച്ചറിയും ഉണ്ട്. ഞങ്ങൾ ക്രൂയിസ് കപ്പലിൽ ജോലി ചെയ്തിരുന്നപ്പോൾ മോർച്ചറിയിൽ നിന്നും ഒരു ശവം പുറത്തേക്ക് കൊണ്ടുപോകുന്നത് കണ്ടിരുന്നു. തീർച്ചയായും അത് പൊതിഞ്ഞിരുന്നു. എന്നാൽ, പൊതിഞ്ഞിരുന്നത് അതിലും വിചിത്രമായിട്ടായിരുന്നു' എന്ന് ലോറൻ പറയുന്നു. 

അതുപോലെ കടലിലൂടെ സഞ്ചരിക്കുമ്പോൾ പെട്ടെന്ന് കപ്പലിലെ ആരെങ്കിലും എന്തെങ്കിലും കുറ്റകൃത്യം ചെയ്താലോ, മറ്റുള്ളവരെ ഉപദ്രവിച്ചാലോ, മറ്റുള്ളവർക്ക് ഉപദ്രവമായിത്തീരും എന്ന് തോന്നിയാലോ അടച്ചിടുന്നതിനായി ഒരു ജയിൽ മുറിയും ക്രൂയിസ് കപ്പലുകളിൽ കാണും എന്നാണ് ലോറൻ പറയുന്നത്. 

ഇതിനേക്കാളൊക്കെ ലോറനെ അത്ഭുതപ്പെടുത്തിയത് മറ്റൊരു കാര്യമാണ്. ലോറൻ ജോലി ചെയ്തിരുന്ന ക്രൂയിസ് കപ്പലിൽ ഡെക്ക് 13 ഇല്ല. അതിന് കാരണം പ്രത്യേകിച്ച് പറയേണ്ടല്ലോ? 13 എന്ന അക്കം മോശമാണ് എന്ന അന്ധവിശ്വാസം തന്നെയാണ് അതിന് പിന്നിലെ കാരണം. അതുകൊണ്ട് ഡെക്ക് 12 കഴിഞ്ഞാൽ നേരെ ഡെക്ക് 14 ആണത്രെ. അതുപോലെ ഇത്തരം അന്ധവിശ്വാസം കാരണം ചില കപ്പലുകൾ ഒഴിവാക്കുന്നത് ഡെക്ക് 17 -നെയാണ്. 

ഏതായാലും ക്രൂയിസ് കപ്പലുകൾ എല്ലാവർക്കും വലിയ താൽപര്യമുള്ള വിഷയം തന്നെ ആണല്ലോ. അതുകൊണ്ട് തന്നെ ലോറൻ ടിക്ടോക്കിൽ നടത്തിയ വെളിപ്പെടുത്തലുകളെ ആളുകൾ വളരെ താൽപര്യത്തോടെയാണ് നോക്കിക്കണ്ടത്. പലരും ഈ വെളിപ്പെടുത്തലുകൾ കേട്ട് അന്തം വിട്ടു. 

(ചിത്രങ്ങൾ പ്രതീകാത്മകം)