കഴിഞ്ഞാഴ്ച ഗുജറാത്തിലെ വഡോദരയിൽ നിന്നും 30 കിലോമീറ്റർ ദൂരെയുള്ള ദാഭോയി എന്ന പട്ടണത്തിലെ ഒരു ഹോട്ടലിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനിറങ്ങിയ ഏഴുപേർ വിഷവാതകം ശ്വസിച്ച് മരണപ്പെട്ടു. നാലുപേർ വൃത്തിയാക്കാൻ വന്ന സംഘത്തിലുള്ളവരും, മൂന്നുപേർ അവരെ സഹായിക്കാൻ നിയോഗിക്കപ്പെട്ട ഹോട്ടൽ തൊഴിലാളികളുമായിരുന്നു.  വൃത്തിയാക്കാൻ ഇറങ്ങിയ ആദ്യത്തെ ആൾ തിരിച്ചു വന്നില്ല. അയാൾ അന്വേഷിച്ചിറങ്ങിയ ആളും. പിന്നെ അയാളെ അന്വേഷിച്ചിറങ്ങിയ ആളും... അങ്ങനെ ഏഴുപേർ. 

ഏഴു കുടുംബങ്ങൾക്കാണ് അത്താണിയില്ലാതായിരിക്കുന്നത്.  ഇങ്ങനെ മരിക്കുന്നവരിൽ 90  ശതമാനത്തിലധികം ദളിത്, ദരിദ്ര മുസ്‌ലിം സമുദായങ്ങളിലെ അംഗങ്ങളാണ്.  യാതൊരുവിധത്തിലുള്ള സംരക്ഷണോപാധികളും ഇല്ലാതെയാണ് അവർ ജീവൻ കയ്യിലെടുത്തുപിടിച്ചുകൊണ്ട് ഈ ടാങ്കുകളിലെ മലം കുത്തിയിളക്കാനായി ഇറങ്ങിപ്പുറപ്പെടുന്നത്. ഉള്ളിൽ ചെന്നാൽ ശ്വാസം മുട്ടിമരിക്കില്ല എന്നുറപ്പിക്കാനായി അവർ ആകെ ചെയ്യുന്നത്  കയറിൽ കെട്ടി ഇറക്കുന്ന ഒരു മെഴുകുതിരി കെടാതെ തിരിച്ചു വരുന്നുണ്ടോ എന്നാണ്.  ഈ പരിശോധന പലപ്പോഴും പൂർണ്ണമായും ഫലപ്രദമാവാറില്ല എന്നതാണ് വാസ്തവം. 

ഇങ്ങനെ സെപ്റ്റിക് ടാങ്കുകളിൽ ഇറങ്ങുന്നവർക്ക് നേരിട്ട് ഇടപെടേണ്ടി വരുന്നത് ദുർഗന്ധം വമിക്കുന്ന മനുഷ്യമലത്തിനോടാണ്. ദേഹത്തും, കൈകാലുകളിലും മുഖത്തും കണ്ണിനുള്ളിൽ വരെ ഈ മാലിന്യം പറ്റാതെ ഇവർക്ക് തിരിച്ചു കേറാനാവില്ല. ജോലിയുടെ കാഠിന്യത്തെ അതിജീവിക്കാൻ പലപ്പോഴും ഈ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവര്‍ മദ്യത്തെയാണ് ആശ്രയിക്കാറുള്ളത്.  ഇത് ഏറെ അപകടകരമായ, വൃത്തിഹീനമായ, ആളുകൾ അവജ്ഞയോടെ കാണുന്ന, എല്ലാറ്റിലും ഉപരിയായി ഇന്ത്യൻ പാർലമെന്റ് ഏതാനും വർഷങ്ങൾക്കുമുമ്പ്  നിയമം മൂലം നിരോധിച്ചിട്ടുള്ള ഒരു തൊഴിലാണ്. എന്നിട്ടും, ഇതിനെ ഫലപ്രദമായ രീതിയിൽ സമീപിക്കാനോ, ഇതിന് കൃത്യമായ ഒരു ബദൽ മാർഗം കണ്ടെത്താനോ, ഈ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരെ പുനരധിവസിപ്പിക്കാനോ ഒന്നും കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ഇനിയുമായിട്ടില്ല. 

'സ്വച്ഛ് ഭാരത് അഭിയാൻ' എന്ന പേരിൽ എല്ലാ വർഷവും അനുവദിക്കപ്പെടുന്നത് 18,000  കോടി രൂപയുടെ ഫണ്ടാണ്. അതിൽ വെറും 47  കോടി രൂപ മാത്രമാണ് 2014-2015  സാമ്പത്തികവർഷം സീവേജ് വൃത്തിയാക്കൽ തൊഴിലാളികളെ പുനരധിവസിപ്പിക്കാൻ വേണ്ടി ചെലവിട്ടത്.  അടുത്ത വർഷം 10 കോടി രൂപ, അതിനടുത്ത വർഷം  5  കോടി എന്നിങ്ങനെയായിരുന്നു ചെലവ്.  ഈ  മൂന്നു വർഷങ്ങളിലായി സ്വച്ച് ഭാരത് അഭിയാന്റെ പരസ്യങ്ങൾക്കായി കേന്ദ്ര സർക്കാർ 530  കോടി ചെലവിട്ടിരുന്നു എന്ന കണക്ക് ഒരു വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയുടെ രൂപത്തിൽ പുറത്തുവന്നിരിക്കുമ്പോഴാണ് ഇതെന്നോർക്കണം. 

ഇത് നൽകുന്ന സന്ദേശം വ്യക്തമാണ്, ഇന്ത്യയിൽ ഒരു സർക്കാരിനും ഈ ഓടകളിൽ തങ്ങളുടെ ജീവൻ പണയപ്പെടുത്തി ബ്ലോക്ക് നീക്കാൻ ഇറങ്ങുന്ന പാവപ്പെട്ട യുവാക്കളെ പുനരധിവസിപ്പിക്കാനും, ഈ അപകടകരമായ ജോലിക്ക് ഒരു ബദൽ സംവിധാനം കണ്ടെത്താനും താത്പര്യമില്ല. അതിന്റെ കാരണം ലളിതമാണ്. ബദൽ സംവിധാനങ്ങൾക്ക് ചെലവേറെയാണ്. മാത്രമല്ല, സാമാന്യം നല്ല രീതിയിൽ തല പുകയ്ക്കേണ്ടി വരും സർക്കാരുകൾക്ക്.  ഇപ്പോൾ ലഭ്യമായിട്ടുള്ള ഈ 'മാനുവൽ' സംവിധാനത്തിന് വർഷാവർഷം നടക്കുന്ന അപകടമരണങ്ങൾക്കുള്ള നഷ്ടപരിഹാരങ്ങൾ പരിഗണിച്ചാലും, അത്ര ചെലവുവരില്ല. 

2017-18 ൽ നാഷണൽ കമ്മീഷൻ ഫോർ സഫായി കർമ്മചാരീസ് (NCSK ) നടത്തിയ പഠനം പ്രകാരം  ഓരോ അഞ്ചുദിവസം കൂടുമ്പോഴും ഒരു സ്വീവേജ് ക്ലീനർ വീതം ശ്വാസം മുട്ടി മരിക്കുന്നു എന്നാണ് കണക്ക്. എന്നാൽ, ഈ കണക്ക് അത്ര ശരിയല്ല എന്നാണ് ആക്ഷേപം. കാരണം,  ഇതേ കാലയളവിൽ സഫായി കർമചാരി ആന്ദോളൻ (SKA) നടത്തിയ, കുറേക്കൂടി സത്യത്തോട് ചേർന്ന് നില്‍ക്കുന്ന, മറ്റൊരു പഠനം വെളിപ്പെടുത്തുന്നത് മരണ സംഖ്യ 180  ആണെന്നാണ്. അതായത് ഏകദേശം രണ്ടു ദിവസം കൂടുമ്പോൾ ഒരാൾ വീതം മരിക്കുന്നു.  ഇങ്ങനെ മരിച്ച 180  പേരുടെയും കൃത്യമായ വിവരങ്ങളും പത്രറിപ്പോർട്ടുകളും സഹിതമുള്ള പഠനമായതിനാൽ ഇതിനെ അവിശ്വസിക്കേണ്ട കാര്യമില്ല. ഈ മരണങ്ങളിൽ ഏറിയ കൂറും മെട്രോ നഗരങ്ങളിൽ നടന്ന അപകടങ്ങളിലുള്ളതുമാണ്. പല മരണങ്ങളും പാൻ ഇന്ത്യാ ലെവലിൽ റിപ്പോർട്ട് ചെയ്യപ്പെടാതെ പോവുന്നതിനാൽ യഥാർത്ഥത്തിലുള്ള കണക്കുകൾ ഇതിലും പരിതാപകരമാവാനാണ് സാധ്യത. മറ്റൊരു വേദനാജനകമായ സത്യമുണ്ട്. ഇങ്ങനെ നടന്ന  നഷ്ടപ്പെട്ട ശുചീകരണത്തൊഴിലാളികളുടെ ശരാശരി പ്രായം വെറും 32 വയസ്സാണ്. അതായത്, ജീവിച്ചുതുടങ്ങും മുമ്പേ ആ കുടുംബങ്ങളുടെ ഏക വരുമാനമാർഗം അസ്തമിച്ചുപോവുന്നു. 

2013 -ലാണ്  The Prohibition and Employment of Manual Scavengers and their Rehabilitation Act, എന്ന പേരിൽ കൃത്യമായ ഒരു നിയമനിർമാണം വഴിതന്നെ ഈ പ്രവൃത്തി നിരോധിക്കപ്പെടുന്നത്. പ്രസ്തുത നിയമം, മനുഷ്യമലത്തെ മനുഷ്യൻ നേരിട്ട് കൈകാര്യം ചെയ്യുന്ന സാഹചര്യം പാടേ നിരോധിച്ചിട്ടുള്ളതാണ്. എന്നാൽ, ഈ നിയമത്തിന്റെ ഏറ്റവും വലിയ പോരായ്മ, ഇത് ലംഘിക്കപ്പെട്ടുണ്ടാവുന്ന അപകടമരണങ്ങളിൽ സ്വീകരിക്കേണ്ടുന്ന  നിലപാടുകളെപ്പറ്റിയും, നിയമ നടപടികളെപ്പറ്റിയുമുള്ള അവ്യക്തതയാണ്. പല അപകടങ്ങളും 'വേണ്ട സുരക്ഷാ സംവിധാനങ്ങൾ' ഏർപ്പെടുത്താത്തതുകൊണ്ട് സംഭവിച്ചതാണ് എന്ന് പറയപ്പെടുമെങ്കിലും, ഈ വേണ്ട സുരക്ഷാ സംവിധാനങ്ങൾ എന്തൊക്കെ എന്നതിനെ സംബന്ധിച്ചും കൃത്യമായ മാനദണ്ഡങ്ങളില്ല. ഇപ്പോൾ നടക്കുന്നത്, അപകടമരണം സംഭവിച്ചു കഴിഞ്ഞാൽ ഇരയുടെ കുടുംബത്തിന്  നഷ്ടപരിഹാരം നൽകുക എന്നതു മാത്രമാണ്. ഒരു ജീവന് എങ്ങനെയാണ് പത്തുലക്ഷം എന്നൊരു വിലയിടാൻ നമുക്ക് സാധിക്കുന്നത്? 

ശുചീകരണ ജോലിക്കിടെ ഉണ്ടാവുന്ന അപകടങ്ങൾ  പലപ്പോഴും ഒന്നിലധികം പേരുടെ ജീവൻ അപഹരിക്കുന്നു എന്നതും ശ്രദ്ധേയമായ ഒരു പാറ്റേണാണ്. നരേന്ദ്രമോദി കുംഭമേളയ്‌ക്കിടെ ശുചീകരണത്തൊഴിലാളികളുടെ കാൽ കഴുകി അവരെ ആദരിക്കുകയുണ്ടായി. എന്നാൽ, മനുഷ്യൻ നേരിട്ട് സെപ്റ്റിക് ടാങ്കിൽ ഇറങ്ങിച്ചെന്നു വൃത്തിയാക്കേണ്ടി വരുന്ന ഒരു സാഹചര്യം ഒഴിവാക്കാൻ അദ്ദേഹം ഇനിയും ക്രിയാത്മകമായി ഇടപെടലുകൾ നടത്തേണ്ടിയിരിക്കുന്നു. ബാൻഡികൂട്ട്, സ്വീവർ ക്രോക് തുടങ്ങിയ ഇന്ത്യയിൽ തന്നെ വികസിപ്പിക്കപ്പെട്ട സ്വീവർ ക്ളീനിങ് റോബോട്ടുകളുടെ പ്രായോഗിക മാതൃകകൾ വികസിപ്പിക്കാൻ വേണ്ടി നമ്മുടെ സർക്കാർ ഗവേഷണസ്ഥാപനങ്ങൾക്ക് നിർദേശം നൽകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 

മറ്റുരാജ്യങ്ങളിൽ  സ്വീവേജ്‌ ശുചീകരണവും മറ്റും ഏറെക്കുറെ യന്ത്രവത്കൃതമായ പ്രക്രിയയായി മാറിയപ്പോൾ ഇന്ത്യയിൽ ഇന്നും അത് ജാതിബദ്ധമായ ഒരു തൊഴിലായി,  സമൂഹത്തിന്റെ ഏറ്റവും താഴെക്കിടയിലുള്ള ഒരു കൂട്ടം മനുഷ്യർ തങ്ങളുടെ ജീവൻ പണയപ്പെടുത്തിക്കൊണ്ട് നിറവേറ്റുന്ന ഒരു സേവനമായി നിലനിർത്തപ്പെടുന്നു. നിയമം മൂലം നിരോധിക്കപ്പെട്ടിട്ടും, അത് പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ മൗനാനുവാദത്തോടെ ഇന്നും പരസ്യമായ ഒരു രഹസ്യം പോലെ നടന്നുകൊണ്ടിരിക്കുന്നു. ഇന്ത്യയുടെ യുവത്വം ഇന്നും ഒഴുക്ക് നിലച്ച അഴുക്കുചാലുകളിലേക്കും, സെപ്റ്റിക് ടാങ്കുകളിലേക്കും ഇറങ്ങിച്ചെന്ന്, ശ്വാസം 
മുട്ടി പൊലിഞ്ഞു കൊണ്ടിരിക്കുന്നു..