Asianet News MalayalamAsianet News Malayalam

പ്രിയപ്പെട്ട സാന്ത, എനിക്ക് നല്ല ഒരച്ഛനെ സമ്മാനമായി തരുമോ? ഏഴ് വയസ്സുകാരന്‍റെ കണ്ണ് നനയിക്കുന്ന കത്ത്

അവസാനം ക്രിസ്‍മസിന് അവനെന്തൊക്കെയാണ് വേണ്ടതെന്നും അവനെഴുതിച്ചേര്‍ക്കുന്നുണ്ട്. കുറച്ച് ചാപ്‍റ്റര്‍ ബുക്ക്, ഒരു നിഘണ്ടു, ഒരു കോമ്പസ്, ഒരു വാച്ച്... പിന്നെ ഒരു വളരെ വളരെ വളരെ നല്ല അച്ഛനേയും വേണം എന്നാണ് അവനെഴുതിയിരിക്കുന്നത്. 

seven year old boy's letter to Santa
Author
Tarrant County, First Published Dec 21, 2019, 3:42 PM IST

ഒരു ഏഴ് വയസ്സുകാരന്‍ സാന്തയ്ക്കെഴുതിയ കത്ത് നിരവധി പേരുടെ കണ്ണ് നനയിച്ചു. ടാരന്‍റ് കൗണ്ടിയിലെ ഒരു അഭയകേന്ദ്രത്തില്‍ നിന്നാണ് കുട്ടി കത്തെഴുതിയിരിക്കുന്നത്. അവര്‍ തന്നെയാണ് അത് സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചിരിക്കുന്നതും. 

ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ദുരിതം സഹിക്കേണ്ടിവരുന്ന അമ്മയേയും കുഞ്ഞുങ്ങളേയും പാര്‍പ്പിക്കുന്ന SafeHaven of Tarrant County അഭയകേന്ദ്രത്തിലെ അന്തേവാസിയാണ് ഈ ഏഴുവയസ്സുകാരന്‍. ''ബ്ലേക്ക് നമ്മുടെയൊരു അഭയകേന്ദ്രത്തിലെ ഏഴുവയസ്സുകാരനാണ്. കുറച്ച് ആഴ്‍ചകള്‍ക്ക് മുമ്പ് അവന്‍റെ അമ്മയാണ് അവന്‍റെ ബാക്ക്പാക്കില്‍നിന്നും നാന്തയ്ക്ക് അവനെഴുതിയ ഈ കത്ത് കണ്ടെത്തിയതെന്ന് സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ച ചിത്രത്തിന്‍റെ അടിക്കുറിപ്പായി നല്‍കിയിട്ടുണ്ട്. 

സാന്തയെ അഭിസംബോധന ചെയ്‍തെഴുതിയ കത്തില്‍ അച്ഛന്‍ ഒരു ഭ്രാന്തനെപ്പോലെ ആയിരുന്നുവെന്ന് എഴുതിയിട്ടുണ്ട്. അവര്‍ക്കെപ്പോഴും അയാളെ പേടിയായിരുന്നു. അങ്ങനെ പേടിച്ചാണ് അവര്‍ കഴിഞ്ഞിരുന്നത്. ഒരുദിവസം അവന്‍റെ അമ്മയാണ് അവനെ അച്ഛനെ ഭയക്കേണ്ടതില്ലാത്ത ഈ സ്ഥലത്തേക്ക് കൊണ്ടുവന്നത്. ആ സുരക്ഷിതസ്ഥാനത്ത് അച്ഛനെ ഭയക്കാതെ കഴിയാമായിരുന്നു എന്നും അവനെഴുതിയിരിക്കുന്നു. അവനെ എപ്പോഴും ഭയപ്പെടുത്തിയിരുന്ന ആ കാലമെല്ലാം മറക്കാന്‍ ശ്രമിക്കുകയാണെന്നും ബ്ലേക്ക് എഴുതുന്നുണ്ട്. 

അവസാനം ക്രിസ്‍മസിന് അവനെന്തൊക്കെയാണ് വേണ്ടതെന്നും അവനെഴുതിച്ചേര്‍ക്കുന്നുണ്ട്. കുറച്ച് ചാപ്‍റ്റര്‍ ബുക്ക്, ഒരു നിഘണ്ടു, ഒരു കോമ്പസ്, ഒരു വാച്ച്... പിന്നെ ഒരു വളരെ വളരെ വളരെ നല്ല അച്ഛനേയും വേണം എന്നാണ് അവനെഴുതിയിരിക്കുന്നത്. 

കത്ത് പോസ്റ്റ് ചെയ്‍തതോടെ വികാരഭരിതമായ നിരവധി പ്രതികരണങ്ങളാണ് ലഭിച്ചു തുടങ്ങിയത്. പലരും ബ്ലേക്ക് ആവശ്യപ്പെട്ടിരുന്ന സമ്മാനങ്ങള്‍ എത്തിക്കാമെന്ന് കമന്‍റ് ചെയ്‍തു. ചിലരാകട്ടെ ആ അഭയകേന്ദ്രത്തില്‍ കഴിയുന്ന മറ്റ് കുട്ടികള്‍ക്ക് കൂടിയുള്ള സമ്മാനങ്ങളെത്തിക്കാമെന്നും കമന്‍റ് ചെയ്‍തിരുന്നു. 

'എനിക്ക് ബ്ലേക്കിനെ സഹായിക്കണം. അവിടെ നിങ്ങളുടെ അഭയകേന്ദ്രത്തില്‍ നിലവില്‍ എത്ര കുട്ടികളുണ്ട്? ഇപ്പോള്‍ എനിക്ക് അവിടെയുള്ള എല്ലാ കുട്ടികളെയും സഹായിക്കണമെന്നുണ്ട്.' എന്നാണ് ഒരാള്‍ എഴുതിയത്. 'ഞാനൊരു സംഭാവന അയച്ചിട്ടുണ്ട്. ബ്ലേക്കിനും അവന്‍റെ അമ്മയ്ക്കും നല്ലൊരു ക്രിസ്‍മസ് ആയിരിക്കട്ടെ' എന്നാണ് വേറൊരാള്‍ കമന്‍റ് ചെയ്‍തിരിക്കുന്നത്. 

തങ്ങളെ പിന്തുണക്കുന്നവര്‍ നേരത്തെ ഈ കത്തിനെ കുറിച്ച് അറിഞ്ഞിരുന്നുവെന്നും ഇതേ തരത്തിലുള്ള പ്രതികരണം തന്നെയാണ് ഉണ്ടായതെന്നും പലരും സഹായിക്കാന്‍ മുന്നോട്ട് വരുന്നുവെന്നും അഭയകേന്ദ്രത്തിന്‍റെ നടത്തിപ്പുകാര്‍ പറയുന്നു. ഏതായാലും അച്ഛന്‍റെ ഉപദ്രവം സഹിക്കേണ്ടി വരുന്ന കുഞ്ഞുങ്ങളുടേയും ഭര്‍ത്താക്കന്മാരുടെ ഉപദ്രവം സഹിക്കേണ്ടിവരുന്ന ഭാര്യമാരും അനുഭവിക്കുന്ന പ്രശ്‍നങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ് കുഞ്ഞു ബ്ലേക്കിന്‍റെ കത്ത്. 

Follow Us:
Download App:
  • android
  • ios