എന്തെങ്കിലും പ്രത്യേക കാരണത്താൽ സ്കൂളിൽ ഡ്രസ് കോഡ് ഉണ്ടാക്കുന്നതിൽ തെറ്റ് പറയാൻ പറ്റില്ല. എന്നാൽ, ആൺകുട്ടികളുടെ ശ്രദ്ധ തെറ്റും എന്ന കാരണം പറഞ്ഞ് പെൺകുട്ടികളെ വസ്ത്രത്തിന്റെ പേരിൽ കുറ്റപ്പെടുത്തുന്നത് വിവേചനമാണ് എന്നാണ് റെഡ്ഡിറ്റിൽ കുറിപ്പ് പങ്കുവെച്ച സ്ത്രീ പറയുന്നത്.

ചെറിയ പാവാടയും ടാങ്ക് ടോപ്പും ധരിച്ച് സ്കൂളിൽ പോയ വിദ്യാർത്ഥിനിയെ അപമാനിച്ച് ടീച്ചർ. പിന്നാലെ സ്കൂളിൽ പെൺകുട്ടിയും സുഹൃത്തുക്കളും പ്രതിഷേധം സംഘടിപ്പിച്ചു. പെൺകുട്ടിയുടെ അമ്മ റെഡ്ഡിറ്റിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

"സ്‌കൂളിലെ പെൺകുട്ടികളുടെ വസ്ത്രധാരണരീതി കർശനമാക്കുന്നതിനെതിരെ അവർ പ്രതിഷേധം സംഘടിപ്പിച്ചു. അത്തരം വസ്ത്രങ്ങൾ ആൺകുട്ടികളുടെ ശ്രദ്ധ തിരിക്കുന്നതാണ് എന്ന് അധികൃതർ പറഞ്ഞതിൽ അവർ അസ്വസ്ഥരാണ്. ആൺകുട്ടികൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെങ്കിൽ സ്കൂൾ അവരെ ശ്രദ്ധിക്കണം എല്ലാതെ പെൺകുട്ടികളെ കുറ്റപ്പെടുത്തുകയല്ല വേണ്ടത്" എന്ന് സ്ത്രീ റെഡ്ഡിറ്റിൽ എഴുതി. 

പ്രതിഷേധിച്ചതിന് പെൺകുട്ടികളെ സ്കൂൾ ശിക്ഷിക്കുകയും ചെയ്തു. അവരെ ഡിറ്റെൻഷനിൽ വയ്ക്കുകയാണ് സ്കൂൾ ചെയ്തത്. എന്തെങ്കിലും പ്രത്യേക കാരണത്താൽ സ്കൂളിൽ ഡ്രസ് കോഡ് ഉണ്ടാക്കുന്നതിൽ തെറ്റ് പറയാൻ പറ്റില്ല. എന്നാൽ, ആൺകുട്ടികളുടെ ശ്രദ്ധ തെറ്റും എന്ന കാരണം പറഞ്ഞ് പെൺകുട്ടികളെ വസ്ത്രത്തിന്റെ പേരിൽ കുറ്റപ്പെടുത്തുന്നത് വിവേചനമാണ് എന്നാണ് റെഡ്ഡിറ്റിൽ കുറിപ്പ് പങ്കുവെച്ച സ്ത്രീ പറയുന്നത്. പെൺകുട്ടികൾക്ക് അവരുടെ ശരീരത്തെ ചൊല്ലി പ്രശ്നങ്ങളുണ്ടാകാൻ ഇത് കാരണമാകും. ഏതായാലും തന്റെ മകളടക്കം പെൺകുട്ടികൾ അധ്യാപകരുടെ നിലപാടിൽ പ്രതിഷേധിച്ചത് പ്രതീക്ഷ തരുന്നു എന്നും അവർ എഴുതുന്നു. 

സ്ത്രീയുടെ പോസ്റ്റിന് നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്. മിക്കവരും പെൺകുട്ടികൾ പ്രതിഷേധിക്കാൻ തീരുമാനിച്ചതിനെ അഭിനന്ദിച്ചു. സെവൻത് ​ഗ്രേഡിൽ പഠിക്കുന്ന പെൺകുട്ടികളാണ് അധ്യാപകരുടെ വിവേചനത്തിനും പരാമർശനത്തിനും എതിരെ പ്രതിഷേധിച്ചത്. ഇത്ര ചെറിയ ക്ലാസിൽ വച്ച് തന്നെ ഇതിനെതിരെ പ്രതിഷേധിക്കാൻ കുട്ടികൾ മനസ് കാണിച്ചത് അഭിനന്ദനം അർഹിക്കുന്നു എന്നാണ് ചിലർ എഴുതിയത്. മറ്റ് ചിലർ സ്കൂളിന്റെ ഇത്തരം ചിന്താ​ഗതികളും നിയമങ്ങളും മാറ്റേണ്ട സമയം അതിക്രമിച്ചു എന്നും എഴുതി.