Asianet News MalayalamAsianet News Malayalam

പരീക്ഷണത്തിന്‍റെ പേരില്‍ മൃഗങ്ങളോട് കൊടുംക്രൂരത, സ്വകാര്യലാബില്‍ നടത്തിയ രഹസ്യാന്വേഷണത്തിന്‍റെ വീഡിയോ വ്യക്തമാക്കുന്നതെന്ത്?

അവയുടെ കണ്ണുകളിലെ ദൈന്യത ആരെയും തകര്‍ക്കാന്‍ പോരുന്നതാണ്. പരീക്ഷണങ്ങള്‍ക്കായി കൊണ്ടുപോകുമ്പോള്‍ ഈ കുരങ്ങുകള്‍ അലറിക്കരയുകയും കുതറുകയും ചെയ്യുന്നതും വീഡിയോയില്‍ വ്യക്തമാണ്. 

shocking visuals from an animal testing laboratory in Germany
Author
Germany, First Published Oct 24, 2019, 10:52 AM IST

ഏതൊരു മനുഷ്യന്‍റെയും മനസ് മരവിച്ചുപോകുന്ന കണ്ണില്ലാത്ത ക്രൂരതയുടെ ദൃശ്യങ്ങളാണ് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ക്രുവല്‍റ്റി ഫ്രീ ഇന്‍റര്‍നാഷണല്‍ പുറത്തുവിട്ടത്. ജര്‍മ്മനിയിലെ ഒരു സ്വകാര്യലാബില്‍ പരിശോധനയുടെയും പരീക്ഷണങ്ങളുടെയും പേരില്‍ കുരങ്ങുകളും പട്ടികളും പൂച്ചകളും കൊടുംക്രൂരതയ്ക്ക് വിധേയരാക്കപ്പെടുന്നതിന്‍റെ ദൃശ്യങ്ങളാണ് രഹസ്യാന്വേഷണത്തിലൂടെ ക്രുവല്‍റ്റി ഫ്രീ ഇന്‍റര്‍നാഷണല്‍ കണ്ടെത്തിയിരിക്കുന്നത്. കുരങ്ങുകളെയാണ് കൂടുതലും പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുന്നതെന്നാണ് വീഡിയോയില്‍ വ്യക്തമാകുന്നത്. മോശം ആരോഗ്യാവസ്ഥയിലുള്ള നായകളെ ഇവിടെ പാര്‍പ്പിച്ചിട്ടുമുണ്ട്. ജര്‍മ്മനിയിലെ ഹാംബര്‍ഗിന് സമീപത്തുള്ള ലബോറട്ടറി ഓഫ് ഫാര്‍മ്മക്കോളജി ആന്‍ഡ് ടോക്സിക്കോളജിയില്‍ രഹസ്യാന്വേഷണം നടത്തുകയായിരുന്നു ക്രുവല്‍റ്റി ഫ്രീ ഇന്‍റര്‍നാഷണല്‍. 

മരുന്നുകളുടെ പരീക്ഷണമാണ് ഇവിടെ ഈ മൃഗങ്ങള്‍ക്കുമേലെ നടത്തുന്നത്. യൂറോപ്പിലെയും മറ്റ് രാജ്യങ്ങളിലെയും വിവിധ കമ്പനികള്‍ ടോക്സിക്കോളജി ടെസ്റ്റുകള്‍ നടത്തുന്നത് ഈ ലാബിലാണ്. മരുന്നുകമ്പനികള്‍ മാത്രമല്ല, ഒപ്പം വിവിധ വ്യവസായ ശാലകള്‍, കീടനാശിനി നിര്‍മ്മാതാക്കള്‍, രാസവള നിര്‍മ്മാതാക്കള്‍ എന്നിവരെല്ലാം ഇവിടെ തങ്ങളുടെ ഉത്പന്നം പരീക്ഷിക്കാനെത്താറുണ്ട്. ഈ ഉത്പന്നങ്ങളിലെത്രമാത്രം വിഷാംശമുണ്ടെന്ന് കണ്ടെത്താനാണ് പരീക്ഷണം നടത്തുന്നത്. ചിലത് ഇവയില്‍ കുത്തിവെക്കും ചിലത് കഴിക്കാന്‍ കൊടുക്കും ചിലതാകട്ടെ കണ്ണിലൊഴിക്കുകയാണ് ചെയ്യുന്നത്. 

ചില കുരങ്ങുകളെ മെറ്റലുകൊണ്ടുണ്ടാക്കിയ കൂടുകളില്‍ ഒറ്റയ്ക്ക് അടച്ചിട്ടിരിക്കുന്നത് കാണാം. ഒരു ക്യൂബിക് മീറ്ററില്‍ താഴെയുള്ള കൂടുകളാണിത്. തലപോലും അനക്കാന്‍ വയ്യാത്തവിധത്തിലാണ് ഇവയെ അടച്ചിട്ടിരിക്കുന്നത്. അവയുടെ കണ്ണുകളിലെ ദൈന്യത ആരെയും തകര്‍ക്കാന്‍ പോരുന്നതാണ്. പരീക്ഷണങ്ങള്‍ക്കായി കൊണ്ടുപോകുമ്പോള്‍ ഈ കുരങ്ങുകള്‍ അലറിക്കരയുകയും കുതറുകയും ചെയ്യുന്നതും വീഡിയോയില്‍ വ്യക്തമാണ്. നീണ്ടകാലം ഇങ്ങനെതന്നെ ചില മൃഗങ്ങള്‍ക്ക് നില്‍ക്കേണ്ടി വന്നിട്ടുണ്ടാകാം എന്നാണ് കരുതുന്നത്. നായകള്‍ അവയുടെ തന്നെ മലത്തിലും രക്തത്തിലും പുരണ്ടരീതിയിലാണ് കിടക്കുന്നത്. പൂച്ചകളും ഇത്തരത്തിലുള്ള ക്രൂരതകളിലൂടെ കടന്നുപോകുന്നതിന്‍റെ തെളിവും അന്വേഷണത്തില്‍ കണ്ടെത്തി. ചില മൃഗങ്ങളാകട്ടെ പരീക്ഷണത്തെ തുടര്‍ന്ന് വളരെ പെട്ടെന്ന് തന്നെ കൊല്ലപ്പെടുന്നുമുണ്ട്.

മൃഗങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതുന്നവര്‍ക്കിടയില്‍ വന്‍പ്രതിഷേധത്തിനാണ് ഈ വീഡിയോ വഴിവെച്ചത്. മിനിമം അവകാശങ്ങള്‍ പോലും സംരക്ഷിക്കാത്ത തരത്തിലുള്ള ക്രൂരതകളാണ് മൃഗങ്ങള്‍ക്ക് നേരെ പരീക്ഷണശാല കാണിച്ചിരിക്കുന്നതെന്ന് അവര്‍ ആരോപിച്ചു. ഹ്യുമന്‍ സൊസൈറ്റി ഇന്‍റര്‍നാഷണല്‍ പ്രതിനിധി കാറ്റെ വില്ലെറ്റ് പറയുന്നത്, ഇത് തികച്ചും അപരിഷ്‍കൃതമായ രീതിയാണെന്നും അങ്ങേയറ്റം വേദനാജനകമായ അനുഭവത്തിലൂടെയാണ് ഈ മൃഗങ്ങള്‍ കടന്നുപോകുന്നതെന്നുമാണ്. 

''ലബോറട്ടറിയില്‍ മൃഗങ്ങളെ അക്രമാസക്തമായിട്ടാണ് പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുന്നത്. ധാര്‍മ്മികപരമായി നോക്കിയാല്‍ ഒരിക്കലും പിന്തുണക്കാനാകാത്തതും നിയമങ്ങള്‍ക്കെതിരുമാണ് ഈ പരീക്ഷണങ്ങള്‍. ഓരോ രാജ്യത്തിനും അവിടുത്തെ മൃഗങ്ങളുടെ പരിചരണവുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുണ്ടാകും. പക്ഷേ, ഇവിടെ പാര്‍പ്പിച്ചിരിക്കുന്ന നായകളുടെ അവസ്ഥ യുഎസ്സിലെയോ യുകെയിലെയോ നിയമങ്ങള്‍ അനുസരിക്കുന്ന തരത്തിലുള്ളതല്ല. ഇത് ശാസ്ത്രീയ ഫലങ്ങളുടെ ഗുണനിലവാരത്തിനും ഗുരുതരമായ മാറ്റങ്ങളുണ്ടാക്കുന്നുണ്ട്.'' -കാറ്റെ പറയുന്നു. 

ഈ മൃഗങ്ങളെ വെച്ച് നടത്തിയ പരീക്ഷണങ്ങളുടെ ഫലങ്ങളെല്ലാം തന്നെ ഉപയോഗശൂന്യമായിരിക്കും എന്നും അവരനുഭവിക്കുന്ന ദുരിതങ്ങള്‍ ആ പരീക്ഷണഫലങ്ങളെയും ബാധിക്കുമെന്നും കാറ്റെ ആരോപിക്കുന്നു. ''ഇത്തരം പരീക്ഷണങ്ങളെ ചരിത്രത്തിന്‍റെ ചവറ്റുകൊട്ടയിലേക്കിടാന്‍ എപ്പോഴോ സമയം അതിക്രമിച്ചിരിക്കുന്നു. ഇന്ന്, പുതിയ തരത്തിലുള്ള ഇങ്ങനെ മൃഗങ്ങളെ പീഡിപ്പിക്കാത്ത തരത്തിലുള്ള പരീക്ഷണങ്ങള്‍ സാധ്യമാണ്. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും മൃഗങ്ങളെ ഉപയോഗിച്ച് ഇത്തരം പരീക്ഷണം നടത്തുന്നത് ക്ഷമിക്കാനാകില്ല.'' എന്നും കാറ്റെ പറയുന്നു. 

2015 മുതല്‍ ഒമ്പത് തവണ ഇതേ ലാബില്‍ അധികൃതര്‍ പരിശോധന നടത്തിയതാണ്. അതില്‍ ഏഴെണ്ണവും യാതൊരു മുന്നറിയിപ്പുമില്ലാതെ അപ്രതീക്ഷിതമായി നടത്തിയ പരിശോധനയാണ്. അതിലൊരെണ്ണം നടന്നത് ഒക്ടോബര്‍ എട്ടിനാണ്. അന്ന്, മൃഗങ്ങളെ ഇത്തരം ക്രൂരമായ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുന്നതായി കണ്ടെത്തിയിരുന്നു. എന്നാല്‍, തുടര്‍ന്നും ലാബ് പ്രവര്‍ത്തിച്ചു. അന്ന്, 44 കുരങ്ങുകളെയാണ് വളരെ ചെറിയ കൂടുകളില്‍ പാര്‍പ്പിച്ചിരുന്നത്. മാത്രവുമല്ല, നീണ്ടകാലത്തെ അപകടകരമായ പരീക്ഷണങ്ങളിലൂടെയും ദുരിതങ്ങളിലൂടെയും അവ കടന്നുപോയതായും അന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. 

ക്രുവല്‍റ്റി ഫ്രീ ഇന്‍റര്‍നാഷണല്‍, എത്രയും പെട്ടെന്ന് ലാബ് അടച്ചുപൂട്ടുകയും ജര്‍മ്മന്‍ അധികാരികള്‍ ലാബ് നടത്തിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ജര്‍മ്മനിയിലെ തന്നെ ഏറ്റവും വലിയ പ്രൈവറ്റ് ലാബാണ് ഇത്. 175 പേര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ടെന്നും എല്ലാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും അവരുടെ വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

ഏതായാലും കണ്ണില്ലാത്ത ഈ ക്രൂരതകളുടെ ദൃശ്യം പുറത്തുവന്നതിനെ തുടര്‍ന്ന് ലോകത്താകമാനം മൃഗങ്ങളനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. കണ്ടിരിക്കാനാവാത്ത ഈ ക്രൂരത മനുഷ്യന്‍റെ ഏറ്റവും വലിയ മനസാക്ഷിയില്ലായ്മയിലേക്കും സ്വാര്‍ത്ഥതയിലേക്കും വിരല്‍ചൂണ്ടുന്നതാണ്. 

Follow Us:
Download App:
  • android
  • ios