രണ്ട് 5 രൂപയുടെയും ഒരു 10 രൂപയുടെയും നാണയങ്ങളാണ് കുട്ടി വിഴുങ്ങിയത്.

ദില്ലി സ്വദേശിയായ 12 വയസ്സുകാരൻ വിഴുങ്ങിയത് മൂന്ന് നാണയങ്ങൾ. ഡോക്ടർമാരുടെ കൃത്യമായ ഇടപെടലിൽ കുട്ടിയുടെ ജീവൻ രക്ഷപ്പെടുത്തി. രണ്ട് 5 രൂപയുടെയും ഒരു 10 രൂപയുടെയും നാണയങ്ങളാണ് കുട്ടി വിഴുങ്ങിയത്. നാണയങ്ങൾ വിഴുങ്ങിയതിന് പിന്നാലെ കുട്ടിക്ക് വെള്ളം കുടുക്കാനോ ഭക്ഷണം കഴിക്കാനോ സാധിക്കാതെ വരികയും ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയും ചെയ്തു. പിന്നാലെ മാതാപിതാക്കൾ കുട്ടിയെ ഡോ. ബാബാ സാഹിബ് അംബേദ്കർ ആശുപത്രിയിലെത്തിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് നാണയങ്ങൾ അന്നനാളത്തിനുള്ളിൽ കുടുങ്ങിയിരിക്കുന്നതായി കണ്ടെത്തിയത്.

ഹരിയാനയിലെ സോണിപത്ത് സ്വദേശിയാണ് അപകടത്തിൽപ്പെട്ട കുട്ടിയെന്ന് ഡോ. ബാബാ സാഹിബ് അംബേദ്കർ ആശുപത്രിയിലെ ഇഎൻടി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. പങ്കജ് കുമാർ പറഞ്ഞു. ബുധനാഴ്ച രാവിലെ കളിക്കുന്നതിനിടെയാണ് കുട്ടി നാണയങ്ങൾ വിഴുങ്ങിയത്. അസ്വസ്ഥത അനുഭവപ്പെട്ടപ്പോൾ, നാണയങ്ങൾ ഇറങ്ങിപ്പോകുമെന്ന് കരുതി വീട്ടുകാർ വാഴപ്പഴം കഴിക്കാന്‍ കൊടുത്തു. തുടർന്ന് മറ്റ് പല പരീക്ഷണങ്ങളും നടത്തി നോക്കി. പക്ഷേ പ്രശ്നം ഗുരുതരമായതല്ലാതെ പരിഹരിക്കപ്പെട്ടില്ല.

തുടർന്ന് കുട്ടിയുടെ അവസ്ഥ മോശമായതിനെ തുടർന്ന് രാത്രി 11 മണിയോടെയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എക്സ് റെയിൽ അന്നനാളത്തിൽ നാണയങ്ങൾ കുടുങ്ങിയതായി കണ്ടെത്തി. തുടർന്ന് ഡോക്ടർമാർ ഈസോഫാഗോസ്കോപ്പി എന്ന മെഡിക്കൽ നടപടിക്രമം ഉപയോഗിച്ച് മൂന്ന് നാണയങ്ങളും പുറത്തെടുക്കുക ആയിരുന്നു. എൻഡോസ്കോപ്പിക്ക് സമാനമാണ് ഈ മെഡിക്കൽ നടപടിക്രമം എന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. ഒരു നേർത്ത ട്യൂബ് വായിലൂടെ അന്നനാളത്തിലേക്ക് കടത്തിവിട്ടാണ് നാണയങ്ങൾ പുറത്തെടുത്തത്. ഡോ. അജയ് ഗുപ്ത, ഡോ. ദിവ്യാൻഷു, ഡോ. സരവണൻ എന്നിവരടങ്ങുന്ന മെഡിക്കൽ സംഘമാണ് ഇതിന് നേതൃത്വം നൽകിയത്. കുട്ടി ഇപ്പോൾ സുഖമായിരിക്കുന്നതായും സാധാരണ രീതിയിൽ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും തുടങ്ങിയതായും ആശുപത്രി അധികൃതർ അറിയിച്ചു.