ഫേസ്ബുക്കിലെ ലോട്ടറി പരസ്യം വിശ്വസിച്ച് പണം നിക്ഷേപിച്ച 71-കാരന് തന്റെ സമ്പാദ്യമായ 21,688 സിംഗപ്പൂർ ഡോളർ നഷ്ടമായി. സമ്മാനം ലഭിക്കുമെന്ന വാഗ്ദാനത്തിൽ വിശ്വസിച്ച് പലതവണയായി പണം കൈമാറിയ ഇദ്ദേഹം ഇപ്പോൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നു.
ഫേസ്ബുക്കിലെ ലോട്ടറി പരസ്യം വിശ്വസിച്ച 71 -കാരന് നഷ്ടമായത് വിരമിക്കൽ കാലത്തേക്കായി സമ്പാദിച്ച 21,688 സിംഗപ്പൂർ ഡോളർ (ഏതദേശം 16,11,000. ഇന്ത്യൻ രൂപ). ഏകദേശം 3 ലക്ഷം സിംഗപ്പൂർ ഡോളർ സമ്മാനം ലഭിക്കുമെന്ന വാഗ്ദാനത്തിൽ വിശ്വസിച്ച് പണം കൈമാറിയ യാങ് എന്നയാൾ ഇപ്പോൾ സാമ്പത്തികമായി തകർന്ന അവസ്ഥയിലാണെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
'വിജയ നമ്പറുകൾക്ക് പണം വേണം'
ഓഗസ്റ്റ് അവസാനത്തോടെയാണ് യാങ് ഫേസ്ബുക്കിൽ ലോട്ടറി നമ്പറുകൾ വഴി സമ്മാനം നേടാമെന്ന പരസ്യം കണ്ടത്. പരസ്യത്തിൽ നൽകിയ നമ്പറിൽ ആദ്യം ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സെപ്റ്റംബർ ആദ്യത്തോടെ അതേ നമ്പർറിൽ നിന്നും തിരിച്ച് വിളിച്ചു. സിംഗപ്പൂരിലെ ലോട്ടറി സ്ഥാപനമായ സിംഗപ്പൂർ പൂളിൽ ബന്ധങ്ങളുണ്ടെന്നും നറുക്കെടുപ്പിന് മുമ്പ് വിജയനമ്പറുകൾ നൽകാമെന്നും വിളിച്ചയാൾ അവകാശപ്പെട്ടു.
ഒന്നാം സമ്മാനത്തിനുള്ള നമ്പറുകൾക്ക് 1,988 ഡോളറും രണ്ടാം സമ്മാനത്തിന് 1,688 ഡോളറും മൂന്നാം സമ്മാനത്തിന് 1,388 ഡോളറും നൽകണമെന്നായിരുന്നു വിളിച്ചയാളുടെ ആവശ്യം. തുക താങ്ങാനാകില്ലെന്ന് പറഞ്ഞതോടെ അക്കൗണ്ട് രജിസ്ട്രേഷനായി 500 ഡോളറും അഞ്ച് സെറ്റ് നമ്പറുകൾക്കായി മറ്റൊരു 500 ഡോളറും കൈമാറാൻ ആവശ്യപ്പെട്ടു.
തുക കൈമാറിയത് പല തവണ
സെപ്റ്റംബർ അഞ്ചിന് ലഭിച്ച നമ്പറുകളൊന്നും വിജയിച്ചില്ല. എന്നാൽ അടുത്ത ദിവസം 3 ലക്ഷം ഡോളറിന്റെ ചെക്കിന്റെ ചിത്രം അയച്ച് ഒന്നാം സമ്മാനം നേടിയെന്ന് തട്ടിപ്പുകാർ യാങിനെ വിശ്വസിപ്പിച്ചു. സമ്മാനം ലഭിക്കാൻ തുടർന്നും പണം ആവശ്യപ്പെട്ടതോടെ യാങ് പല തവണയായി തുക കൈമാറി. പക്ഷേ പണം നൽകുന്നതല്ലാതെ തിരികെ കിട്ടുന്നില്ലെന്ന് വന്നതോടെ യങ് സെപ്റ്റംബർ 16 -ന് പൊലീസിൽ പരാതി നൽകി.
പരാതി നൽകിയ ശേഷവും തട്ടിപ്പുകാർ യങുമായി ബന്ധപ്പെടുകയും 3,500 ഡോളർ കൂടി ആവശ്യപ്പെട്ടു. ഈ പണവും യങ് തട്ടിപ്പുകാർക്ക് കൈമാറിയെന്നും റിപ്പോർട്ടിൽ പറയുന്നു. ആകെ 21,688 ഡോളർ ഇത്തരത്തിൽ നഷ്ടപ്പെട്ടതായി യാങ് പറയുന്നു. ഇതിനിടെ ശുചീകരണ ജോലിയിലെ കരാർ അവസാനിച്ചതിനാൽ ഇപ്പോൾ പ്രത്യേക വരുമാനമൊന്നും ഇല്ലെന്നും നൂഡിൽസും ബ്രെഡും കഴിച്ചാണ് ജീവിക്കുന്നതെന്നും യങ് പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു.


